coffee

കൊച്ചി: ആരോഗ്യത്തിന് അനുയോജ്യമായ പച്ചക്കാപ്പിയെന്ന പുത്തനാശയം സഫലമാക്കാന്‍ പത്ത് വിദ്യാര്‍ത്ഥികള്‍ രംഗത്ത്. കൂര്‍ഗ്, പാലക്കാട് എന്നിവിടങ്ങളില്‍ ആരും ശ്രദ്ധിക്കാതിരുന്ന പച്ചക്കാപ്പിക്കുരുവാണ് വിദ്യാര്‍ത്ഥികള്‍ പൊടിയാക്കി പായ്ക്കറ്റില്‍ വിപണിയിലെത്തിച്ചത്.

'ലോറസ് നേച്ചേഴ്സ് ഗ്രീന്‍ കോഫി' അവതരിപ്പിച്ചത് കളമശേരി ലോറസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ലോജിസ്റ്റിക്സില്‍ 2020 ബാച്ചിലെ 10 വിദ്യാര്‍ത്ഥികളാണ്. പഠനത്തിന്റെ ഭാഗമായി ഉപഭോക്തൃ ഉത്പന്നങ്ങള്‍ നിര്‍മ്മിക്കാന്‍ ലക്ഷ്യമിട്ട് പാലക്കാട്ട് എത്തിയപ്പോഴാണ് പച്ചക്കാപ്പിക്കുരുവിനെപ്പറ്റി അറിയുന്നത്. പൊടിപ്പിച്ച് കാപ്പിയുണ്ടാക്കി രുചിച്ചുനോക്കി. ആവശ്യക്കാരില്ലാതെ വെയിലില്‍ ഉണക്കി സൂക്ഷിക്കുന്നതാണ് പച്ചക്കാപ്പിക്കുരുവെന്ന് വിതരണക്കാരന്‍ പറഞ്ഞെങ്കിലും വിശദമായി പഠിക്കാന്‍ തീരുമാനിച്ചു. ഇന്‍സ്റ്റിറ്റ്യൂട്ട് ഡയറക്ടര്‍ ഡോ. അജയ് ശങ്കര്‍ പദ്ധതിക്ക് പിന്തുണ നല്‍കിയതോടെ ശ്രമം വേഗത്തിലായി.

കര്‍ണാടകത്തിലെ കൂര്‍ഗ്, പാലക്കാട് എന്നിവിടങ്ങളില്‍ നിന്ന് കാപ്പിക്കുരു എത്തിച്ചു. പല വലിപ്പങ്ങളില്‍ പൊടിച്ച് പരീക്ഷണങ്ങള്‍ തുടര്‍ന്നു. എത്രമാസം കേടില്ലാതെ ഇരിക്കുമെന്നറിയാന്‍ ഒന്നിലധികം ലബോറട്ടറികളില്‍ പരിശോധിച്ചു. ഒടുവില്‍ അറബിക്ക ഇനത്തില്‍പ്പെട്ട കാപ്പിക്കുരു തരികളോടെ പൊടിച്ച് 200 ഗ്രാം പായ്ക്ക് തയ്യാറാക്കി. 2020ല്‍ ആരംഭിച്ച പദ്ധതി ഗവേഷണങ്ങളിലൂടെ മെച്ചപ്പെടുത്താനുള്ള ശ്രമത്തിലാണ് തുടര്‍ന്നുള്ള ബാച്ചിലെ വിദ്യാര്‍ത്ഥികള്‍.

വിപണനം നേരിട്ട്


ഗുണങ്ങളേറെയാണെങ്കിലും ഗ്രീന്‍ കോഫിയുടെ സ്വാദ് രസകരമല്ലാത്തത് ആശങ്കയായി. പുതിന, ഏലയ്ക്ക, റോസ് തുടങ്ങിയ ഫ്ളേവറുകള്‍ ചേര്‍ക്കാന്‍ ശ്രമിച്ചെങ്കിലും കാലാവധി കുറയ്ക്കുമെന്നതിനാല്‍ ഉപേക്ഷിച്ചു. ഹെല്‍ത്ത് ക്ലബ്ബുകള്‍, ജിമ്മുകള്‍, മെഡിക്കല്‍ ഷോപ്പുകള്‍, സ്ഥാപനങ്ങള്‍ എന്നിവിടങ്ങള്‍ വഴിയാണ് വില്പന. ഓണ്‍ലൈനിലും ലഭിക്കും. 250 രൂപയാണ് വില.

ഗുണങ്ങള്‍ നിരവധി

ആന്റി ഓക്സിഡന്റുകളാല്‍ സമ്പന്നമായ ഗ്രീന്‍ കോഫി മെറ്റബോളിസം വര്‍ദ്ധിപ്പിക്കും. പ്രമേഹം, കൊളസ്ട്രോള്‍, രക്തസമ്മര്‍ദം, ശരീരഭാരം എന്നിവ കുറയ്ക്കാനും സഹായിക്കും.

coffee

വിദ്യാര്‍ത്ഥി സംഘം

അഭിജിത്ത് എം.വി
സുനോജ് ഇ.എസ്
അഖില്‍ വി.വി
അരവിന്ദ് സുരേഷ്
അഫ്താബ്
ഹരികൃഷ്ണന്‍
ഷിയാന ലിസ്
നിമ പ്രദീഷ്
അശ്വതി
ശ്രേയസ്