കാസർകോട്: വീട്ടിൽ ഉറങ്ങുകയായിരുന്ന പത്തു വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച് സ്വർണകമ്മൽ കവർന്ന പ്രതി കുടക് നാപോക് സ്വദേശി പി.എ സലീമിനെ ഡിഎൻഎ പരിശോധനയ്ക്ക് വിധേയനാക്കും. ഇയാൾ തന്നെയാണ് കുറ്റം ചെയ്തതെന്ന് ശാസ്ത്രീയമായി തെളിയിക്കാനാണിത്. പരിശോധനയ്ക്കായി ഇയാളുടെ മുടിയും രക്തവും ശേഖരിക്കും. ഇതിനുവേണ്ടി കോടതിയിൽ അപേക്ഷ നൽകാനുള്ള തയ്യാറെടുപ്പിലാണ് അന്വേഷണ സംഘം. ഇപ്പോൾ ജുഡീഷ്യൽ കസ്റ്റഡിയിലാണ് പ്രതി. നാലെത്തന്നെ ഇയാൾക്കായി അന്വേഷണ സംഘം കസ്റ്റഡി അപേക്ഷ നൽകും.
ആന്ധ്രയിലെ കുർണൂർ അഡോണി റെയിൽവേ സ്റ്റേഷൻ പരിസരത്ത് നിന്ന് വെള്ളിയാഴ്ചയാണ് പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തത്. രാത്രിയോടെ കാഞ്ഞങ്ങാട് പൊലീസ് സ്റ്റേഷനിൽ എത്തിച്ചിരുന്നു. ഈ മാസം 15ന് പുലർച്ചെയാണ് പടന്നക്കാട് തീരദേശ മേഖലയിലെ വീട്ടിൽ നിന്നു ബാലികയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചശേഷം വയലിൽ ഉപേക്ഷിച്ചു സ്വർണക്കമ്മലുമായി കടന്നത്. സംഭവം നടന്ന് ഒൻപതാം ദിവസമാണ് പ്രതി പിടിയിലായത്.
ഇന്നലെ രാവിലെ ഒഴിഞ്ഞവളപ്പിലെ സംഭവസ്ഥലത്ത് പ്രതിയുമായി തെളിവെടുപ്പ് നടത്തി. തടിച്ചുകൂടിയ പ്രദേശവാസികൾ കൈയേറ്റം ചെയ്യാൻ ശ്രമിച്ചു. 'കുഞ്ഞിനോട് ഇത്രയും ക്രൂരത കാണിച്ച അവന്റെ മുഖം മൂടരുത്. അവനെ ശരിക്കും കാണട്ടെ..' സലീമിനു നേരെ പാഞ്ഞടുത്ത ജനക്കൂട്ടം ആക്രോശിക്കുകയായിരുന്നു. സ്ത്രീകൾ അടക്കമുള്ളവരാണ് പ്രതിക്കുനേരെ രോഷത്തോടെ പാഞ്ഞടുത്തത്.
പ്രതിയെ കൊണ്ടുവരുമെന്ന് അറിഞ്ഞ് പ്രദേശത്ത് ജനക്കൂട്ടം തമ്പടിച്ചിരുന്നു. കാഞ്ഞങ്ങാട് ഡിവൈ.എസ്.പി വി.വി ലതീഷ്, ഹൊസ്ദുർഗ് ഇൻസ്പെക്ടർ എം.പി ആസാദ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു കൊണ്ടുവന്നത്. രോഷാകുലരായ ജനങ്ങൾ പ്രതിയെ കൈയേറ്റം ചെയ്യാൻ ശ്രമിച്ചതോടെ പൊലീസ് വലയം സൃഷ്ടിച്ചാണ് പ്രതിയെ ഒരുവിധം വാഹനത്തിൽ കയറ്റി മർദ്ദനത്തിൽ നിന്ന് രക്ഷപ്പെടുത്തിയത്. പ്രദേശവാസികളും പൊലീസും തമ്മിൽ ബലപ്രയോഗവും ഉന്തും തള്ളുമുണ്ടായി. ഇടുങ്ങിയ റോഡിന്റെ പല ഭാഗത്തു നിന്നും ആളുകൾ ഓടികൂടി. ഗേറ്റ് ചാടി കടന്നു.
വീട്ടിൽ കയറി പെൺകുട്ടിയെ എടുത്തു കൊണ്ടുപോയത് മുതൽ വയലിലും പറമ്പിലും കുറെ സമയം കറങ്ങിയ സ്ഥലവും ബാലികയെ പീഡിപ്പിച്ചശേഷം സ്വർണ കമ്മൽ ഊരിയെടുത്ത സ്ഥലവും പ്രതി അന്വേഷണ സംഘത്തിന് കാണിച്ചു കൊടുത്തു. ഇരുപത് മിനിറ്റുകൊണ്ട്തെളിവെടുപ്പ് പൂർത്തിയാക്കി. ആവശ്യമായ തെളിവുകൾ കിട്ടിയതായി ജില്ലാ പൊലീസ് മേധാവി പി. ബിജോയ് പറഞ്ഞു.
സലീമിന്റെ പേരിൽ രണ്ടു പുതിയ കേസുകൾ കൂടി ഹൊസ്ദുർഗ് പൊലീസ് രജിസ്റ്റർ ചെയ്തു. കുറുന്തൂരിൽ വാതിൽ തുറന്നുകിടന്ന വീട്ടിൽ കയറി ഉറങ്ങുകയായിരുന്ന സ്ത്രീയുടെ കഴുത്തിൽ നിന്ന് മാല പൊട്ടിച്ചതാണ് ഒരു കേസ്. പുഞ്ചാവിയിലെ വീട്ടിൽ കയറി മോഷണം നടത്താൻ ശ്രമിച്ചതാണ് മറ്റൊരു കേസ്. ഈ വീട്ടിലും വാതിൽ തുറന്ന് കിടക്കുകയായിരുന്നു. വീട്ടുകാർ അറിഞ്ഞതോടെ ഓടി രക്ഷപ്പെടുകയായിരുന്നു. ആന്ധ്രയിൽ നിന്ന് അറസ്റ്റ് ചെയ്തതിന് ശേഷം നടത്തിയ ചോദ്യം ചെയ്യലിലാണ് ഈ കവർച്ചകൾ പ്രതി വെളിപ്പെടുത്തിയത്.