രണ്ടു ചക്രങ്ങൾക്ക് സാദ്ധ്യതകളുടെ ഒരു പുതിയ ലോകം തുറക്കാൻ കഴിയുമെന്ന് സൈക്കിൾ പഠിപ്പിക്കുന്നു. നാളെ (ജൂൺ 3) ലോക സൈക്കിൾ ദിനമാണ്. അമേരിക്കയിലെ മോണ്ട്ഗോമറി കോളേജിൽ സോഷ്യോളജി പ്രൊഫസറായ ഡോ. ലെസ്സെക് സിബിൽസ്കിയും അദ്ദേഹത്തിന്റെ വിദ്യാർത്ഥികളുമാണ് ലോക സൈക്കിൾ ദിന പ്രഖ്യാപനത്തിനായി ഐക്യരാഷ്ട്ര സഭയിൽ പ്രചാരണം നടത്തിയത്. 2018ൽ ജൂൺ 3 സൈക്കിൾ ദിനമായി യു.എൻ പൊതുസഭ പ്രഖ്യാപിക്കുകയും ചെയ്തു. 193 രാജ്യങ്ങളും ഈ ദിനത്തെ പിന്തുണച്ചു.
ഏറ്റവും ആസ്വാദ്യവും എല്ലാവർക്കും പ്രിയപ്പെട്ടതുമായ വിനോദങ്ങളിലൊന്നാണ് സൈക്കിൾ സവാരി. ഒരു കൊച്ചുകുട്ടി ആദ്യം ഓടിച്ചുതുടങ്ങുന്ന വാഹനം സൈക്കിളാണ്. മിക്കവരുടെയും ജീവിതത്തിലെ ആദ്യവാഹനവും സൈക്കിൾ തന്നെയായിരിക്കും. ചരിത്രത്തിലെ ഏറ്റവും പ്രധാന കണ്ടുപിടിത്തങ്ങളിലൊന്നാണ് സൈക്കിൾ. പത്തൊൻപതാം നൂറ്റാണ്ടിലാണ് സൈക്കിൾ കടന്നുവരുന്നത്.
പ്രഭാതങ്ങൾക്ക് പ്രചോദനവും പ്രസാദാത്മകതയും നേരാൻ സൈക്കിൾ സവാരിക്കു കഴിയും. പ്രകൃതിയെ അടുത്തറിയാനും കാർബൺ കാൽപ്പാടുകൾ കുറയ്ക്കാനും സൈക്കിൾ സവാരി സഹായിക്കും. ഒറ്റയ്ക്കുള്ള സവാരിയിൽ സങ്കടങ്ങൾ സങ്കീർത്തനങ്ങളായി മാറും.ഒരുമിച്ചാണെങ്കിൽ സാമൂഹിക വൃത്തം വിസ്തൃതമാകും. സാമൂഹിക ബന്ധങ്ങളുടെ ചക്രങ്ങൾ കാലങ്ങൾക്കപ്പുറം സഞ്ചരിക്കും. സൈക്കിൾ ചവിട്ടുമ്പോൾ സന്തോഷത്തിന്റെ തന്മാത്രകൾ സംതൃപ്തിയുടെ പൂക്കളായി വിരിയും. സൈക്കിളിന്റെ മേന്മ, പരിസ്ഥിതിക്കു ദോഷകമായ ഒരു വാതകവും അത് ഉത്പാദിപ്പിക്കുന്നില്ല എന്നതാണ്. കുറഞ്ഞ മനുഷ്യ ഊർജ്ജത്തിൽ കൂടുതൽ ദൂരം സഞ്ചരിക്കാം. ലോകത്താകമാനം 200 കോടിയിലധികം പേർ സൈക്കിൾ ഉപയോഗിക്കുന്നുണ്ട്.
ഹൃദയ സംബന്ധമായ വ്യായാമത്തിന്റെ മികച്ച രൂപമാണ് സൈക്കിൾ സവാരി. ശരീരത്തിനു മാത്രമല്ല മനസിനും സൈക്കിൾ സവാരി ഗുണം ചെയ്യും. ഇത് സമ്മർദ്ദം, ഉത്കണ്ഠ, വിഷാദം എന്നിവ കുറയ്ക്കുകയും നല്ല മാനസികാവസ്ഥയും മികച്ച മാനസിക ക്ഷേമവും പ്രോത്സാഹിപ്പിക്കുകയും ചെയ്യുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.മെച്ചപ്പെട്ട വൈജ്ഞാനിക പ്രവർത്തനവും തലച്ചോറിന്റെ ആരോഗ്യവുമായി സൈക്കിൾ സവാരി ബന്ധപ്പെട്ടിരിക്കുന്നു. ഓർമ്മശക്തിയും ശ്രദ്ധയും മൊത്തത്തിലുള്ള വൈജ്ഞാനിക കഴിവുകളും അത് വർദ്ധിപ്പിക്കും.
പ്രായപൂർത്തിയായ ആയിരം പേരിൽ, ഡോ. ഡേവിഡ് ന്യൂമാൻ നടത്തിയ ഒരു പഠനം വെളിപ്പെടുത്തിയത്, സ്ഥിരമായി സൈക്കിൾ ചവിട്ടുന്നവരിൽ ജലദോഷം നന്നേ കുറഞ്ഞിരിക്കുന്നതായാണ്. അവശ്യ പ്രോട്ടീൻ കൂടുകയും രക്തത്തിലെ ശ്വേതാണുക്കൾ വർദ്ധിക്കുകയും ചെയ്യുന്നതു മൂലമാണ് ശരീരത്തിന്റെ പ്രതിരോധശക്തി വർദ്ധിക്കുന്നത്. സൈക്കിൾ സവാരി ശീലമാക്കുന്നതിലൂടെ ശരീരഭാരം കുറയ്ക്കാനും കഴിയും. കാലുകൾ വേഗത്തിലും തീവ്രതയിലും പമ്പ് ചെയ്യുന്നതിന്റെ ഫലമായി രക്തക്കുഴലുകളുടെ പ്രവർത്തനം മെച്ചപ്പെടും. ദിവസവും സൈക്കിൾ ചവിട്ടുന്നവർക്ക് മറ്റു വ്യായാമം തേടിപ്പോകേണ്ടതില്ല.സൈക്കിൾ സവാരിക്കു ശേഷം രണ്ടാമതൊരു പ്രാതൽ കൂടി കഴിക്കാൻ വിശപ്പ് നിങ്ങളെ അനുവദിക്കുന്നു. കാരണം, അത് ശരീരത്തിൽ അടിഞ്ഞുകൂടിയ കൊഴുപ്പിനെ ധാരാളമായി കത്തിച്ചു കളയുന്നു. ശ്വാസകോശങ്ങളുടെ ആരോഗ്യം മെച്ചപ്പെടുത്തുന്നു. സുസ്ഥിരമല്ലാത്ത കാർബൺ ഡൈ ഓക്സൈഡിന്റെ കെടുതികളിൽ നിന്ന് ലോകത്തെ സംരക്ഷിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ സൈക്കിൾ ചവിട്ടുക. സൈക്കിളിന്റെ ചക്രങ്ങൾ ഉരുണ്ടു തുടങ്ങുമ്പോൾ നിങ്ങളുടെ മനസിന്റെ ചക്രങ്ങൾ നിശബ്ദവും നിശ്ചലവുമാകുന്നു. ധ്യാനത്തിന്റെ ചക്രങ്ങൾ പതിയെ സ്പന്ദിച്ചുതുടങ്ങുന്നു.
(മലമ്പുഴയിൽ സിമെറ്റ് കോളജ് ഒഫ് നഴ്സിംഗിൽ സീനിയർ ലക്ചറർ ആണ് ലേഖകൻ. ഫോൺ: 89215 05404)