k

മിർസാപൂർ: കുട്ടിക്കാലത്ത് കപ്പുകളും പ്ലേറ്റുകളും കഴുകിയും ചായ വിറ്റുമാണ് താൻ വളർന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ചായ വിളമ്പിയാണ് താൻ വളർന്നത്. ചായയുമായി ആഴത്തിലുള്ള ബന്ധമുണ്ടെന്നും പറഞ്ഞു. ഉത്ത‌ർപ്രദേശിലെ മിർസാപൂരിൽ തിരുഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സമാജ്‌വാദി പാർട്ടിക്ക് വേണ്ടി ആരും വോട്ടുകൾ പാഴാക്കാൻ ആ​ഗ്രഹിക്കുന്നില്ല. മുങ്ങിക്കൊണ്ടിരിക്കുന്നവർക്ക് ജനങ്ങൾ വോട്ട് ചെയ്യില്ല. സർക്കാർ രൂപീകരിക്കുമെന്ന് ഉറപ്പുള്ളവർക്കേ ജനം വോട്ട് ചെയ്യൂ. ഇന്ത്യ സഖ്യത്തിലെ ആളുകളെ ജനം കൃത്യമായി മനസ്സിലാക്കി. അവർ കടുത്ത വർ​ഗീയവാദികളാണ്. ഇക്കൂട്ടർ തീവ്രജാതി ചിന്ത പേറുന്നവരും സ്വന്തം കുടുംബത്തിന് വേണ്ടി മാത്രം പ്രവർത്തിക്കുന്നവരുമാണെന്നും മോദി ആരോപിച്ചു.

യാദവ സമുദായത്തിൽപ്പെടുന്ന കഴിവുള്ള ഒരുപാട് പേരുണ്ടെങ്കിലും അഖിലേഷ് യാദവ് തന്റെ കുടുംബത്തിൽപ്പെട്ടവർക്ക് മാത്രമേ സീറ്റ് നൽകുകയുള്ളൂ. ഭീകരരെപ്പോലും എസ്.പി സർക്കാർ വെറുതെ വിടും. ഇക്കാര്യത്തിന് മടി കാണിക്കുന്ന പൊലീസ് ഉദ്യോ​ഗസ്ഥരെ അവർ സസ്പെൻഡ് ചെയ്യും.

യു.പിയും പുർവാഞ്ചലും അവർ മാഫിയകളുടെ വിഹാരകേന്ദ്രങ്ങളാക്കി. തങ്ങളുടെ ജീവിതവും സ്ഥലവും എപ്പോൾ വേണമെങ്കിലും ആർക്കും തട്ടിയെടുക്കാമെന്ന സ്ഥിതിയായിരുന്നു എസ്.പിയുടെ ഭരണകാലത്ത്. അക്കാലങ്ങളിൽ മാഫിയ അം​ഗങ്ങളും വോട്ട് ബാങ്കായി പരി​ഗണിക്കപ്പെട്ടുവെന്നും മോദി ആരോപിച്ചു.

ഇന്ത്യാ സഖ്യം ഭരണഘടന മാറ്റും

മതാടിസ്ഥാനത്തിൽ സംവരണം നൽകുന്നതിനായി ഇന്ത്യാ സഖ്യം ഭരണഘടന തിരുത്തിയെഴുതുമെന്ന് മോദി ആരോപിച്ചു. രാജ്യത്തെ ഭൂരിപക്ഷ സമുദായത്തെ രണ്ടാംതരം പൗരന്മാരാക്കി മാറ്റാൻ അവർ ആഗ്രഹിക്കുന്നു.

പ്രതിപക്ഷം എസ്‌.സി, എസ്.ടി, ഒ.ബി.സി എന്നിവർക്ക് നൽകുന്ന സംവരണം അവസാനിപ്പിക്കും. എന്നിട്ട് അതെല്ലാം മുസ്ലിംങ്ങൾക്ക് നൽകും. അടുത്തിടെ കൽക്കട്ട ഹൈക്കോടതി 77 മുസ്ലിം ജാതികൾക്കുള്ള ഒ.ബി.സി സംവരണം നിരസിച്ചു.

പാകിസ്താനിൽ ഇന്ത്യസഖ്യ കക്ഷികളായ കോൺഗ്രസിന്റെയും എസ്.പിയുടെയും വിജയത്തിനായി ദുആ (പ്രാർത്ഥന) നടക്കുകയാണ്. അതിർത്തിക്കപ്പുറമുള്ള ജിഹാദികൾ അവരെ പിന്തുണയ്ക്കുന്നു. ഇവിടെ വോട്ട് ജിഹാദിനായി കോൺഗ്രസും എസ്.പിയും ആഹ്വാനം ചെയ്യുന്നു- മോദി പറഞ്ഞു.