d

മഴക്കാലമായതോടെ വീടുകളിലും പരിസരങ്ങളിലും ഈച്ചയുടെയും കൊതുകിന്റെയും ശല്യം പതിവായിരിക്കുകയാണ്.. എത്രവൃത്തിയാക്കിയാലും തീരാത്തതാണ് ഈച്ചയെക്കൊണ്ടുള്ള ശല്യം. ‌ഡൈനിംഗ് ടേബിളിലും അടുക്കളയിലും എന്തിന് ലിവിംഗ് റൂമിൽ വരെ ഈച്ചശല്യം കൊണ്ട് പൊറുതിമുട്ടുന്നവരാണ് ഭ‌ൂരിപക്ഷവും. പച്ചക്കറിയും പഴവും ഉൾപ്പെടെയുള്ള ഭക്ഷണ സാധനങ്ങൾ ഉള്ളതിനാൽ അടുക്കളയിലാണ് ഈച്ചശല്യം കൂടുതലായി കണ്ടുവരുന്നത്. ഭക്ഷണ വസ്തുക്കളിൽ വന്നിരുന്ന് ഈച്ചകൾ പരത്തുന്ന രോഗങ്ങൾക്കും കുറവില്ല. എന്നാൽ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഈച്ചശല്യത്തിന് വീട്ടിൽതന്നെ പരിഹാരം കാണാൻ കഴിയും. ഇതിന് വീട്ടിൽ തന്നെ പതിവായി ഉപയോഗിക്കുന്ന വസ്തുക്കൾ മതിയാകും.

പാചകത്തിനും മറ്റും ഉപയോഗിക്കുന്ന കറുവാപ്പട്ടയില ചെറുതായി മുറിച്ച് അടുക്കളയിൽ വിതറിയാൽ ഈച്ചയും പാറ്റയുമുൾപ്പെടെയുള്ളവയെ ഒഴിവാക്കാനാവും. കറുവയിലയുടെ ഗന്ധം പാറ്റകളെയും ഈച്ചകളെയും അകറ്റും.

ഓറഞ്ച് എടുത്ത് അതിന് മുകളിൽ ഗ്രാമ്പു കുത്തിവെച്ച് അടുക്കളയുടെ പലഭാഗത്തായി വെച്ചാൽ കൊതുകുകളെയും ഈച്ചയെയും അകറ്റാം. തുളസിയില നന്നായി ഞെരടി വീടിന്റെയും അടുക്കളയുടെയും പല ഭാഗങ്ങളിലായി വിതറിയാൽ ഈച്ച ശല്യവും പ്രാണിശല്യവും ഒരു പരിധിവരെ തുരത്താൻ കഴിയും. തുളസി വെള്ളം ഒരു ബോട്ടിലിലാക്കി സ്പ്രേ ചെയ്യുന്നതിലൂടെ കൊതുകിനേയും ഈച്ചയേയും ഒരു പരിധി വരെ തുരത്താൻ കഴിയും.

വെളുത്തുള്ളി കുറച്ച് നാരങ്ങവെള്ളം ചേർത്ത് വീടിനു ചുറ്റും തളിക്കുന്നതിലൂടെ പാറ്റയേയും ഈച്ചയേയും കൊതുകിനേയും പൂർണ്ണമായും നശിപ്പിക്കാം. ​ ​​ഒരു കഷ്ണം നാരങ്ങയിൽ കർപ്പൂര തുളസി എണ്ണ ചേർത്ത് മുറിയുടെ ഓരോ മൂലയിലുംവയ്ക്കുക, ഇതിലൂടെ വീടിന് ശല്ല്യമായ പ്രാണികളെ നിഷ്‌പ്രയാസം തുരത്താൻ കഴിയും.

കൊതുകിനെ വളരെയെളുപ്പം തുരത്താൻ സഹായകമായ മാർഗമാണ് മല്ലികപ്പൂവ് ഉപയോഗിച്ച് ചെയ്യാവുന്നത്. . കുറച്ച് മല്ലികപ്പൂവെടുത്ത് ഓരോ മുറികളിലും വിതറുന്നതോടെ കൊതുകിൽ നിന്നും മുക്തി ലഭിക്കും. കർപ്പൂരവും വെള്ളവും മിക്സ് ചെയ്ത് റൂമുകളിൽ സ്പ്രേ ചെയ്യുന്നത് പാറ്റ, പല്ലി, കൊതുക് തുടങ്ങിയ ജീവികളിൽ നിന്നും വളരെ വേഗം മുക്തി ലഭിക്കാൻ സഹായിക്കും.