pic

സനാ: യെമനിലെ ഹൂതി വിമതരുടെ തടവിൽ കഴിഞ്ഞ 113 പേരെ മോചിപ്പിച്ചു. മാനുഷിക കാരണങ്ങൾ മുൻനിറുത്തി തടവുകാർക്ക് ഏകപക്ഷീയമായി മാപ്പ് നൽകുകയായിരുന്നെന്ന് ഹൂതികൾ പറയുന്നു. മോചിപ്പിക്കപ്പെട്ടവരിൽ കൂടുതലും വയോധികരോ രോഗം ബാധിച്ചവരോ പരിക്കേറ്റവരോ ആണെന്ന് ഹൂതികളുടെ ജയിൽകാര്യ കമ്മിറ്റി തലവൻ അബ്ദുൾ ഖാദർ അൽ - മുർതാദ പറഞ്ഞു. അതേ സമയം,​ മോചിതരായവർ സൈനികരല്ലെന്നും വീടുകളിൽ നിന്നും പൊതുസ്ഥലങ്ങളിൽ നിന്നും ഹൂതികൾ തട്ടിക്കൊണ്ടുപോയ സാധാരണക്കാരാണെന്നും യെമൻ ഭരണകൂടം പ്രതികരിച്ചു.

യെമനിലെ ഷിയാ ന്യൂനപക്ഷമായ സെയ്ദികളുടെ ഉപവിഭാഗത്തിന്റെ സായുധ സംഘമാണ് ഹൂതികൾ. 1990കളിൽ അന്നത്തെ പ്രസിഡന്റ് അലി അബ്ദുല്ല സാലിഹിന്റെ അഴിമതിക്കെതിരെയാണ് രൂപീകരിച്ചത്. സൗദി പിന്തുണയോടെ സാലിഹ് 2003ൽ ഹൂതികളെ ഉന്മൂലനം ചെയ്യാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടിരുന്നു. യെമൻ സർക്കാരിനെതിരെ 2014 മുതൽ ആഭ്യന്തര യുദ്ധത്തിലാണ് ഹൂതികൾ.