interview

ഉയർന്ന ശമ്പളമുള്ള ജോലി ആഗ്രഹിക്കാത്തവരായി ആരുംതന്നെയുണ്ടാവില്ല. എന്നാൽ, ഏറെ ഡിഗ്രികളുള്ളവർക്ക് പോലും ഇന്ന് ജോലി കിട്ടാൻ പാടുപെടുന്ന അവസ്ഥയാണ്. പലരും വളരെയധികം സ്വപ്‌നം കാണുന്ന ജോലിയാണ് ഗൂഗിളിലേത്. എന്നാൽ, ഇവിടെ ജോലി ലഭിക്കുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ഇപ്പോഴിതാ ഗൂഗിളിൽ ജോലി ലഭിക്കണമെങ്കിൽ എന്തൊക്കെ കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടതെന്ന് പറഞ്ഞിരിക്കുകയാണ് കമ്പനിയിലെ മുൻ റിക്രൂട്ടറായ നോളൻ ചർച്ച്.

ഗൂഗിളിൽ അഭിമുഖത്തിനെത്തുന്നവർ എന്തൊക്കെ ചെയ്യണം, എന്തൊക്കെ ചെയ്യാൻ പാടില്ല തുടങ്ങിയ കാര്യങ്ങളാണ് നോളൻ വിശദീകരിച്ചിരിക്കുന്നത്. ഇവ എന്തൊക്കെയെന്ന് നോക്കാം.

  1. ഉദ്യോഗാർത്ഥികളുടെ റെസ്യൂമിലും ലിങ്ക്‌ഡ് ഇൻ പ്രൊഫൈലിലുമൊക്കെ മുൻ കമ്പനികളിലെ പ്രമോഷനുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഉറപ്പായും രേഖപ്പെടുത്തണം. ഇങ്ങനെ ചെയ്യാത്തത് വലിയ പിഴവാണ്. നിങ്ങളുടെ കരിയർ മാറ്റമില്ലാതെ മുന്നോട്ട് പോകുകയാണെന്ന് റിക്രൂട്ടർമാർ ധരിക്കും.
  2. കമ്പനിയെക്കുറിച്ചും അതിന്റെ ഉടമയെക്കുറിച്ചും അഭിമുഖം നടത്തുന്നവരെക്കുറിച്ചും നന്നായി പഠിച്ചശേഷം വേണം അഭിമുഖത്തിൽ പങ്കെടുക്കാൻ.
  3. തങ്ങൾ അപേക്ഷിച്ചിരിക്കുന്ന തസ്‌തികയിലെ ജോലിയെക്കുറിച്ചും അതിന്റെ ഉത്തരവാദിത്തങ്ങളെക്കുറിച്ചും കൃത്യമായി മനസിലാക്കണം. ഇത് അവർക്ക് ജോലിയോടുള്ള താൽപ്പര്യവും പ്രതിബദ്ധതയും എത്രത്തോളമാണെന്ന് വ്യക്തമാകുന്നു.
  4. കാണാതെ പഠിച്ചശേഷം അഭിമുഖത്തിന് എത്തരുത്. ഇവർക്ക് സ്വാഭാവിക ഒഴുക്കോടെ സംസാരിക്കാൻ കഴിയില്ല.
  5. വെറുതേ കുറേ കാര്യങ്ങൾ സംസാരിക്കുന്നതിലല്ല, മറിച്ച് ഉത്തരത്തിലെ കൃത്യതയാണ് അഭിമുഖത്തിൽ പരിശോധിക്കുന്നത്. ആധികാരികതയോടെ ഉത്തരം നൽകുന്നവരെയാണ് തിരഞ്ഞെടുക്കുന്നത്.
  6. അഭിമുഖം നടത്തുന്നവർക്ക് കൂടി പുതിയ അറിവുകൾ സമ്മാനിക്കുന്നവരെ എല്ലാവരും ഇഷ്‌ടപ്പെടുന്നു.
  7. കൂടുതൽ ഉയരങ്ങളിലെത്താനുള്ള തീക്ഷ്‌ണമായ ആഗ്രഹവും ജോലിയോടുള്ള ഉത്തരവാദിത്തപരമായ സമീപനവും ഉദ്യോഗാർത്ഥികൾക്ക് ഉണ്ടാകണം.

ഇത്രയും കാര്യങ്ങൾ ശ്രദ്ധിച്ചുകഴിഞ്ഞാൽ നിങ്ങൾക്ക് പല അഭിമുഖങ്ങളെയും നിഷ്‌പ്രയാസം നേരിടാൻ സാധിക്കുമെന്നാണ് നോളൻ പറയുന്നത്. എല്ലാത്തിനുമുപരി ആത്മവിശ്വാസവും വലിയ പങ്ക് വഹിക്കുന്നുണ്ട്. കൂടാതെ നിങ്ങളെ പരിചയപ്പെടുത്താൻ പറയുമ്പോൾ പതിവ് രീതികളിലൂടെ പോകാതെ വ്യത്യസ്‌തമായ രീതിയിൽ ഉദാഹരണങ്ങളിലൂടെ പറയാം. ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ, വൻകിട കമ്പനികളിൽ പോലും നിങ്ങൾക്ക് നന്നായി അഭിമുഖങ്ങളിൽ വിജയിക്കാൻ സാധിക്കും. ഭാഷയും ഒരു പ്രധാന ഘടകമാണ്. ഇംഗ്ലീഷ്, ഹിന്ദി എന്നീ ഭാഷകൾ അറി‌ഞ്ഞിരിക്കുന്നത് ഇന്ത്യയ്‌ക്കകത്തും വിദേശരാജ്യങ്ങളിലും പ്രധാനമാണ്. കൂടാതെ, പഠിച്ചതുമായി ബന്ധമില്ലാത്ത ജോലിക്കാണ് അപേക്ഷിച്ചിരിക്കുന്നതെങ്കിൽ അതിന്റെ കാരണവും നിങ്ങൾ പറയേണ്ടിവരും. അതിനും കൃത്യമായും വ്യക്തമായും ഉത്തരം നൽകണം.