ഗുരുവും ഈശ്വരനും നമ്മുടെ ഉള്ളിൽത്തന്നെ ഉണ്ടെന്നിരിക്കെ മനുഷ്യരൂപിയായ ഒരു ഗുരുവിന്റെ ആവശ്യമെന്തെന്ന് ചിലർ ചോദിക്കാറുണ്ട്. ശരിയാണ്; ഈശ്വരനും ഗുരുവും നമ്മുടെ ഉള്ളിൽത്തന്നെയുണ്ട്. എന്നാൽ ഉള്ളിലുള്ള ഈശ്വരനെ അറിയാനോ ഉള്ളിലുള്ള ഗുരുവിന്റെ മാർഗദർശനം ഉൾക്കൊള്ളുവാനോ ഉള്ള ശേഷി അധികം പേർക്കുമില്ല. ഉന്നതമായ മുജ്ജന്മ സംസ്കാരമുള്ള അപൂർവം ചിലർക്കൊഴികെ ആർക്കും മനുഷ്യരൂപിയായ സദ്ഗുരുവിന്റെ സഹായമില്ലാതെ പൂർണത പ്രാപിക്കാനാവില്ല. ശിഷ്യനെ ഈശ്വരൈക്യത്തിലേക്കു നയിക്കുന്ന സദ്ഗുരു പ്രത്യക്ഷനായ ഈശ്വരൻ തന്നെ.
അനേകം ദുർബലതകളും വാസനകളുംകൊണ്ട് ബദ്ധനായിരിക്കുന്ന ശിഷ്യനെ അതീവ ക്ഷമയോടെ, കാരുണ്യത്തോടെ നയിച്ച് ലക്ഷ്യത്തിലെത്തിക്കാൻ ഒരു സദ്ഗുരുവിനു മാത്രമേ കഴിയൂ. അതുകൊണ്ട് ശാസ്ത്രങ്ങൾ ഗുരുവിനു നൽകിയിരിക്കുന്ന സ്ഥാനം ഈശ്വരനും മീതെയാണ്. നമുക്ക് ചെറിയ സഹായങ്ങൾ ചെയ്യാൻ പലർക്കും സാധിക്കും. എന്നാൽ ശാസ്ത്രങ്ങൾ പ്രകീർത്തിക്കുന്ന പരമതത്വത്തെ സ്വയം സാക്ഷാത്കരിച്ച ആൾക്കു മാത്രമേ നമ്മെ പരമപദത്തിലേക്ക് കൈപിടിച്ചു നയിക്കാനാകൂ. അങ്ങനെയുള്ളവരുടെ ഉപദേശങ്ങളാണ് ശാസ്ത്രങ്ങളായിത്തീരുന്നത്.
അങ്ങനെയുള്ളവരുടെ ജീവിതം തന്നെ ശാസ്ത്രമാണ്. ശാസ്ത്രം ജീവിക്കുന്നത് അവരിലൂടെയാണ്. അങ്ങനെയുള്ള ഗുരുക്കന്മാർ ദുർലഭവും അവരെ ആശ്രയിക്കുന്നവർ ഭാഗ്യശാലികളുമാണ്. കല്ലിൽ മറഞ്ഞുകിടക്കുന്ന ശില്പത്തെ ശില്പി മനക്കണ്ണിൽ കാണുന്നു. കല്ലിലെ വേണ്ടാത്ത ഭാഗങ്ങൾ ശില്പി കൊത്തിക്കളയുമ്പോൾ ശില്പം തെളിഞ്ഞുവരുന്നു. അതുപോലെ ശിഷ്യനിൽ മറഞ്ഞുകിടക്കുന്ന ഈശ്വരതത്ത്വത്തെ ഗുരു തെളിച്ചു കൊണ്ടുവരുന്നു. ശിഷ്യൻ ഗുരുവിനു സമീപത്തിരുന്ന് സാധന ചെയ്യുമ്പോൾ, ശിഷ്യനിലെ അസത്ത് മറയുകയും ഉണ്മ പ്രകാശിക്കുകയും ചെയ്യുന്നു. മെഴുകിൽ പൊതിഞ്ഞ ഒരു ശില്പം തീയുടെ സമീപത്തു വച്ചാൽ മെഴുക് ഉരുകിപ്പോയി, ശില്പം തെളിയുന്നതുപോലെയാണ് അത്.
ഇന്നു നമ്മൾ ഉണർന്നിരിക്കുമ്പോഴും യഥാർത്ഥത്തിൽ പൂർണമായ ഉണർവിലല്ല. ദേഹബോധത്തെ അതിക്രമിക്കുമ്പോൾ മാത്രമേ പൂർണമായ ഉണർവിലേക്ക് നമ്മൾ ഉണരുന്നുള്ളൂ. അതിന് സദാ ഉണർവിൽ കഴിയുന്ന ഒരു ഗുരുവിന്റെ സഹായം ആവശ്യമാണ്. മലയുടെ മുകളിൽ വീഴുന്ന ജലം താഴേക്ക് ഒഴുകിപ്പോകും. അതുപോലെയാണ് മനസിന്റെ സ്വഭാവം. ഒരു നിമിഷം ഉയർന്ന തലത്തിൽ നിന്നാലും അടുത്ത നിമിഷം അത് അധമ തലങ്ങളിലേക്കു പോകും. എത്രകണ്ട് ശാസ്ത്രങ്ങൾ ഗ്രഹിച്ചാലും നമ്മളറിയാതെ മനസ് വിഷയവസ്തുക്കളിൽ ആസക്തമായിത്തീരും.
കുളിച്ചതിനു ശേഷം ആന മണ്ണുവാരി ദേഹത്തിടുന്നതു പോലെയാണ് ഇത്. ആന ഒരിടത്ത് സ്വസ്ഥമായി നിൽക്കുമ്പോഴും തുമ്പിക്കെ സദാ ആട്ടിക്കൊണ്ടിരിക്കും. ഇതറിയാവുന്ന ആനക്കാരൻ തുമ്പിക്കൈയിൽ ഒരു വടി വച്ചുകൊടുക്കും. അതോടെ തുമ്പിക്കൈയുടെ ആട്ടം കുറയും. നമ്മുടെ മനസിന്റെ ചഞ്ചലതയെക്കുറിച്ച് അറിയുന്ന ഗുരുവിന് അതു പരിഹരിക്കാനുള്ള മാർഗങ്ങളും അറിയാം. ജലത്തിന്റെ സ്വാഭാവം താഴോട്ടൊഴുകുക എന്നതാണ്. അതേ ജലം നീരാവിയായാൽ മുകളിലേക്ക് ഉയരും. അതുപോലെ, ശിഷ്യനിലെ ബോധത്തെ ഉണർത്തിയാൽ സ്വതവേ ചഞ്ചലമായ അവന്റെ മനസിനെ ഉയരങ്ങളിലേക്കു കൊണ്ടുപോകാം. അതിന് ശിഷ്യമനസിന്റെ ദൗർബല്യങ്ങൾ അറിയുന്ന സദ്ഗുരുവിന്റെ സഹായമില്ലാതെ പറ്റില്ല.