food

അധികം സമയം ചെലവഴിക്കാതെ രാവിലെ കഴിക്കാനുളള ഭക്ഷണം തയ്യാറാക്കുകയെന്നത് കുറച്ച് പ്രയാസപ്പെട്ട കാര്യമാണ്. അതിനാൽത്തന്നെ മിക്കവരും എളുപ്പത്തിൽ തയ്യാറാക്കാൻ കഴിയുന്ന വിഭവങ്ങളായിരിക്കും ഉണ്ടാക്കുന്നത്. എന്നാൽ അപ്പം, ദോശ, ഇഡലി എന്നിവയിലേതെങ്കിലുമാണ് നിങ്ങൾ തയ്യാറാക്കാൻ പ്ലാൻ ചെയ്യുന്നതെങ്കിൽ തലേദിവസം തന്നെ അവയ്ക്കുളള മാവ് തയ്യാറാക്കി വയ്ക്കേണ്ടതുണ്ട്. ഇനിമുതൽ തലേദിവസം മാവ് തയ്യാറാക്കി വയ്ക്കാതെ തന്നെ വെറും അരമണിക്കൂറിൽ അപ്പത്തിനായുളള മാവ് മിക്സിയിൽ അരച്ചെടുക്കാവുന്നതാണ്.

എളുപ്പത്തിൽ അപ്പത്തിനായി മാവ് തയ്യാറാക്കിയെടുക്കുന്ന രീതിയാണ് പരിചയപ്പെടാൻ പോകുന്നത്. ഇതിനായി നിങ്ങൾക്ക് അരി കുതിർക്കേണ്ടി വരില്ലെന്നത് മറ്റൊരു പ്രത്യേകതയാണ്. എങ്ങനെയെന്ന് നോക്കാം.

ഇവ ഉറപ്പായും വേണം

ഗോതമ്പുപൊടി,തേങ്ങ ചിരകിയത്, ചോറ്, ഈസ്റ്റ്, പഞ്ചസാര,ഉപ്പ്, ആവശ്യത്തിന് വെളളം

ചെയ്യേണ്ട രീതി

രണ്ട് പേർക്ക് കഴിക്കാനുളള അളവിലാണ് ചേരുവകൾ എടുത്തിരിക്കുന്നത്. പാത്രത്തിലേക്ക് ഒരു കപ്പ് ഗോതമ്പ് പൊടിയെടുക്കുക. അതിലേക്ക് അര കപ്പ് വീതം തേങ്ങ ചിരകിയതും ചോറും എടുക്കുക. ശേഷം രണ്ട് ടീസ്‌പൂൺ പഞ്ചസാരയും ആവശ്യത്തിന് ഉപ്പും, കുറച്ച് ഈസ്റ്റും ചേർക്കുക. ഇവയെ ഒരു സ്‌പൂണിന്റെ സഹായത്തോടെ നന്നായി യോജിപ്പിച്ചെടുക്കുക. മിക്സിയുടെ ജാറിൽ ഒന്നേകാൽ കപ്പ് വെളളം എടുക്കുക. അതിലേക്ക് യോജിപ്പിച്ചുവച്ചിരിക്കുന്ന മാവ് ഇട്ടുകൊടുത്തതിനുശേഷം നന്നായി അരച്ചെടുക്കുക. ഇങ്ങനെ തയ്യാറാക്കി വച്ചിരിക്കുന്ന മാവിനെ മറ്റൊരു പാത്രത്തിലേക്ക് മാറ്റുക, ശേഷം അരമണിക്കൂ‌ർ മാറ്റിവച്ചതിനുശേഷം എടുക്കുക. അപ്പച്ചട്ടി നന്നായി ചൂടാക്കിയ ശേഷം മാത്രമേ അപ്പം തയ്യാറാക്കാനായി മാവ് ഒഴിക്കാവൂ.