food

പൊതുവേ പച്ചക്കറി വിഭവത്തേക്കാൾ ഭൂരിഭാഗംപേർക്കും താൽപ്പര്യം നോൺ വെജ് വിഭവങ്ങളോടാണ്. കുട്ടികൾക്കും പച്ചക്കറി കഴിക്കാൻ വളരെ ബുദ്ധിമുട്ടാണ്. ഇങ്ങനെയുള്ളവർക്കെല്ലാം ഇഷ്‌ടപ്പെടുന്ന ഒരു വെജിറ്റബിൾ കറിയെപ്പറ്റിയാണ് ഇനി പറയാൻ പോകുന്നത്. രുചികരമായ ഈ കറി ചോറിനൊപ്പവും പ്രാതൽ വിഭവങ്ങൾക്കൊപ്പവും കഴിക്കാവുന്നതാണ്. കാപ്‌സിക്കം (ബെൽ പെപ്പർ ) ആണ് ഇതിന്റെ പ്രധാന ചേരുവ. എങ്ങനെയാണ് ഈ വിഭവം തയ്യാറാക്കുന്നതെന്ന് നോക്കാം.

ആവശ്യമായ സാധനങ്ങൾ

കാപ്‌സിക്കം - 200 ഗ്രാം

വെളിച്ചെണ്ണ - 3 ടീസ്‌പൂൺ‌

സവാള - 2 എണ്ണം

ജീരകം - അര സ്‌പൂൺ

ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് - 1 ടീസ്‌പൂൺ

തക്കാളി - 2 എണ്ണം

മുളകുപൊടി - 2 ടീസ്‌പൂൺ

കുരുമുളക് പൊടി - 1 ടീസ്‌പൂൺ

മല്ലിപ്പൊടി - 2 ടീസ്‌പൂൺ

മഞ്ഞൾപ്പൊടി - കാൽ ടീസ്‌പൂൺ

പുളിപ്പില്ലാത്ത തൈര് - 1 ടീസ്‌പൂൺ

വെള്ളം, ഉപ്പ്, മല്ലിയില - ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം

ഒരു ടീസ്‌പൂൺ വെളിച്ചെണ്ണ ചൂടാക്കി അതിലേക്ക് ചതുരത്തിൽ അരിഞ്ഞ ഒരു സവാളയും കാപ്‌സിക്കവും ചെറുതായി വഴറ്റിയെടുത്ത് മാറ്റി വയ്‌ക്കുക. ശേഷം ഇതേ പാത്രത്തിലേക്ക് 2 ടീസ്‌പൂൺ വെളിച്ചെണ്ണ ഒഴിച്ച് ജീരകം, ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് എന്നിവ ചേർത്ത് പച്ചമണം മാറുമ്പോൾ ചെറുതായി അരിഞ്ഞ ഒരു സവാള ചേർത്ത് നന്നായി വഴറ്റുക. രണ്ട് തക്കാളി കൂടി ചേർക്കുക.

ശേഷം മുളകുപൊടി , കുരുമുളക് പൊടി,മല്ലിപ്പൊടി, മഞ്ഞൾപ്പൊടി, തൈര് എന്നിവ ചേർത്ത് നന്നായി വഴറ്റിയെടുക്കുക. ശേഷം, ആവശ്യത്തിന് വെള്ളം, ഉപ്പ് എന്നിവ ചേർത്ത് തിളപ്പിക്കുക. ഇതിലേക്ക് നേരത്തേ വഴറ്റി മാറ്റിവച്ച സവാളയും കാപ്‌സിക്കവും ചേർത്ത് അഞ്ച് മിനിട്ട് വേവിക്കുക. ശേഷം മല്ലിയില കൂടി ചേർത്ത് കൊടുക്കുക.