തനിക്ക് അറ്റൻഷൻ ഡെഫിസിറ്റ് ഹെെപ്പർ ആക്‌ടിവിറ്റി സിൻഡ്രോം (എഡിഎച്ച്ഡി) ഉണ്ടെന്ന് ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുകയാണ് നടൻ ഫഹദ് ഫാസിൽ. കോതമംഗലത്തെ പീസ് വാലി ചിൽഡ്രൻസ് വില്ലേജ് ഉദ്ഘാടനത്തിനിടെയാണ് അദ്ദേഹം തന്റെ രോഗത്തെക്കുറിച്ച് തുറന്നുപറഞ്ഞത്.
എഡിഎച്ച്ഡി എന്നൊരു രോഗാവസ്ഥയുണ്ടെന്നും ചെറുപ്പത്തിലെ കണ്ടുപിടിച്ചാൽ ഈസിയായി മാറുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ തനിക്ക് അത് നാൽപ്പത്തിയൊന്നാം വയസിലാണ് കണ്ടെത്തിയതെന്നും ഫഹദ് പറയുന്നുണ്ട്. ഇന്നും പലർക്കും ഈ രോഗാവസ്ഥയെക്കുറിച്ച് അറിയില്ല. ചെറുപ്പത്തിൽ തന്നെ ഇത് കണ്ടെത്തിയാൽ വേഗം ചികിത്സിച്ച് മാറ്റാൻ കഴിയും. ഈ രോഗം എന്താണെന്ന് നോക്കിയാലോ?
അറ്റൻഷൻ ഡെഫിസിറ്റ് ഹെെപ്പർ ആക്‌ടിവിറ്റി സിൻഡ്രോം (എഡിഎച്ച്ഡി)
നാഡീവ്യൂഹ വികാസവുമായി ബന്ധപ്പെട്ട ഒരു ഡിസോർഡർ ആണ് എഡിഎച്ച്ഡി. കൂടുതലായും കുട്ടികളിലാണ് ഈ രോഗാവസ്ഥ കണ്ടുവരുന്നത്. അപൂർവമായി മുതിർന്നവരെയും ബാധിക്കാറുണ്ട്. അശ്രദ്ധയും ഹൈപ്പർ ആക്ടിവിറ്റിയുമൊക്കെയാണ് ലക്ഷണങ്ങൾ. ഇത് പഠനത്തെ പോലും ബാധിച്ചേക്കാം. കൃത്യമായ ചികിത്സ നൽകിയില്ലെങ്കിൽ കുട്ടികൾ തെറ്റായ വഴിയിലെത്തിപ്പെട്ടേക്കാം. പെൺകുട്ടികളേക്കാൾ ആൺകുട്ടികളിലാണ് ഈ രോഗം കൂടുതലായി കണ്ടുവരുന്നത്.
മുതിർന്നവരിൽ മറവി, സമയത്തെപ്പറ്റി വലിയ ധാരണ ഇല്ലാത്തത്, എന്തും ചെയ്യാൻ അവസാന നിമിഷം വരെ കാത്തിരിക്കുക തുടങ്ങി നിരവധി ലക്ഷണങ്ങൾ ഇതിനുണ്ട്. തലച്ചോറിലെ ഡോപമിന്റെ കുറവുകൊണ്ടും ഇത് സംഭവിക്കാം.
വരാനുള്ള കാരണങ്ങൾ
വയസ്
എഡിഎച്ച്ഡിയുടെ ലക്ഷണങ്ങൾ 12 വയസിന് മുൻപ് തന്നെ കുട്ടികളിൽ പ്രകടമാകുന്നു. ചില കുട്ടികളിൽ മൂന്ന് വയസ് മുതൽ തന്നെ അവ പ്രകടമാകാം.
ലക്ഷണങ്ങൾ
അശ്രദ്ധയും ഹൈപ്പർ ആക്ടിവിറ്റിയുമൊക്കെയാണ് ഇതിന്റെ പ്രധാന ലക്ഷണങ്ങൾ. കുട്ടികളിലും കൗമാരക്കാരിലും ഈ ലക്ഷണങ്ങൾ പെട്ടെന്ന് തിരിച്ചറിയാം.
അശ്രദ്ധ - കുട്ടികൾക്ക് സ്കൂളിലെ പ്രവർത്തനങ്ങളിൽ ശ്രദ്ധകേന്ദ്രീകരിക്കാൻ കഴിയാതെ വരിക, കാര്യങ്ങൾ ചെയ്യുമ്പോൾ മടുപ്പ് തോന്നുക, നിർദ്ദേശങ്ങൾ കേൾക്കാനോ നടപ്പിലാക്കാനോ കഴിയാതെ വരിക എന്നി ലക്ഷണങ്ങൾ ഉണ്ടാകും.
ഹെെപ്പർ ആക്ടിവിറ്റി - ഒരു സ്ഥലത്ത് നിശ്ചലമായി ഇരിക്കാൻ കഴിയാതെ വരിക, നിരന്തരം കലഹിക്കുക, ചെയ്യുന്ന പ്രവൃത്തിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാതെ വരിക, അമിതമായ സംസാരം, കാത്തിരിക്കാൻ മടി കാണിക്കുക. ആലോചിക്കാതെ എടുത്തുചാടുക, ഒരാൾ സംസാരിക്കുമ്പോൾ അതിൽ ശ്രദ്ധ കേന്ദ്രീകരിക്കാതെ അതിനെ തടസപ്പെടുത്തി സംസാരിക്കുക എന്നിവയാണ് ഹെെപ്പർ ആക്ടിവിറ്റിയുടെ ലക്ഷണങ്ങൾ