asif-ali

തന്റെ ഒരു സിനിമയുടെ ആദ്യ ഷോ കാണാൻ ആദ്യമായാണ് മാതാപിതാക്കൾ വരുന്നതെന്ന് നടൻ ആസിഫ് അലി. ജിസ് ജോയ്‌യു‌ടെ സംവിധാനത്തിൽ പുറത്തിറങ്ങിയ 'തലവൻ' എന്ന സിനിമയുടെ വിശേഷങ്ങൾ മാദ്ധ്യമപ്രവർത്തകരോട് പങ്കുവയ്ക്കുകയായിരുന്നു താരം.

'തലവനിൽ പ്രതീക്ഷയുണ്ടായിരുന്നു. ആദ്യമായാണ് ബാപ്പയും ഉമ്മയും തന്റെ ഒരു ചിത്രം കാണാൻ ആദ്യ ദിനം ആദ്യ ഷോയ്ക്ക് തന്നെ വരുന്നത്. ഷോ കഴിഞ്ഞ് മാദ്ധ്യമപ്രവർത്തകർ സിനിമയുടെ വിശേഷങ്ങൾ ചോദിക്കുമ്പോൾ അകലെനിന്ന് ഇതൊക്കെ കണ്ടുകൊണ്ടിരിക്കുന്ന ബാപ്പയെ ഒളികണ്ണിട്ട് നോക്കി. തിരിച്ചുവരവ് ആഘോഷിക്കുമ്പോൾ ബാപ്പയും ഉമ്മയും കൂടെവേണമെന്നത് എന്റെ വാശിയായിരുന്നു'- താരം പങ്കുവച്ചു.

ബിജു മേനോൻ - ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന ജിസ് ജോയ് സംവിധാനം ചെയ്‌ത തലവൻ കഴിഞ്ഞദിവസമാണ് തിയേറ്ററുകളിലെത്തിയത്. മികച്ച പ്രേക്ഷക പ്രതികരണമാണ് ചിത്രത്തിനുണ്ടായിരിക്കുന്നത്. ആസിഫ് അലിയുടെ അഭിനയത്തെപ്പറ്റിയാണ് എല്ലാവരും എടുത്ത് പറയുന്നത്.

രണ്ട് വ്യത്യസ്ഥ റാങ്കിലെ പൊലീസ് ഓഫീസർമാരുടെ ഇടയിലുണ്ടാകുന്ന പ്രശ്‌നങ്ങളാണ് ചിത്രത്തിന്റെ പ്രമേയം. മലബാറിലെ നാട്ടിൻപുറങ്ങളെ പ്രധാന പശ്ചാത്തലമാക്കി ഒരുക്കിയിരിക്കുന്ന ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറാണ് ചിത്രം. അനുശ്രീ, മിയ, ദിലീഷ് പോത്തൻ, കോട്ടയം നസീർ, ശങ്കർ രാമകൃഷ്ണൻ, ജോജി കെ. ജോൺ, ദിനേശ്, അനുരൂപ്, നന്ദൻ ഉണ്ണി, ബിലാസ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

ശരത് പെരുമ്പാവൂർ, ആനന്ദ് തേവരക്കാട്ട് എന്നിവരുടേതാണ് തിരക്കഥ. ഛായാഗ്രഹണം - ശരൺ വേലായുധൻ. എഡിറ്റിംഗ് - സൂരജ് ഇ എസ്, കലാസംവിധാനം - അജയൻ മങ്ങാട്, സൗണ്ട് - രംഗനാഥ് രവി. ഈശോ, ചാവേർ എന്നീ ചിത്രങ്ങൾക്ക് ശേഷം അരുൺ നാരായൺ പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന ചിത്രം ലണ്ടൻ സ്റ്റുഡിയോസിന്റെ ബാനറിൽ അരുൺ നാരായൺ, സിജോ സെബാസ്റ്റ്യൻ എന്നിവർ ചേർന്നാണ് നിർമ്മിച്ചത്. പി .ആർ . ഒ വാഴൂർ ജോസ്, ആതിര ദിൽജിത്ത് .