കൊച്ചി: സോഷ്യൽമീഡിയയിൽ നേരിടുന്ന സൈബർ ആക്രമണങ്ങൾക്കെതിരെ നിയമനടപടിയുമായി ബാലതാരം ദേവനന്ദ. കൊച്ചി സൈബർ പൊലീസിനാണ് താരത്തിന്റെ പിതാവ് ജിബിൻ പരാതി നൽകിയിരിക്കുന്നത്. ബാലനന്ദയുടെ പുതിയ ചിത്രമായ'ഗു'വിന്റെ പ്രമോഷനായി നൽകിയ അഭിമുഖത്തിൽ നിന്നുളള ഒരു ഭാഗം കട്ട് ചെയ്ത് സോഷ്യൽ മീഡിയയിൽ തെറ്റായ രീതിയിൽ പ്രചരിപ്പിക്കുന്നുവെന്നാണ് പരാതി.
'എല്ലാവർക്കും നമസ്കാരം, പുതിയ സിനിമ ‘ഗു’വിന്റെ ഭാഗമായി ഞങ്ങളുടെ വീട്ടിൽ വച്ച് ഒരു ചാനലിന് മാത്രം ആയി കൊടുത്ത ഇന്റർവ്യൂവിൽ നിന്ന് ഒരു ഭാഗം മാത്രം കട്ട് ചെയ്ത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുകയും, മോശം പരാമർശങ്ങൾ നടത്തിയവർക്ക് എതിരെയും നിയമ നടപടികളുമായി മുന്നോട്ട് പോകുന്ന വിവരം എന്റെ പ്രിയപ്പെട്ട നിങ്ങളെ എല്ലാവരെയും അറിയിക്കുന്നു'- ദേവനന്ദ കുറിച്ചു.
2019ൽ തീയേറ്ററുകളിലെത്തിയ തൊട്ടപ്പൻ എന്ന ചിത്രത്തിലൂടെയാണ് ദേവനന്ദ വെളളിത്തിരയിലെത്തുന്നത്. തുടർന്ന് ദിലീപ് നായകനായെത്തിയ മൈ സാന്റയിലും മാളികപ്പുറം,2018, നെയ്‌മർ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു.കൂടാതെ ഈ മാസം റിലീസ് ചെയ്ത് തമിഴ് ഹൊറർ ചിത്രം അരൺമനൈ നാലിലും ദേവനന്ദ വേഷമിട്ടു. മണിയൻ പിളള രാജു നിർമിച്ച 'ഗു'വാണ് താരത്തിന്റെ റിലീസിനായി ഒരുങ്ങുന്ന പുതിയ ചിത്രം.