കൊച്ചി: ആഗോള, ആഭ്യന്തര വിപണികളിലെ അനുകൂല ചലനങ്ങളുടെ കരുത്തിൽ പുതിയ റെക്കാഡ് ഉയരത്തിലെത്തിയ ഓഹരി വിപണി വ്യാപാരാന്ത്യത്തിൽ വില്പന സമ്മർദ്ദം നേരിട്ടു. ബോംബെ ഓഹരി സൂചികയായ സെൻസെക്സ് ഒരവസരത്തിൽ 76,000 പോയിന്റ് കടന്നുവെങ്കിലും വ്യാപാരം അവസാനിച്ചപ്പോൾ 19.89 പോയിന്റ് നഷ്ടത്തോടെ 75,390.50ൽ എത്തി. ദേശീയ സൂചികയായ നിഫ്റ്റി ചരിത്രത്തിലാദ്യമായി ഇന്നലെ 23,100ന് മുകളിലെത്തി. വ്യാപാരാന്ത്യത്തിൽ 24.65 പോയിന്റ് ഇടിവോടെ 22,932.45ൽ പൂർത്തിയാക്കി. ഡിവിസ് ലാബ്, ഇൻഡസ് ഇൻഡ് ബാങ്ക്, ആക്സിസ് ബാങ്ക്, എൽ.ടി.ഐമൈൻഡ്ട്രീ, അദാനി പോർട്ട്സ് എന്നിവയാണ് ഇന്നലെ പ്രധാനമായും നേട്ടമുണ്ടാക്കിയത്. അദാനി എന്റർപ്രൈസസ്, വിപ്രോ, ഗ്രാസിം ഇൻഡസ്ട്രീസ്, ഒ.എൻ.ജി.സി എന്നിവ നഷ്ടം നേരിട്ടു.