കടയ്ക്കാവൂർ: നെടുങ്ങണ്ട കോവിൽത്തോട്ടത്തിൽ രണ്ടംഗ സംഘം യുവാവിനെ വെട്ടി പരിക്കേൽപ്പിച്ചു. കായിക്കര ചന്ദ്രനിവാസിൽ അരുൺചന്ദിനാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം രാത്രി നെടുങ്ങണ്ട കോവിൽത്തോട്ടം ആദിത്യ ഹോട്ടലിന് സമീപത്താണ് സംഭവം. ഇരുചക്രവാഹനത്തിൽ പോവുകയായിരുന്ന അരുണിനെ ബൈക്കിൽ ഹെൽമറ്റും മുഖംമൂടിയും ധരിച്ചെത്തിയ രണ്ടുപേർ മാരകായുധങ്ങൾ ഉപയോഗിച്ച് കഴുത്തിൽ വെട്ടുകയും തോൾ എല്ലിന് പരിക്ക് ഏൽപ്പിക്കുകയുമായിരുന്നു. തുടർന്ന് പ്രതികൾ ബൈക്കിൽ രക്ഷപ്പെട്ടു.
ഗുരുതരമായി പരിക്കേറ്റ അരുൺചന്ദ് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ക്രിമിനൽ പശ്ചാത്തലമില്ലാത്ത അരുൺചന്ദിനെ ആളുമാറി ആക്രമിച്ചതാകാമെന്ന് നാട്ടുകാർ പറഞ്ഞു. അഞ്ചുതെങ്ങ് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പ്രതികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കായിക്കര കോൺഗ്രസ് കൂട്ടായ്മ ഉയർന്ന പൊലീസ് ഉദ്യോഗസ്ഥർക്ക് പരാതി നൽകി.