railway
RAILWAY

തിരുവനന്തപുരം: ബംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് സര്‍വീസ് നടത്തുന്ന പ്രതിവാര ട്രെയ്നിന് ഇനി പുത്തന്‍ കോച്ചുകള്‍. ഹുബ്ബളി - കൊച്ചുവേളി പ്രതിവാര എക്സ്പ്രെസിലാണ് പരമ്പരാഗത കോച്ചുകള്‍ പൂര്‍ണമായി ഉപേക്ഷിച്ച ശേഷം അത്യാധുനികമായ എല്‍എച്ച്ബി കോച്ചുകള്‍ ഉപയോഗിക്കുക. സുരക്ഷയും യാത്രാസുഖവും വര്‍ദ്ധിക്കുമെന്നത് യാത്രാക്കാരെ സംബന്ധിച്ച് സന്തോഷകരമായ കാര്യമാണ്.

നിലവില്‍ പരമ്പരാഗത കോച്ചുകളുമായി ഓടുന്ന ട്രെയിനുകളെ ഘട്ടം ഘട്ടമായി എല്‍എച്ച്ബി കോച്ചുകളിലേക്ക് മാറ്റുന്ന പദ്ധതിയുടെ ഭാഗമായിട്ടാണ് നടപടിയെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. ബുധനാഴ്ചകളില്‍ രാവിലെ 6.45ന് ഹുബ്ബളിയില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ വ്യാഴാഴ്ച രാവിലെ 6.30ന് ആണ് കൊച്ചുവേളിയില്‍ എത്തുന്നത്.

വ്യാഴാഴ്ചകളില്‍ ഉച്ചയ്ക്ക് 12.50ന് കൊച്ചുവേളിയില്‍ നിന്ന് പുറപ്പെടുന്ന ട്രെയിന്‍ വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.40ന് ആണ് ഹുബ്ബളിയില്‍ എത്തിച്ചേരുന്നത്. മേയ് 29 മുതലാണ് പുതിയ കോച്ചുകളടങ്ങിയ ട്രെയിന്‍ സര്‍വീസ് ആരംഭിക്കുന്നത്.നിലവിലെ കോച്ചുകള്‍ കാലപ്പഴക്കം ചെന്നതാണെന്നും യാത്രയില്‍ നിരവധി അസൗകര്യങ്ങളുണ്ടെന്നും നേരത്തെ തന്നെ യാത്രക്കാര്‍ ഉന്നയിക്കുന്ന കാര്യമാണ്.

കേരളത്തില്‍ കൂടുതല്‍ ട്രെയിനുകള്‍ എല്‍എച്ച്ബി കോച്ചുകളിലേക്ക് ഉടനെ മാറുമെന്നാണ് റെയില്‍വേ അധികൃതര്‍ നല്‍കുന്ന സൂചന.

എല്‍എച്ച്ബി കോച്ചുകളുടെ പ്രത്യേകത: അപകടങ്ങള്‍ കുറയ്ക്കുന്നതിനും ജീവന്‍ രക്ഷിക്കുന്നതിനുമായി എല്‍എച്ച്ബി കോച്ചുകളില്‍ വിപുലമായ സുരക്ഷാ സംവിധാനങ്ങളുണ്ട്. ഒരു തകര്‍ച്ചയുടെ സമയത്ത് കോച്ചുകള്‍ പരസ്പരം കൂട്ടിയിടിക്കുന്നത് പ്രത്യേക ഡിസൈന്‍ തടയുന്നു.

കൂടാതെ ഭാരം കുറഞ്ഞ സ്റ്റെയിന്‍ലെസ് സ്റ്റീല്‍ ബോഡി അപകടങ്ങളുടെ ആഘാതം കുറയ്ക്കുന്നു. തീപിടിത്ത സാദ്ധ്യത കുറയ്ക്കാന്‍ കോച്ചുകളില്‍ അഗ്നി പ്രതിരോധ സാമഗ്രികളും ഉപയോഗിക്കുന്നു. ശുചിത്വം, വേഗത എന്നിവയിലും പരമ്പരാഗത കോച്ചുകളെക്കാള്‍ വളരെ വ്യത്യസ്ഥമാണ് എല്‍എച്ച്ബി കോച്ചുകള്‍.