ആലപ്പുഴ: തമ്മനം ഫൈസലിന്റെ വീട്ടിൽ ഡിവൈ.എസ്.പി എം.ജി.സാബുവും പൊലീസുകാരും എത്തിയത് വിരമിക്കൽ ചടങ്ങ് ആഘോഷമാക്കാനെന്ന് സൂചന.

ഈ മാസം 31-ന് വിരമിക്കുന്ന ഡിവൈ.എസ്.പി 26നാണ് ഗുണ്ടാത്തലവന്റെ അങ്കമാലിയിലെ വീട്ടിൽ എത്തിയത്.

വിരമിക്കൽ പാർട്ടികളുടെ ഭാഗമായി ഡിവൈ.എസ്.പി ദിവസങ്ങളായി അവധിയിലായിരുന്നു.

ഏതാനും ദിവസം മുമ്പാണ് സ്വകാര്യകാറിൽ ഡ്രൈവറെയും വിശ്വസ്തരായ പൊലീസുകാരെയും കൂട്ടി പുറപ്പെട്ടത്. ഗൂഢല്ലൂർ അടക്കം തമിഴ്നാട്ടിലെ വിവിധ കേന്ദ്രങ്ങളിൽ രണ്ട് ദിവസം നീണ്ട ആഘോഷങ്ങൾക്ക് ശേഷം മടങ്ങവേയാണ് ഫൈസലിന്റെ വീട്ടിലെത്തിയത്.

പുതിയ മമ്മൂട്ടിചിത്രം ടർബോയിൽ തമ്മനം ഫൈസൽ അഭിനയിച്ചിട്ടുണ്ട്. അതിന് അഭിനന്ദിക്കാൻ കൂടിയായിരുന്നു വരവ്.

പെരുമാറ്റ ദൂഷ്യത്തിനും അച്ചടക്ക ലംഘനത്തിനും നടപടികൾക്ക് വിധേയനായിട്ടുള്ള സാബു സ്പെഷ്യൽ ബ്രാഞ്ചിന്റെ ചുമതലയിലിരിക്കെ ആലപ്പുഴയിലെ ഗുണ്ടാ സംഘങ്ങളുമായി ചങ്ങാത്തം പുലർത്തിയെന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്.

യാത്രയയപ്പിന് കെട്ടിയ

പന്തൽ പൊളിച്ചുമാറ്റി

ഗുണ്ടയുടെ സത്ക്കാരത്തിൽ പങ്കെടുത്ത സംഭവം പുറത്തായതിന് പിന്നാലെ ഡിവൈ.എസ്.പി സാബുവിന് യാത്രയയപ്പിനായി ആലപ്പുഴ ക്രൈംബ്രാഞ്ച് ഓഫീസ് വളപ്പിൽ കെട്ടിയ പന്തൽ ഇന്നലെ ഉച്ചയോടെ നീക്കം ചെയ്തു. ഞായറാഴ്ചയാണ് പന്തലൊരുക്കിയത്.

`സംഘത്തിൽ ഡിവൈ.എസ്.പി ഉണ്ടായിരുന്നില്ലെന്നും പൊലീസുകാർ മാത്രമാണ് ഉണ്ടായിരുന്നതെന്നുമാണ് ലഭിച്ചവിവരം. പൊലീസുകാരുടെ ഫോൺകോൾ വിവരങ്ങൾ പരിശോധിച്ചതിൽ ഗുണ്ടാത്തലവനുമായി ബന്ധമുള്ളതിന് തെളിവില്ല.'

-ചൈത്ര തെരേസ ജോൺ

ആലപ്പുട പൊലീസ് മേധാവി

-