gulf

തിരുവനന്തപുരം: നാട്ടിലേക്കുള്ള യാത്രയില്‍ പ്രവാസി മലയാളികളെ സംബന്ധിച്ച് വലിയ ബുദ്ധിമുട്ടാണ് വിമാനയാത്രാ ടിക്കറ്റും അതിന് വേണ്ടി വരുന്ന ഭാരിച്ച ചിലവും. പലപ്പോഴും വലിയ നിരക്ക് കൊടുത്താല്‍ പോലും ടിക്കറ്റ് ലഭിക്കുമെന്ന് ഉറപ്പുമില്ല. ഈ സാഹചര്യത്തിന് ഒരു ബദല്‍ സംവിധാനം എന്ന നിലയില്‍ കേരളത്തില്‍ നിന്ന് യുഎഇയിലേക്കും തിരിച്ചുമുള്ള കപ്പല്‍ സര്‍വീസ് ഉടനെ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. തുറമുഖ വകുപ്പ് മന്ത്രിയാണ് ഇക്കാര്യം സ്ഥിരീകരിച്ചിരിക്കുന്നത്.

ചിലവേറിയ വിമാനയാത്രയ്ക്ക് ഒരു ബദല്‍ സംവിധാനം വേണം എന്നത് പ്രവാസി സമൂഹത്തിന്റെ വളരെ നീണ്ട കാലത്തെ ഒരു ആവശ്യമാണ്. ഇത് പരിഗണിച്ചാണ് കപ്പല്‍ യാത്ര സംവിധാനം ഒരുങ്ങുന്നത്. കപ്പല്‍ യാത്രയുമായി ബന്ധപ്പെട്ട് നാല് കമ്പനികള്‍ സര്‍ക്കാരിനെ സമീപിച്ചിട്ടുണ്ട്. സന്നദ്ധത അറിയിച്ച് നാല് കമ്പനികള്‍ സമ്മതപത്രം സമര്‍പ്പിച്ചുവെന്നും മന്ത്രി വ്യക്തമാക്കുന്നു.

'ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസി മലയാളികളുടെ എക്കാലത്തെയും പ്രധാന ആവശ്യമാണ് സീസണ്‍കാലത്തെ ഗള്‍ഫിനും കേരളത്തിനുമിടയിലുള്ള ചെലവേറിയ വിമാനയാത്രക്ക് ബദല്‍ സംവിധാനം ഒരുക്കുക എന്നുള്ളത്. ഈ പ്രശ്‌നത്തിന് പരിഹാരം കാണുന്നതിന് ഗള്‍ഫിനും കേരളത്തിനുമിടയില്‍ ഒരു കപ്പല്‍ സര്‍വീസ് ആരംഭിക്കുന്നത് സര്‍ക്കാരിന്റെ പരിഗണനയില്‍ ഉണ്ടായിരുന്നു.' മന്ത്രി ഫെയ്‌സ്ബുക്കില്‍ കുറിച്ചു.


കപ്പല്‍ സര്‍വ്വീസ് നടത്തുന്നതിന് സര്‍ക്കാരിന് കീഴിലുള്ള കേരള മാരിടൈം ബോര്‍ഡ് താത്പര്യപത്രം ക്ഷണിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട് മാര്‍ച്ച് 27 ന് കൊച്ചിയില്‍ വെച്ച് ഷിപ്പിംഗ് മേഖലയിലെ വിവിധ കമ്പനികളും കൊച്ചിന്‍ പോര്‍ട്ട് അതോറിറ്റി, കൊച്ചിന്‍ ഷിപ്പ്യാര്‍ഡ്, ടൂറിസം വകുപ്പ്, നോര്‍ക്ക ഉള്‍പ്പടെയുള്ളവരുമായി ചര്‍ച്ച നടത്തിയിരുന്നു. തുടര്‍ നടപടികളുടെ ഭാഗമായി താല്‍പര്യപത്രം സമര്‍പ്പിച്ച കമ്പനികളെ ചര്‍ച്ചക്ക് ക്ഷണിച്ചിരുന്നു. കമ്പനി പ്രതിനിധികളുമായി കേരള മാരിടൈം ബോര്‍ഡ് അധികൃതര്‍ നടത്തിയ ചര്‍ച്ച വിജയകരമാണ്.

കേരളത്തിനും ഗള്‍ഫിനുമിടയില്‍ കപ്പല്‍ സര്‍വീസ് കുറഞ്ഞ ചെലവില്‍ ഉടന്‍ തന്നെ യാഥാര്‍ത്ഥ്യമാകുന്ന പ്രവര്‍ത്തനങ്ങള്‍ ആണ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. മൂന്ന് മുതല്‍ നാല് ദിവസം വരെയായിരിക്കും യാത്രാ സമയം. അതിന് പ്രവാസികള്‍ പ്രതീക്ഷിക്കുന്ന കുറഞ്ഞ നിരക്ക്, അനുവദിക്കാവുന്ന ലഗേജ്, ഷിപ്പിംഗ് കമ്പനികള്‍ ഉന്നയിക്കുന്ന വിവിധ ആവശ്യങ്ങള്‍ സര്‍ക്കാറിനും മാരിടൈം ബോര്‍ഡിനും പരിഹരിക്കാനാകുന്നതാണോ തുടങ്ങിയ കാര്യങ്ങളിലും വിശദമായ പഠനം നടത്തുന്നുണ്ട്. വൈകാതെ തന്നെ പദ്ധതി പ്രാബല്യത്തില്‍ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.