home

സ്വന്തമായി ഒരു വീട് എന്നത് നമ്മുടെയെല്ലാം സ്വപ്‌നമാണ്. പണികഴിപ്പിക്കാന്‍ ഉദ്ദേശിക്കുന്ന വീട് എത്തരത്തിലായിരിക്കണമെന്നത് സംബന്ധിച്ചും നമുക്കെല്ലാവര്‍ക്കും നല്ല ധാരണയുണ്ടാകും. ഒരു കാലത്ത് കേരളത്തില്‍ പണികഴിപ്പിക്കുന്നത് കൂടുതലും ആഡംബരം എടുത്ത് കാണിക്കുകയെന്ന ലക്ഷ്യത്തോടെ വലിയ ഭവനങ്ങളായിരുന്നു. എന്നാല്‍ ഇപ്പോള്‍ അത്തരം വലിയ വീടുകളോട് ആളുകളുടെ താത്പര്യം കുറയുന്നുവെന്നാണ് ഈ മേഖലയിലെ വിദഗ്ദ്ധര്‍ പറയുന്നത്.

വലിയ വീടിനോടുള്ള താത്പര്യം കുറയുന്നതിന് നിരവധി കാരണങ്ങള്‍ ചൂണ്ടിക്കാണിക്കപ്പെടുന്നുമുണ്ട്. കൂട്ടുകുടുംബങ്ങളില്‍ നിന്ന് അണുകുടുംബങ്ങളിലേക്ക് സാമൂഹിക വ്യവസ്ഥിതി വ്യാപിച്ചതോടെ കുടുംബാംഗങ്ങളുടെ എണ്ണം പരമാവധി നാല് വരെയായി കുറഞ്ഞിട്ടുണ്ട്. ഇത് തന്നെയാണ് വലിയ വീടുകളോടുള്ള താത്പര്യം കുറയാന്‍ കാരണം. ഉള്ളത് മുഴുവന്‍ ചിലവാക്കിയും കടം വരുത്തിവച്ചും പണിയുന്ന വലിയ വീടുകളില്‍ നല്ലൊരു ശതമാനം സ്ഥലവും ഉപയോഗിക്കാതെ കിടക്കുന്നവയാണ്.

അതുകൊണ്ട് തന്നെ ആവശ്യത്തിന് സ്ഥലം മാത്രം ഉപയോഗിച്ച് കുറഞ്ഞ ചിലവില്‍ ചെറിയ വീടുകള്‍ പണിയുന്നതാണ് ഇപ്പോള്‍ ആളുകള്‍ക്ക് പ്രിയം. കുടുംബാംഗങ്ങളുടെ എണ്ണം ഭാവിയില്‍ വര്‍ദ്ധിച്ചാല്‍ അടിസ്ഥാന രൂപരേഖയില്‍ മാറ്റമില്ലാതെ തന്നെ വിപുലീകരിക്കാന്‍ കഴിയുന്ന വീടുകള്‍ പണിയുന്നതിനാണ് ഇപ്പോള്‍ ആളുകള്‍ക്ക് താത്പര്യം. ഈ ഒരു ട്രെന്‍ഡ് വ്യാപിച്ച് വരികയാണെന്നും ഒരുപക്ഷേ അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ കേരളത്തിലെ ഭൂരിഭാഗം പുതിയ വീടുകളും ഇത്തരത്തില്‍ പണികഴിപ്പിക്കാനാണ് സാദ്ധ്യതയെന്നും ആര്‍ക്കിടെക്റ്റുമാരും ബിള്‍ഡര്‍മാരും പറയുന്നു.

ഇത്തരത്തിലുള്ള വീടുകള്‍ നിര്‍മിക്കുമ്പോള്‍ ചിലവ് 15 ലക്ഷം മുതല്‍ മുകളിലേക്കാണ് വരിക. ഓരോരുത്തരുടെ ആവശ്യത്തിന് അനുസരിച്ച് വീട് പണിയുമ്പോള്‍ നിരക്ക് വര്‍ദ്ധിക്കും. 15 മുതല്‍ 17 ലക്ഷം രൂപ വരെ മുടക്കിയാല്‍ ഇത്തരത്തില്‍ ഭാവിയില്‍ വിപുലീകരിക്കാന്‍ കഴിയുന്ന തരത്തില്‍ വീട് നിര്‍മിക്കാനാകും. 1000 സ്‌ക്വയര്‍ ഫീറ്റില്‍ പരമാവധി സ്ഥലം ഉപയോഗപ്പെടുത്തി അനാവശ്യ സ്‌പേസുകള്‍ കുറച്ച് വീട് നിര്‍മ്മിക്കുന്നതാണ് ഈ ശൈലി.

ലിവിങ്, ഡൈനിങ്, കിച്ചന്‍, രണ്ടു ബെഡ്റൂം, അറ്റാച്ഡ് ബാത്‌റൂം എന്നിവയാണ് ഈ ശ്രേണിയിലെ വീടുകളില്‍ പണിയുക. മുകളില്‍ ചെറിയ സിറ്റിങ് സ്പേസ് ക്രമീകരിക്കാനും കഴിയും. ഭാവിയില്‍ കുടുംബം വികസിക്കുമ്പോള്‍ മുകളിലേക്ക് മുറികള്‍ കൂട്ടിച്ചേര്‍ത്ത് വീട് വിപുലപ്പെടുത്താനും സാധിക്കും.