കൊച്ചി: കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ കേരളത്തിലെ നാല് സ്വകാര്യ ബാങ്കുകളുടെ സംയോജിത ലാഭം 4,218 കോടി രൂപയായി ഉയര്‍ന്നു. ആലുവ ആസ്ഥാനമായ ഫെഡറല്‍ ബാങ്കിന്റെ ലാഭം 24 ശതമാനം വര്‍ദ്ധിച്ച് 3,721 കോടി രൂപയിലെത്തി. തൃശൂരിലെ സൗത്ത് ഇന്ത്യന്‍ ബാങ്ക് 1,070 കോടി രൂപയുടെ അറ്റാദായം കൈവരിച്ചു. സി.എസ്.ബി ബാങ്ക് 151.5 കോടി രൂപയും ധനലക്ഷ്മി ബാങ്ക് 58 കോടി രൂപയും അറ്റാദായം നേടി.
നാണയപ്പെരുപ്പം നിയന്ത്രിക്കുന്നതിനായി 2022 മേയ് മുതല്‍ ആറ് തവണയായി മുഖ്യ നിരക്കായ റിപ്പോ 2.5 ശതമാനം വര്‍ദ്ധിപ്പിച്ച് 6.5 ശതമാനമാക്കിയതോടെ പലിശ മാര്‍ജിന്‍ ഗണ്യമായി മെച്ചപ്പെട്ടതാണ് ലാഭത്തില്‍ കുതിപ്പുണ്ടാക്കിയത്.
അതേസമയം സാമ്പത്തിക വര്‍ഷത്തിലെ അവസാന ത്രൈമാസക്കാലയളവില്‍ ബാങ്കുകള്‍ക്ക് ലാഭം മെച്ചപ്പെടുത്താനായില്ല. ജനുവരി മുതല്‍ മാര്‍ച്ച് വരെ ഫെഡറല്‍ ബാങ്കിന്റെ അറ്റാദായം 0.4 ശതമാനം ഉയര്‍ന്ന് 906.3 കോടി രൂപയായി. സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ അറ്റാദായം ഇക്കാലയളവില്‍ 14 ശതമാനം ഇടിഞ്ഞ് 287.56 കോടി രൂപയിലെത്തി. സി.എസ്.ബി ബാങ്കിന്റെ അറ്റാദായം 3.1 ശതമാനം കുറഞ്ഞ് 151.5 കോടി രൂപയിലെത്തി. ധനലക്ഷ്മി ബാങ്കിന്റെ ലാഭം 91 ശതമാനം കുറഞ്ഞ് 3.31 കോടിയായി.
പലിശ വരുമാനം കുതിക്കുന്നു
ഫെഡറല്‍ ബാങ്കിന്റെ പലിശ വരുമാനം മാര്‍ച്ച് പാദത്തില്‍ 15 ശതമാനം ഉയര്‍ന്ന് 2,195 കോടി രൂപയിലെത്തി. സൗത്ത് ഇന്ത്യന്‍ ബാങ്ക് ഇക്കാലയളവില്‍ 874.67 കോടി രൂപയാണ് പലിശ ഇനത്തില്‍ നേടിയത്. സി.എസ്.ബി ബാങ്കിന്റെ പലിശ വരുമാനം 11 ശതമാനം ഉയര്‍ന്ന് 387 കോടി രൂപയിലെത്തി. അതേസമയം ധനലക്ഷ്മി ബാങ്കിന്റെ പലിശ വരുമാനം 9 ശതമാനം കുറഞ്ഞ് 104.86 കോടിയായി.
കിട്ടാക്കടങ്ങള്‍ കുറയുന്നു
അവലോകന കാലയളവില്‍ ഫെഡറല്‍ ബാങ്കിന്റെ മൊത്തം നിഷ്‌ക്രിയ ആസ്തി(എന്‍.പി.എ) 2.13 ശതമാനമായാണ് കുറഞ്ഞത്. സൗത്ത് ഇന്ത്യന്‍ ബാങ്കിന്റെ എന്‍.പി.എ 5.14 ശതമാനമായാണ് കുറഞ്ഞത്. ധനലക്ഷ്മി ബാങ്കിന്റെ മൊത്തം എന്‍.പി.എ 1.14 ശതമാനം കുറഞ്ഞ് 4.05 ശതമാനത്തിലെത്തി. സി.എസ്.ബി ബാങ്കിന്റെ എന്‍.പി.എ 1.47 ശതമാനമാണ്.