അഹമ്മദാബാദ് : രാജ്കോട്ടിലെ ഗെയിമിംഗ് സെന്ററിലെ തീപിടിത്തത്തിൽ 33 പേർക്ക് ജീവഹാനി ഉണ്ടായ സംഭവത്തിൽ സംസ്ഥാന സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി ഗുജറാത്ത് ഹൈക്കോടതി. അനധികൃത സെന്റർ മൂന്നു വർഷമായി പ്രവർത്തിച്ചിട്ടും കാഴ്ചക്കാരായി നിന്ന സർക്കാരിനെ വിശ്വാസിക്കാൻ കഴിയില്ലെന്ന് കോടതി പറഞ്ഞു. സംഭവത്തിൽ കോടതി സ്വമേധയാ കേസെടുക്കുകയും ചെയ്തു,
രാജ്കോട്ട് മുനിസിപ്പൽ കോർപ്പറേഷന്റെ വീഴ്ചകളെയും ഒന്നൊന്നായി എടുത്തുപറഞ്ഞ് കോടതി വിമർശിച്ചു. അഗ്നിക്കിരയായ ഗെയിമിംഗ് സെന്റർ ലൈസൻസോ അഗ്നിരക്ഷാ സംവിധാനങ്ങളോ ഇല്ലാതെയാണ് പ്രവർത്തിച്ചത്. പ്രവർത്തനാനുമതി തേടിയിരുന്നില്ലെന്ന് കോർപറേഷൻ ബോധിപ്പിച്ചപ്പോൾ ജസ്റ്റിസുമാരായ ബിരൻ വൈഷ്ണവും ദേവൻ ദേശായിയും ഉൾപ്പെട്ട ബെഞ്ച് പൊട്ടിത്തെറിച്ചു. ഉദ്യോഗസ്ഥർ ഉറങ്ങുകയായിരുന്നോ എന്ന് കോടതി ചോദിച്ചു. 2021ൽ സെന്റർ പ്രവർത്തിച്ചു തുടങ്ങിയതു മുതൽ ഇങ്ങോട്ടുള്ള മുനിസിപ്പൽ കമ്മിഷണർമാർ ഉത്തരവാദികളാണ്. ഓരോരുത്തരും പ്രത്യേകം പത്യേകം വിശദീകരണം സമർപ്പിക്കണമെന്നും കോടതി നിർദ്ദേശിച്ചു.
അഹമ്മദാബാദിൽ ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന രണ്ട് ഗെയിമിംഗ് സെന്ററുകളുണ്ടെന്നും 72 മണിക്കൂറിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കൻ പ്രത്യേക സംഘം രൂപീകരിച്ചിട്ടുണ്ടെന്നും സർക്കാർ അറിയിച്ചു. നാല് വർഷത്തിനിടെ സംസ്ഥാനത്ത് ഇത്തരത്തിലുള്ള ആറ് സംഭവങ്ങളുണ്ടായതായി കോടതി നിരീക്ഷിച്ചു. കോടതിയുടെ രൂക്ഷ വിമർശനത്തിന് പിന്നാലെ രാജ്കോട്ട് മുനിസിപ്പൽ, പൊലീസ് കമ്മിഷണർമാരെ സർക്കാർ സ്ഥലംമാറ്റി. അഹമ്മദാബാദ് പൊലീസ് കമ്മിഷണറെ രാജ്കോട്ടിൽ നിയമിച്ചു.