പാരീസ് : കളിമൺ കോർട്ടിലെ രാജകുമാരൻ സ്പാനിഷ് ടെന്നിസ് ഇതിഹാസം റാഫേൽ നദാലിന് ഫ്രഞ്ച് ഓപ്പണിന്റെ ആദ്യ റൗണ്ടിൽ തോൽവിയോടെ മടക്കം. ജർമ്മൻ താരം അലക്സാണ്ടർ സ്വരേവാണ് മൂന്ന് മണിക്കൂറോളം നീണ്ട പോരാട്ടത്തിൽ നേരിട്ടുള്ള സെറ്റുകളിൽ നദാലിനെ പരാജയപ്പെടുത്തിയത്. സ്കോർ: 6-3,7-6,6-3. രണ്ടാം സെറ്റിൽ നദാൽ തിരിച്ചുവരവിന്റെ സൂചനകൾ കാണിച്ചെങ്കിലും ടൈബ്രേക്കറോളം നീണ്ട പോരാട്ടത്തിനൊടുവിൽ സ്വരേവ് തന്നെ സവ്ന്തമാക്കി. ആദ്യ സെറ്റിലെ മൂന്നാം സെറ്റും 6-3ന് സ്വന്തമാക്കി സ്വരേവ് ചരിത്ര വിജയം സ്വന്തമാക്കി. ഫ്രഞ്ച് ഓപ്പണിൽ ആദ്യമായാണ് നദാൽ ആദ്യ റൗണ്ടിൽ പുറത്താകുന്നത്. ഫ്രഞ്ച് ഓപ്പണിൽ കരിയറിൽ നദാലിന്റെ നാലാമത്തെ മാത്രം തോൽവിയാണിത്.
37കാരനായ നദാലിന്റെ കരിയറിലെ അവസാന ഫ്രഞ്ച് ഓപ്പൺ ടൂർണമന്റാണ് ഇതെന്നാണ് ആരാധകർ കരുതുന്നത്.
എന്നാൽ വിരമിക്കലിനെക്കുറിച്ച് നൂറ് ശതമാനം ഉറപ്പ് പറയാനാകില്ലെന്ന് മത്സരശേഷം റാഫ പറഞ്ഞു. ഉടൻ തന്നെ ഇവിടെ ഒളിമ്പിക്സിൽ മത്സരിക്കാൻ എത്താമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം വ്യക്തമാക്കി. ഫ്രഞ്ച് ഓപ്പണിൽ നദാലിനെ തോൽപ്പിക്കുന്ന മൂന്നാമത്തെ താരമാണ് സ്വരേവ്. ഫ്രഞ്ച് ഓപ്പണിൽ 14 തവണ ചാമ്പ്യനായിട്ടുണ്ട് നദാൽ. ഏറ്റവും കൂടുതൽ തവണ ഫ്രഞ്ച് ഓപ്പൺ സിംഗിൾസ് കിരീടം നേടിയ താരവും നദാൽ തന്നെ. മറ്റൊരു സൂപ്പർ താരം ബ്രിട്ടൺന്റെ ആൻഡിമുറെയും ആദ്യ റൗണ്ടിൽ പുറത്തായിരുന്നു. സ്റ്റാൻ വാവ്റിങ്കയാണ് മുറെയെ തോപ്പിച്ചത്.
വനിതാ സിംഗിൾസിൽ നിലവിലെ ചാമ്പ്യൻ ഇഗ സ്വിയാറ്റക് രണ്ടാം റൗണ്ടിൽ കടന്നു. ക്വാളിഫയർ ജയിച്ചെത്തിയ ലിയോലിന ജീൻജീനിനെ നേരിട്ടുള്ള സെറ്റുൾക്ക് അനായാസം കീഴടക്കിയാണ് ഇഗ രണ്ടാം റൗണ്ടിൽ എത്തിയത്.കോകോ ഗോഫ്, ഒൺസ് ജാബിയൂർ എന്നിവരും രണ്ടാം റൗണ്ടിൽ എത്തി.