dysp-mg-sabu

ആലപ്പുഴ: തമ്മനം ഫൈസലിന്റെ വീട്ടിൽ ഡിവൈഎസ്‌പി എംജി സാബുവും പൊലീസുകാരും എത്തിയത് വിരമിക്കൽ ചടങ്ങ് ആഘോഷമാക്കാനെന്ന് സൂചന. ഈ മാസം 31ന് വിരമിക്കുന്ന ഡിവൈഎസ്‌പി 26നാണ് ഗുണ്ടാത്തലവന്റെ അങ്കമാലിയിലെ വീട്ടിൽ എത്തിയത്. വിരമിക്കൽ പാർട്ടികളുടെ ഭാഗമായി ഡിവൈഎസ്‌പി ദിവസങ്ങളായി അവധിയിലായിരുന്നു.

സിനിമാനടനായ സുഹൃത്തിന്റെ വീട്ടിലേക്കെന്ന് പറഞ്ഞാണ് ഡിവൈഎസ്പി തങ്ങളെ കൊണ്ടുപോയതെന്ന് എംജി സാബുവിനൊപ്പമുണ്ടായിരുന്ന പൊലീസുകാർ മൊഴി നൽകി. എന്നാൽ ഫൈസലിനെ കാണണമെന്ന പൊലീസുകാരുടെ ആഗ്രഹത്തെ തുടർന്നാണ് അവിടെ പോയതെന്നാണ് ഡിവൈഎസ്പി മേലധികാരികളോട് വിശദീകരിച്ചത്.

ഗൂഢല്ലൂർ അടക്കം തമിഴ്നാട്ടിലെ വിവിധ കേന്ദ്രങ്ങളിൽ രണ്ട് ദിവസം നീണ്ട ആഘോഷങ്ങൾക്ക് ശേഷം മടങ്ങവേയാണ് ഫൈസലിന്റെ വീട്ടിലെത്തിയത്. ഏതാനും ദിവസം മുമ്പാണ് സ്വകാര്യകാറിൽ ഡ്രൈവറെയും വിശ്വസ്തരായ പൊലീസുകാരെയും കൂട്ടി ഡിവൈഎസ്പി പുറപ്പെട്ടത്. പുതിയ മമ്മൂട്ടിചിത്രം ടർബോയിൽ തമ്മനം ഫൈസൽ അഭിനയിച്ചിട്ടുണ്ട്. അതിന് അഭിനന്ദിക്കാൻ കൂടിയായിരുന്നു വരവ് എന്നാണ് വിവരം. പെരുമാറ്റ ദൂഷ്യത്തിനും അച്ചടക്ക ലംഘനത്തിനും നടപടികൾക്ക് വിധേയനായിട്ടുള്ള സാബു സ്‌പെഷ്യൽ ബ്രാഞ്ചിന്റെ ചുമതലയിലിരിക്കെ ആലപ്പുഴയിലെ ഗുണ്ടാ സംഘങ്ങളുമായി ചങ്ങാത്തം പുലർത്തിയെന്ന വിവരങ്ങളും പുറത്തുവന്നിരുന്നു.

ഗുണ്ടയുടെ സത്ക്കാരത്തിൽ പങ്കെടുത്ത സംഭവം പുറത്തായതിന് പിന്നാലെ ഡിവൈ.എസ്.പി സാബുവിന് യാത്രയയപ്പിനായി ആലപ്പുഴ ക്രൈംബ്രാഞ്ച് ഓഫീസ് വളപ്പിൽ കെട്ടിയ പന്തൽ ഇന്നലെ ഉച്ചയോടെ നീക്കം ചെയ്തു. ഞായറാഴ്ചയാണ് പന്തലൊരുക്കിയത്.

'ഓപ്പറേഷൻ അഗ്നി'യെന്ന പേരിൽ നാടാകെ പൊലീസ് ഗുണ്ടാവേട്ട തുടരവേയാണ്, കുപ്രസിദ്ധഗുണ്ടയുടെ വീട്ടിൽ ഡിവൈഎസ്പി വിരുന്നിന് എത്തിയത്. 26ന് നടന്ന സംഭം ഇന്നലെയാണ് പുറത്തറിഞ്ഞത്. ഇതോടെ മുഖ്യമന്ത്രി അടിയന്തര നിർദേശപ്രകാരം ഡിവൈഎസ്പിയെ സസ്‌പെൻഡ് ചെയ്തു. ഡിവൈഎസ്പിയ്ക്ക് ഒപ്പമുണ്ടായിരുന്ന മൂന്ന് പൊലീസുകാരെയും സസ്‌പെൻഡ് ചെയ്തിട്ടുണ്ട്.

ഫൈസലിന്റെ വീടും പരിസരവും നേരത്തേ മുതൽ പൊലീസിന്റെ നിരീക്ഷണത്തിലായിരുന്നു. പലരും വന്നുപോകുന്നതായി രഹസ്യവിവരം ലഭിച്ച റൂറൽ പൊലീസ് മേധാവി ഡോ. വൈഭവ് സക്‌സേന അങ്കമാലി എസ്‌ഐയെ അവടേക്ക് അയച്ചു. ഗുണ്ടയ്‌ക്കൊപ്പമിരുന്ന് ഭക്ഷണം കഴിക്കവേയാണ് എസ്‌ഐ എത്തിയത്. ഇതുകണ്ട് ഡിവൈഎസ്പി കുളിമുറിയിലൊളിച്ചു. മറ്റു മൂന്നുപേർ തന്റെ ജോലിക്കാരെന്നാണ് ഫൈസൽ എസ്‌ഐയോട് പറഞ്ഞത്.

മൂന്നു പേരെയും സ്‌റ്റേഷനലേക്ക് കൂട്ടിക്കൊണ്ടുപോയപ്പോഴാണ് പൊലീസുകാരാണെന്നും കൂടെ ഉണ്ടായിരുന്നത് ഡിവൈ.എസ്.പിയാണെന്നും വെളിപ്പെടുത്തിയത്. വിരുന്നിന് കൊണ്ടുപോയത് ഡിവൈഎസ്പിയെന്നാണ് പൊലീസുകാരുടെ മൊഴി. എങ്ങും പോയിട്ടില്ലെന്നും ആലപ്പുഴയിലെ വീട്ടിൽ ഉണ്ടായിരുന്നുവെന്നും ഡിവൈഎസ്പി ആലപ്പുഴ ജില്ലാ പൊലീസ് മേധാവിക്ക് വിശദീകരണം നൽകി.

പൊലീസുകാരുടെ കോൾ വിശദാംശങ്ങൾ പരിശോധിച്ചപ്പോൾ, അവർ ഗുണ്ടയെ ബന്ധപ്പെട്ടിട്ടില്ലെന്ന് ബോദ്ധ്യമായി. സത്കാരം നടന്നിട്ടില്ലെന്നും ഡിവൈഎസ്പി വന്നിട്ടില്ലെന്നുമാണ് ഗുണ്ടയുടെ മൊഴി. എറണാകുളം റൂറൽ പൊലീസ് പരിധിയിൽ ദീർഘകാലം ജോലിചെയ്തിരുന്ന സാബു തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നതിന് പിന്നാലെയാണ് ആലപ്പുഴയിലെത്തിയത്. സംസ്ഥാന പൊലീസ് മേധാവിയുടെ നിർദേശപ്രകാരം റേഞ്ച് ഐജി അന്വേഷണം നടത്തിയാണ് മുഖ്യമന്ത്രിക്ക് റിപ്പോർട്ട് നൽകിയത്.