പുത്തൂർ (കർണാടക): 30 വർഷംമുമ്പ് മരിച്ച പെൺകുട്ടിക്ക് 30 വർഷംമുമ്പ് മരിച്ച വരൻ വേണമെന്ന പത്രപരസ്യം കണ്ടവരെല്ലാം ഞെട്ടി. ഞെട്ടിയെന്ന് പറഞ്ഞാൽ കർണാടക പുത്തൂർ നിവാസികൾ ഒഴികെ. കുലവും ജാതിയും സമാനമായ, 30വർഷം മുമ്പ് മരിച്ച യുവാവിന്റെ കുടുംബത്തിൽനിന്ന് അനുയോജ്യമായ ആലോചന ക്ഷണിക്കുന്നുവെന്നായിരുന്നു പരസ്യം.
സംഭവം തുളുനാട്ടിലെ ഒരാചാരമാണ്. ‘പ്രേത മദുവെ’ അഥവാ ആത്മാക്കളുടെ വിവാഹം എന്ന ആചാരം മംഗളൂരു, പുത്തൂർ, കാസർകോട് അതിർത്തി പ്രദേശക്കാർക്ക് പരിചിതമാണ്. എന്നാൽ അതിനായി പത്രപ്പരസ്യം കൊടുത്തത് ഇതാദ്യമാണെന്ന് മാത്രം. പുത്തൂരിലെ കുലാല ജാതിയിൽപെട്ട കുടുംബമാണ് പരസ്യം നൽകിയത്. കുടുംബത്തിൽ തുടർച്ചയായി കഷ്ടപ്പാടുകളുണ്ടായപ്പോൾ പരിഹാരം തേടിയതാണ്. 30 വർഷം മുമ്പ് മരിച്ച പെൺകുട്ടിയാണത്രെ ഇപ്പോൾ കുടുംബത്തിന്റെ ‘സമാധാനം’ കെടുത്തുന്നത്. പരിഹാരമായി വിവാഹം നടത്തണം. നാട്ടിൽ അന്വേഷിച്ചപ്പോൾ 30 വർഷംമുമ്പ് മരിച്ച വരനില്ല. തുടർന്നാണ് ദക്ഷിണ കർണാടകത്തിൽ നല്ല വായനക്കാരുള്ള സായാഹ്‌ന പത്രത്തിൽ പരസ്യം കൊടുത്തത്.
കഴിഞ്ഞ 12ന് നൽകിയ പരസ്യത്തിൽ അമ്പതോളം ആലോചന വന്നു; മഞ്ചേശ്വരത്തിനടുത്ത ബായാറിൽനിന്ന് ചെക്കനും ശരിയായി. ബായാറിലെ വീട്ടുകാർ പെൺവീട് സന്ദർശിച്ചു. പെൺവീട്ടുകാർ ഞായറാഴ്‌ച വരന്റെ വീട്ടിലെത്തി കല്യാണ നിശ്‌ചയവും നടത്തി. തുളു ആടി മാസത്തിൽ (ഓഗസ്‌റ്റ്) കല്യാണവും തീരുമാനിച്ചു.