jackfruit

കേരളത്തിൽ വളരെ സുലഭമായി കണ്ടുവരുന്ന ഒന്നാണ് ചക്ക. പുറംതൊലി ഒഴികെ ചക്കയുടെ എല്ലാ ഭാഗങ്ങളും ഭക്ഷ്യയോഗ്യമാണ്. വിവിധ തരം വിഭവങ്ങൾ ചക്ക ഉപയോഗിച്ച് ഉണ്ടാകാറുണ്ട്. വിദേശത്ത് അടക്കം ചക്കയ്ക്ക് ഇപ്പോൾ ആരാധകർ ഏറെയാണ്. രുചി മാത്രമല്ല ചക്കയെ ഇത്രയും ഇഷ്ടപ്പെടുന്നതിന്റെ മറ്റൊരു കാരണം അതിന്റെ ആരോഗ്യ ഗുണം കൂടിയാണ്. എന്നാൽ പലർക്കും ചക്കയുടെ ശരിയായ ആരോഗ്യ ഗുണങ്ങളെക്കുറിച്ച് അറിയില്ല. അവ എന്തെന്ന് നോക്കിയാലോ?.

രോഗപ്രതിരോധശേഷി

ചക്കയിൽ ഉയർന്ന അളവിൽ വിറ്റാമിൻ സിയും ആന്റിഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ഇത് രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു.

ഊർജ്ജം

കാർബോഹെെഡ്രേറ്റ് അടങ്ങിയിരിക്കുന്ന ഒരു ഫലമാണ് ചക്ക. ഇത് കഴിക്കുന്നത് ശരീരത്തിന് നല്ലപോലെ ഊർജ്ജം നൽകുന്നു. ചക്കയിലുള്ള പഞ്ചസാര എളുപ്പത്തിൽ ദഹിക്കുന്നതിനാൽ ശരീരത്തിന് ചക്ക വളരെ നല്ലതാണ്.

ഹൃദയാരോഗ്യം

ചക്കയിൽ പൊട്ടാസ്യം ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇത് ഹൃദയത്തിലേയും മറ്റും രക്തചംക്രമണത്തിന് സഹായിക്കുന്നു. കൂടാതെ പൊട്ടാസ്യം ഹൃദയത്തിന്റെ പേശികളുടെ പ്രവർത്തനം ഏകോപിപ്പിക്കുകയും പരിപാലിക്കുകയും ചെയ്യുന്നു.

ദഹനം

ചക്കയിൽ ധാരാളം നാരുകൾ അടങ്ങിയിട്ടുണ്ട്. ഇവ ദഹനത്തിന് സഹായിക്കുന്നു.

ക്യാൻസർ തടയുന്നു

ആന്റിഓക്‌സിഡന്റുകൾ, ഫെെറ്റേ ന്യൂട്രിയന്റുകൾ, ഫേവനോയ്‌ഡുകൾ എന്നിവയാൽ സമ്പന്നമാണ് ചക്ക. ആന്റിഓക്സിഡന്റുകൾ ശരീരത്തിൽ ഉൽപ്പാദിപ്പിക്കുന്ന വിഷവസ്തുക്കളെയും ദോഷകരമായ ഫ്രീ റാഡിക്കലുകളെയും ഇല്ലാതാക്കുന്നു. ടോക്‌സിനുകളും ഫ്രീ റാഡിക്കലുകളും ക്യാൻസറിന് കാരണമാകുന്നവയാണ്.

കാഴ്ച ശക്തി വർദ്ധിപ്പിക്കുന്നു

വിറ്റാമിൻ എ നിറഞ്ഞ ഒന്നാണ് ചക്ക. ഡിജിറ്റൽ കാലത്ത് ലാപ്ടോപ്പിലും ഫോണിലും ടിവിലും മണിക്കൂറുകളോളമാണ് നാം ചെലവിടുന്നത്. ഇത് കണ്ണിന് വളരെ ദോഷമാണ്. എന്നാൽ ചക്കയിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ കണ്ണിന് ആരോഗ്യം നൽകുന്നുവെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം. കണ്ണുകളുടെ ആരോഗ്യം നിലനിർത്താനും കാഴ്ചശക്തി വർദ്ധിപ്പിക്കാനും ചക്ക കഴിക്കുന്നത് വളരെ നല്ലതാണ്. ചക്ക ദിവസവും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നതിലൂടെ റെറ്റിനയുടെ ഡീജനറേഷൻ തടയുകയും കണ്ണിന്റെ ആരോഗ്യം കൂട്ടുന്നതിന് സഹായിക്കുകയും ചെയ്യുന്നു.

തെെറോയ്‌ഡ് ഹോർമോൺ

ഹെെപ്പോതെെറോയിഡിസമോ ഹെെപ്പർതെെറോയിഡിസമോ ഉള്ളവർ ചക്ക കഴിക്കുന്നത് വളരെ നല്ലതാണ്. തെെറോയ്‌ഡ് ഹോർമോണിന്റെ പ്രവർത്തനം സുഗമമാക്കാൻ സഹായിക്കുന്ന ചെമ്പിന്റെ അംശ ചക്ക കഴിക്കുന്നതിലൂടെ ലഭിക്കുന്നു.

അസ്ഥികളെ ശക്തിപ്പെടുത്തുന്നു

കാൽസ്യം മാത്രമല്ല ചക്കയിൽ ധാരാളം പൊട്ടാസ്യവും അടങ്ങിയിട്ടുണ്ട്. ഇത് എല്ലുകൾക്ക് ഗുണം ചെയ്യും. വൃക്കകളിലൂടെ കാൽസ്യം നഷ്ടപ്പെടുന്നത് തടയാൻ പൊട്ടാസ്യത്തിന് കഴിയും. അതിലൂടെ മൊത്തത്തിലുള്ള അസ്ഥികളുടെ ആരോഗ്യം വർദ്ധിക്കും.