വയനാട്: കെഎസ്‌ആർടിസി സ്വിഫ്റ്റ് ബസിലെ ഡ്രൈവറെ കയ്യേറ്റം ചെയ്യാനുള്ള ശ്രമം തടഞ്ഞ യാത്രക്കാരനെ കാറിലെത്തിയ സംഘം മർദിച്ചു. താമരശേരി ബസ് ബേക്ക് സമീപം തിങ്കളാഴ്‌ച രാത്രി ഒരു മണിയോടെയായിരുന്നു സംഭവം. കോഴിക്കോട് നിന്നും ബംഗളൂരിവിലേക്ക് പോകുന്ന ബസിന് നേരെയാണ് ആക്രമണം ഉണ്ടായത്.
സുൽത്താൻ ബത്തേരി സ്വദേശി മുഹമ്മദ് അഷ്‌റഫിലാണ് മർദനമേറ്റത്. കാറിലെത്തിയ അഞ്ചംഗ സംഘമാണ് ആക്രമണം നടത്തിയതെന്ന് കെഎസ്‌ആർടിസി ഡ്രൈവർ പറഞ്ഞു. താമരശേരി കെഎസ്‌ആർടിസി ഡിപ്പോയ്‌ക്ക് സമീപത്ത് വച്ച് സംഘത്തിലെ ഒരാൾ ബസിൽ കയറാൻ ശ്രമിച്ചിരുന്നു. എന്നാൽ, സീറ്റില്ല എന്ന് പറഞ്ഞ് മടക്കി. ഇതിൽ പ്രകോപിതനായാണ് താമരശേരി ബസ് ബേക്ക് സമീപം ബസിന് മുന്നിൽ കാറിട്ട് തടഞ്ഞ് പ്രശ്നങ്ങൾ ഉണ്ടാക്കിയതെന്നാണ് ഡ്രൈവർ പറയുന്നത്.
ഡ്രൈവറുമായി തർക്കമുണ്ടായതോടെ കാറിൽ എത്തിയ സംഘത്തോട് പ്രശ്നമുണ്ടാക്കരുതെന്ന് മുഹമ്മദ് അഷ്‌റഫ് പറഞ്ഞു. തുടർന്ന് പ്രകോപിതരായ സംഘം തന്നെ പിടിച്ച് തള്ളിയെന്നും അടിച്ചെന്നും അഷ്‌റഫ് ആരോപിച്ചു. ബസ് ജീവനക്കാരുടെ പരാതിയെത്തുടർന്ന് താമരശേരി എസ് ഐ ഷാജിയുടെ നേതൃത്വത്തിലുള്ള പൊലീസ് സ്ഥലത്തെത്തി.
പ്രതികൾ എത്തിയ ഡാർക്ക് ബ്ലൂ സ്വിഫ്റ്റ് കാർ പിടികൂടാനായി പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതികൾ താമരശേരി കാരാടി സ്വദേശികളാണെന്ന വിവരം പൊലീസിന് ലഭിച്ചിട്ടുണ്ടെങ്കിലും ഇവരെ പിടികൂടാനായിട്ടില്ല.