snakebite

അതിശക്തമായ മഴയിൽ വിറങ്ങലിക്കുകയാണ് ലോകത്തെ വിവിധ രാജ്യങ്ങൾ. അടുത്തിടെയാണ് യുഎഇയിൽ കനത്ത മഴയെത്തുടർന്ന് അനേകം നാശനഷ്ടങ്ങളുണ്ടായത്. നിലവിൽ ഇന്ത്യയും അതിശക്തമായ മഴയെ നേരിടുകയാണ്. അടുത്തിടെ രൂപപ്പെട്ട റീമൽ ചുഴലിക്കാറ്റിൽ തെക്കൻ ബംഗ്ലാദേശിലും പശ്ചിമ ബംഗാളിന്റെ തീരങ്ങളിലും വ്യാപക നാശമാണുണ്ടായത്. കേരളവും മഴയിൽ മുങ്ങിയിരിക്കുകയാണ്. മഴയിൽ രോഗവ്യാപാനങ്ങൾ, വെള്ളക്കെട്ട്, വെള്ളപ്പൊക്കം, മണ്ണിടിച്ചിൽ എന്നിവയാണ് മിക്കവരും ഭയക്കുന്നതെങ്കിൽ ഇപ്പോൾ മറ്റൊരു മാരകമായ കാര്യത്തെക്കൂടി ഭയക്കണമെന്നാണ് അധികൃതർ മുന്നറിയിപ്പ് നൽകുന്നത്.

സ്‌നേക്ക് ബൈറ്റ് എപ്പിഡെമിക്ക്

കാലാവസ്ഥാ വ്യതിയാനമാണ് കേരളമുൾപ്പെടെയുള്ള മിക്കയിടങ്ങളിലെയും കാലം തെറ്റിയുള്ള മഴയ്ക്കും കനത്ത ചൂടിനുമൊക്ക കാരണമാകുന്നത്. ഇപ്പോഴിതാ കാലാവസ്ഥാ വ്യതിയാനം മറ്റൊരു രോഗവ്യാപനത്തിന് കാരണമാകുന്നുവെന്നാണ് മുന്നറിയിപ്പ്. കൊവിഡിനെ അതിജീവിച്ചവർ ഇനി 'സ്‌നേക്ക് ബൈറ്റ് എപ്പിഡെമിക്കിനെ' നേടിടേണ്ടി വരുമെന്നാണ് മുന്നറിയിപ്പ്.

ലോകാരോഗ്യ സംഘടനയുടെ (ഡബ്ല്യുഎച്ച്ഒ) കണക്കുകൾ പ്രകാരം, പാമ്പുകടിയേറ്റ സംഭവങ്ങൾ ആഗോളപരമായി ഏകദേശം 5.4 ദശലക്ഷമാണ്. ഏകദേശം 1.8 മുതൽ 2.7 ദശലക്ഷം പേർക്ക് പ്രതിവർഷം പാമ്പുകടിയേൽക്കുന്നു. ഇത് ഏകദേശം 8000-1,30,000 ലക്ഷം മരണങ്ങൾക്ക് കാരണമാവുകയും അംഗവൈകല്യങ്ങളുടെ എണ്ണം മൂന്നിരട്ടിയാക്കുകയും ചെയ്യുന്നു.

ഇന്ത്യയിൽ മുന്നൂറിൽ അധികം പാമ്പ് ഇനങ്ങളാണ് ഉള്ളതെങ്കിലും ഇവയിൽ 66 ഇനങ്ങൾക്ക് മാത്രമാണ് വിഷമുള്ളത്. ഇവയിൽ ഏറ്റവും പേടിക്കേണ്ടവ 'ബിഗ് ഫോർ' പാമ്പുകളിൽ ഉൾപ്പെടുന്ന അണലി, മൂർഖൻ, ശംഖുവരയൻ, ചുരുട്ട്മണ്ഡലി എന്നിവയാണ്.

ഉഷ്ണതരംഗം, കനത്ത മഴ, വെള്ളപ്പൊക്കംഎന്നിവ പോലുള്ള കാലാവസ്ഥാ വ്യതിയാനം പാമ്പ് കടിയുടെ എണ്ണവും ആഗോളതലത്തിൽ വർദ്ധിപ്പിക്കുന്നതായി അടുത്തിടെ നടന്ന നിരവധി പഠനങ്ങൾ വ്യക്തമാക്കുന്നു. പാമ്പുകടിയെ അവഗണിക്കപ്പെട്ട ഉഷ്ണമേഖലാ രോഗമായി 2017ൽ ലോകാരോഗ്യ സംഘടന വിലയിരുത്തിയിരുന്നു. ലോകത്താകമാനമുള്ള പത്ത് കേസുകളിൽ ഏഴെണ്ണവും തെക്കൻ ഏഷ്യയിൽ നിന്നാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നതെന്നും ഡബ്ള്യു എച്ച് ഓ ചൂണ്ടിക്കാട്ടുന്നു.

പാമ്പുകടിയുടെ മരണനിരക്ക് 70 ശതമാനമാണ്. ഇന്ത്യയിൽ പ്രതിവർഷം രണ്ട് ലക്ഷം മുതൽ മൂന്ന് ലക്ഷംവരെ പാമ്പ് കടികളാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. ഇതിൽ ആയിരം മുതൽ 2500 മരണങ്ങൾവരെയും പ്രതിവർഷം റിപ്പോർട്ട് ചെയ്യപ്പെടുന്നു.

കാലാവസ്ഥാ വ്യതിയാനവും പാമ്പ് കടിയും

വർദ്ധിച്ചുവരുന്ന പാമ്പുകടി സംഭവങ്ങളും തീവ്രമായ കാലാവസ്ഥാ വ്യതിയാനവും തമ്മിൽ ബന്ധമുള്ളതായി വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന തീവ്രമായ സാഹചര്യങ്ങൾ ഇന്ത്യയിൽ രൂക്ഷമാവുകയാണ്. മാറുന്ന കാലാവസ്ഥയുമായി പൊരുത്തപ്പെടുന്നതിനുള്ള വെല്ലുവിളികൾക്ക് മനുഷ്യരും മൃഗങ്ങളും ഒരുപോലെ ഇരയാകുന്നതായി സെന്റർ ഫോർ അഡ്വാൻസ്‌ഡ് സ്റ്റഡീസ് ഓൺ ക്ളൈമറ്റ് ചേഞ്ചിലെ മുതിർന്ന ശാസ്‌ത്രജ്ഞനായ ഡോ. അബ്ദുർ സത്താർ പറഞ്ഞു.

കാലാവസ്ഥാ വ്യതിയാനവുമായി പൊരുത്തപ്പെടാനുള്ള ശരിയായ 'അഡാപ്റ്റീവ് മെക്കാനിസം' ഇല്ലാത്തവരാണ് മൃഗങ്ങൾ. അത്തരം തീവ്രമായ കാലാവസ്ഥയോട് പ്രതികരിക്കേണ്ടി വരുമ്പോൾ മൃഗങ്ങളുടെ പെരുമാറ്റത്തിൽ മാറ്റങ്ങൾ പ്രകടമാകുന്നുവെന്നും ഡോ. സത്താർ കൂട്ടിച്ചേർക്കുന്നു.

20 മുതൽ 30 ഡിഗ്രി സെൽഷ്യസ് വരെയുള്ള താപനിലയാണ് പാമ്പുകൾക്ക് അനുയോജ്യമായി കണക്കാക്കപ്പെടുന്നത്. പാമ്പുകൾ ശരീര താപനില ഏകദേശം 28 ഡിഗ്രി സെൽഷ്യസ് വരെയായി നിലനിർത്താനാണ് ശ്രമിക്കുന്നത്. 30 ഡിഗ്രി സെൽഷ്യസിനുമുകളിലുള്ള താപനില ഹൈപ്പർതേർമിയയ്ക്ക് കാരണമാകുന്നു. ഇത് പാമ്പുകളെ തണുത്ത പ്രദേശങ്ങൾ തേടാൻ പ്രേരിപ്പിക്കുന്നു. അതുപോലെ താപനില 20 ഡിഗ്രി സെൽഷ്യസിന് താഴെയാകുമ്പോൾ, പാമ്പുകൾ ചൂട് തേടി പോവുകയും ചെയ്യുന്നു. ഉഷ്ണതരംഗങ്ങളും, വരൾച്ചയും വെള്ളപ്പൊക്കത്തിലേക്ക് നയിക്കുന്ന ശക്തമായ മഴയും അതിശൈത്യവും പാമ്പുകളും മനുഷ്യരും തമ്മിലുള്ള ഏറ്റുമുട്ടൽ വർദ്ധിപ്പിച്ചതായും ഡോക്ടർ വ്യക്തമാക്കി. വെള്ളപ്പൊക്ക സമയത്ത് പാമ്പ് കടി വർദ്ധിക്കുന്നതായും പഠനങ്ങൾ വ്യക്തമാക്കുന്നു.

പാമ്പുകൾക്ക് തങ്ങളുടെ സ്വഭാവിക ആവാസവ്യവസ്ഥ നഷ്ടമായതും പാമ്പുകടി സംഭവങ്ങൾ വർദ്ധിക്കാനിടയാക്കിയതായി മുസാഫർപൂരിൽ നിന്നുള്ള പാമ്പ് പിടിത്തക്കാരനായ രമേഷ് രാജ് പറയുന്നു. സാധാരണയ്ക്ക് പുറമേ ശൈത്യകാലത്തുപോലും പാമ്പുമായി ബന്ധപ്പെട്ട് രക്ഷാപ്രവ‌ർത്തനങ്ങൾക്കായി ഫോൺകോളുകൾ എത്താറുണ്ടെന്ന് രമേഷ് രാജ് പറയുന്നു. ശൈത്യകാലത്ത് അസാധാരണമായ ചൂടും വരണ്ട കാലാവസ്ഥയും പാമ്പുകളുടെ 'ഹൈബർനേഷൻ പാറ്റേണിനെ' തടസപ്പെടുത്തിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പാമ്പുകളുടെ ആവാസവ്യവസ്ഥ കയ്യേറി വീടുകളും കെട്ടിടങ്ങളും മറ്റും പണിതതിനാൽ നഗരപ്രദേശങ്ങളും ഇന്ന് പാമ്പ് കടി ഭീഷണി നേരിടുന്നതായി രാജേഷ് പറയുന്നു.

കാലാവസ്ഥാ വ്യതിയാനങ്ങൾക്കുപുറമെ കൃഷിയിടങ്ങളിൽ കീടനാശിനികൾ ഉപയോഗിക്കുന്നതും പാമ്പ് കടി സംഭവങ്ങൾ വർദ്ധിക്കുന്നതിന് കാരണമാവുന്നു. കീടനാശിനികൾ ഉപയോഗിക്കുന്നതിലൂടെ പാമ്പുകളുടെ ആഹാരമായ എലിയും മറ്റും ചാവുന്നതിനാൽ പാമ്പുകൾ ഇരതേടി മനുഷ്യരുടെ താമസസ്ഥലങ്ങളിൽ എത്തുന്നു. പാമ്പ് കടി മനുഷ്യർക്ക് മാത്രമല്ല വളർത്തുമൃഗങ്ങൾ ഉൾപ്പെടെയുള്ളവർക്കും ഭീഷണിയാണ്.

പാമ്പ് കടിയേറ്റാൽ

പാമ്പ് കടിയേറ്റാൽ ആദ്യം ചെയ്യേണ്ടത് പരിഭ്രമിക്കാതിരിക്കുകയെന്നതാണ്. കടിയേറ്റാൽ ഭയന്ന് ഓടരുത്. വിഷം പെട്ടെന്ന് ശരീരത്തിൽ വ്യാപിക്കാൻ ഇത് കാരണമാകും. കടിയേറ്റ ഭാഗത്തെ വിഷംകലർന്ന രക്തം ഞെക്കിക്കളയുകയോ ആ ഭാഗം കീറുകയോ ചെയ്യരുത്. രോഗിയെ കിടത്തരുത്. എത്രയുംവേഗം ആന്റി സ്‌നേക് വെനം ലഭ്യമായ ആശുപത്രിയിൽ കൊണ്ടുപോകണം.