പ്രായഭേദമില്ലാതെ എല്ലാവരെയും അലട്ടുന്ന ഒരു സൗന്ദര്യ പ്രശ്‌നമാണ് നര. ഒരു പ്രായം കഴിയുമ്പോൾ നര വരുന്നത് പതിവാണെങ്കിലും ചിലരിത് അഭംഗിയായിട്ടാണ് കണക്കാക്കുന്നത്. അതിനാൽ, മുടി കറുപ്പിക്കാനായി ഇവർ പല തരത്തിലുള്ള ഡൈകൾ വാങ്ങി ഉപയോഗിക്കുന്നു. പ്രായം കുറഞ്ഞവരുടെ അവസ്ഥയും ഇതുതന്നെയാണ്.
ഇങ്ങനെ കെമിക്കലുകൾ സ്ഥിരമായി ഉപയോഗിച്ചാൽ, പല തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങൾ വരാൻ സാദ്ധ്യതയുണ്ട്. മാത്രമല്ല, മുടി പൊട്ടിപ്പോകാനും കാരണമില്ലാതെ കൊഴിയാനും സാദ്ധ്യതയുണ്ട്. അതിനാൽ, വീട്ടിൽ തന്നെ എളുപ്പത്തിൽ ചെയ്യാൻ സാധിക്കുന്നതും പാർശ്വഫലങ്ങൾ ഒട്ടുംതന്നെയില്ലാത്തതുമായ ഡൈ പരിചയപ്പെടാം. ഇത് തയ്യാറാക്കാൻ വേണ്ട സാധനങ്ങളും തയ്യാറാക്കേണ്ട രീതിയും അറിയാം.
ആവശ്യമായ സാധനങ്ങൾ
ഇൻസ്റ്റന്റ് കാപ്പിപ്പൊടി - 4 ടേബിൾസ്‌പൂൺ
വെളിച്ചെണ്ണ - ഒന്നര ടേബിൾസ്‌പൂൺ
തയ്യാറാക്കുന്ന വിധം
ഇൻസ്റ്റന്റ് കാപ്പിപ്പൊടിയിലേക്ക് വെളിച്ചെണ്ണ ചേർത്ത് നന്നായി മിക്‌സ് ചെയ്യുക. ഇത് ക്രീം രൂപത്തിലാകണം. ശേഷം 15 മിനിട്ട് മാറ്റി വയ്‌ക്കുക.
ഉപയോഗിക്കേണ്ട വിധം
മുടി നന്നായി ഷാംപൂ ഉപയോഗിച്ച് കഴുകി എണ്ണ മുഴുവൻ കളയുക. ശേഷം ഉണങ്ങുമ്പോൾ നേരത്തേ തയ്യറാക്കി വച്ച ഡൈ പുരട്ടിക്കൊടുക്കുക. മുടിയുടെ ഏതൊക്കെ ഭാഗത്താണോ നരയുള്ളത് അവിടെ മാത്രം പുരട്ടിക്കൊടുക്കുക. ഒരു മണിക്കൂർ വച്ചശേഷം മൈൽഡ് ഷാംപൂ അല്ലെങ്കിൽ താളി ഉപയോഗിച്ച് കഴുകി കളയാവുന്നതാണ്.