rice

അരിയും പരിപ്പും ചെറുപയറുമൊക്കെ ഉപയോഗിക്കാത്ത മലയാളികളുണ്ടോ? ദിവസം ഒരു നേരമെങ്കിലും ചോറുണ്ണുന്നവരാണ് മിക്കവരും. അതിന്റെ കൂടെ കുറച്ച് സാമ്പാറും കൂടിയുണ്ടെങ്കിൽ കലക്കും. എല്ലാ മലയാളികളുടെയും വീട്ടിൽ ഇവയൊക്കെ ഉണ്ടാകും.

ഇടയ്‌ക്കിടെ സാധനങ്ങൾ വാങ്ങാൻ പോകാനുള്ല മടിമൂലം വീട്ടിൽ രണ്ട് പേരെ ഉള്ളൂവെങ്കിൽപ്പോലും അരിയും ചെറുപയർ അടക്കമുള്ള ധാന്യങ്ങളുമൊക്കെ കിലോക്കണക്കിന് വാങ്ങി സ്റ്റോക്ക് ചെയ്യുന്നവരും നിരവധിയാണ്. പ്ലാസ്റ്റിക് കണ്ടെയിനറിലോ മറ്റോ അയിരിക്കും മിക്കവരും ഇവ സൂക്ഷിക്കുക.

കുറച്ചുനാൾ കഴിയുമ്പോഴേക്ക് അരിയിലോ, അട്ടയിലോ, പരിപ്പിലോ, ചെറുപയറിലോ ഒക്കെ ചെറിയ പ്രാണികൾ അല്ലെങ്കിൽ ചെള്ളുകൾ വന്നുതുടങ്ങും. അവ മുട്ടയിട്ട് അതിവേഗം പെരുകുകയും ചെയ്യും. ഇവയെ ധാന്യങ്ങളിൽ നിന്ന് മാറ്റാൻ ഏറെ പാടുപെടേണ്ടിവരും. ചിലപ്പോൾ പരിപ്പും പയറുമൊക്കെ ഉപയോഗശൂന്യമാകുകയും ചെയ്യും.

നൂറ് രൂപയിലധികമാണ് ഒരു കിലോ പരിപ്പിന്റെ വില. ഇത്രയും പണം മുടക്കി വാങ്ങുന്ന സാധനങ്ങൾ ഉപയോഗ്യശൂന്യമാകുന്നത് സഹിക്കാവുന്നതിലും അപ്പുറമാണ്. ഇത്തരം പ്രാണികൾ ധാന്യങ്ങളിൽ കടക്കാതിരിക്കാൻ ചില സൂത്രങ്ങളുണ്ട്. വലിയ പണം മുടക്കില്ലാതെ നമ്മുടെ അടുക്കളയിലുള്ള സാധനങ്ങൾ ഉപയോഗിച്ചുതന്നെ ഇവയെ അകറ്റാം.

പ്രാണികളെ ഓടിക്കാനുള്ള ഏറ്റവും എളുപ്പവഴി ഗ്രാമ്പു ആണ്. ഇവയുടെ മണം പ്രാണികൾക്ക് ഇഷ്ടമല്ല. അരിയിലോ പയറിലോ ഒക്കെ കുറച്ച് ഗ്രാമ്പു ഇട്ടുസൂക്ഷിച്ചാൽ ഇത്തരം പ്രാണികളെ പ്രതിരോധിക്കാം. പ്രാണികളെ തുരത്താൻ വെളുത്തുള്ളിയും ബെസ്റ്റാണ്. വെളുത്തുള്ളി തൊലി കളഞ്ഞ ശേഷം ധാന്യങ്ങളിലിട്ടുവച്ചാൽ മതി.