meat-rice

മനുഷ്യ ശരീരത്തിന്റെ വളർച്ചയ്‌ക്കും ശരിയായ പ്രവർത്തനങ്ങൾക്കും പോഷകങ്ങൾ അത്യാവശ്യമാണ്. അതിനാൽ, കുട്ടികളും മുതിർന്നവരും ശരിയായ അളവിൽ പോഷകങ്ങളടങ്ങിയ ഭക്ഷണങ്ങൾ കഴിക്കേണ്ടത് അനിവാര്യമാണ്. ഇങ്ങനെ സംഭവിച്ചില്ലെങ്കിൽ, കുട്ടികളിൽ വളർച്ചക്കുറവ് ഉണ്ടാകുന്നതിനും പ്രതിരോധ ശേഷി കുറയുന്നതിനും കാരണമാകുന്നു. മുതിർന്നവരിലും നിരവധി ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടതായി വരുന്നു.

പ്രോട്ടീൻ ആവശ്യകത

ഒരു മനുഷ്യന്റെ ആരോഗ്യത്തിന് ഏറ്റവുമധികം വേണ്ട ഘടകമാണ് പ്രോട്ടീൻ. അമിനോ ആസിഡുകൾ കൊണ്ടാണ് പ്രോട്ടീൻ നിർമിച്ചിരിക്കുന്നത്. പേശികൾ നിർമിക്കാനും എല്ലുകൾ ബലപ്പെടുത്താനും ശരീരത്തിന് ആവശ്യമായ ഹോർമോണുകൾ ഉൽപ്പാദിപ്പിക്കാനും പ്രോട്ടീൻ ആവശ്യമാണ്. ശരീരത്തിന് ഊർജം നൽകുന്ന പ്രധാന സ്രോതസ് കൂടിയാണ് പ്രോട്ടീൻ.

1

ഒരു ദിവസം വേണ്ട പ്രോട്ടീൻ

നമ്മുടെ ശരീരത്തിന്റെ ഭാരം അനുസരിച്ചാണ് എത്ര അളവിൽ പ്രോട്ടീൻ കഴിക്കണം എന്നത് തീരുമാനിക്കുന്നത്. ഉദാഹരണത്തിന്, നിങ്ങളുടെ ശരീരഭാരം 70 കിലോഗ്രാം ആണെങ്കിൽ 70 ഗ്രാം പ്രോട്ടീൻ ഒരു ദിവസം കഴിച്ചിരിക്കണം. ഇതിനായി നിങ്ങൾ കഴിക്കുന്ന ഭക്ഷണങ്ങളിലെല്ലാം പ്രോട്ടീൻ ഉൾപ്പെടുത്താൻ ശ്രമിക്കണം. പ്രത്യേകിച്ച് ശരീരഭാരം കുറയ്‌ക്കാൻ ശ്രമിക്കുന്നവർ.

ഭൂമിയിലെ പ്രോട്ടീൻ

പച്ചക്കറികൾ, പയർ വർഗത്തിലുള്ള ചെടികൾ, മത്സ്യം, മാംസം, മുട്ട, പാൽ, പാലുൽപ്പന്നങ്ങൾ തുടങ്ങിയ ഭക്ഷണങ്ങളിലാണ് പ്രോട്ടീൻ ധാരാളമായി അടങ്ങിയിട്ടുള്ളത്. ഇങ്ങനെ ഭക്ഷണത്തിനായി മൃഗങ്ങളെ കൊന്നൊടുക്കുന്നത് ഒരു പരിധി വരെ തടയാൻ വേണ്ടി ദക്ഷിണ കൊറിയയിലെ ശാസ്‌ത്രജ്ഞർ കണ്ടെത്തിയ ഒരു മാർഗമുണ്ട്. അതാണ് മീറ്റ് റൈസ്.

2

എന്താണ് മീറ്റ് റൈസ്?

പേര് കേൾക്കുമ്പോൾ ഇറച്ചിയിട്ടുണ്ടാക്കിയ ചോറ് എന്നാവും പലരും വിചാരിക്കുന്നത്. എന്നാൽ തെറ്റി, ഇത് തികച്ചും ചെടിയിൽ നിന്ന് വളർന്നുവന്ന ഒരു ഭക്ഷണമാണ്. വേവിക്കുമ്പോൾ ചോറിനുള്ളിൽ തന്നെ മാംസം വരുന്നു. ഈ അരി ചോറുവച്ച് കഴിക്കുന്നതിലൂടെ ശരീരത്തിനാവശ്യമായ പ്രോട്ടീൻ ലഭിക്കുന്നതാണ്. സാധാരണ ചോറിനെ അപേക്ഷിച്ച് ഇതിന് രുചിയും കൂടുതലാണ്. ആഗോള ആവശ്യകത അനുസരിച്ച് ഭക്ഷണം ഉൽപ്പാദിപ്പിക്കാൻ ബുദ്ധിമുട്ടായതോടെയാണ് ദക്ഷിണ കൊറിയൻ ശാസ്ത്രജ്ഞർ ഈ മീറ്റ് റൈസ് കണ്ടെത്തിയത്.

മീറ്റ് റൈസിന്റെ പ്രത്യേകതകൾ

ഭൂമി, കാലാവസ്ഥ, വെള്ളം, അധ്വാനം എന്നിവയെക്കുറിച്ച് ആശങ്കപ്പെടാതെ വളർത്താൻ കഴിയും എന്നതാണ് മീറ്റ് റൈസ് ചെടിയുടെ ഏറ്റവും വലിയ സവിശേഷത. എല്ലാ സീസണിലും ഇതിന് സമ്പുഷ്‌ടമായി വളരാൻ സാധിക്കും. സാധാരണ അരിയെ അപേക്ഷിച്ച് ഇതിന് കട്ടി കുറച്ച് കൂടുതലാണ്. അതിനാൽ വേവിക്കാൻ കുറച്ച് കൂടുതൽ സമയം വേണ്ടിവരും. എന്നിരുന്നാലും പ്രോട്ടീനിന്റെ ഒരു കലവറ തന്നെയാണ് മീറ്റ് റൈസ്.

3

ലാബിൽ വളർത്തിയെടുത്തത്

നല്ല ഗുണമേന്മയുള്ള അരിയിനമാണ് മീറ്റ് റൈസിനായി തിരഞ്ഞെടുത്തത്. ശേഷം ഇതിനെ ഫിഷ് ജെലാറ്റിനിൽ പൊതിഞ്ഞു. തുടർന്ന് ഈ ധാന്യങ്ങൾ 11 ദിവസം ലാബിനുള്ളിൽ നല്ല വൃത്തിയോടുകൂടി സൂക്ഷിച്ചു. പിന്നീട് ചെടിയെ ലാബിനുള്ളിൽ തന്നെ കൃത്യമായ രീതിയിൽ വളർത്തി അതിൽ നിന്നും നെല്ല് കൊയ്‌തെടുത്തു.

നല്ല രീതിയിൽ ഈ അരിയെക്കുറിച്ച് ഇവർ പഠനം നടത്തി. ഇതോടെ മീറ്റ് റൈസ് സാധാരണ അരിയെക്കാൾ ഉറച്ചതാണെന്ന് കണ്ടെത്തി. ഇതിൽ പ്രോട്ടീനിന്റെയും കൊഴുപ്പിന്റെയും അളവ് വളരെ കൂടുതലാണ്. സാധാരണ അരിയെക്കാൾ എട്ട് ശതമാനം പ്രോട്ടീനും ഏഴ് ശതമാനം കൊഴുപ്പും ഇതിന് കൂടുതലാണ്.

ഈ അരി സാധാരണ എല്ലാവർക്കും വാങ്ങാൻ കഴിയുമെന്നാണ് ശാസ്‌ത്രജ്ഞർ പറയുന്നത്. ഇത് വിപണിയിൽ എത്തുകയാണെങ്കിൽ, കിലോയ്‌ക്ക് 2.23 ഡോളർ (185 രൂപ ) ആകും വില വരുന്നത്.

മീറ്റ് റൈസ് വെജിറ്റേറിയനാണോ?

ഹാൻവൂ ഇനത്തിൽപ്പെട്ട കന്നുകാലികളിൽ നിന്നുള്ള പേശികളാണ് ഗവേഷകർ മീറ്റ് റൈസ് ഉണ്ടാക്കുന്നതിനായി തിരഞ്ഞെടുത്തിട്ടുള്ളത്. അതിനാൽ, ഈ അരിയെ വെജിറ്റേറിയൻ ഭക്ഷണമായി കണക്കാക്കാൻ സാധിക്കില്ല.

ഈ ഭക്ഷണം ഭാവിയിൽ ഭക്ഷണ ക്ഷാമം, യുദ്ധത്തിന് പുറപ്പെടുന്ന സൈനികർക്കുള്ള ഭക്ഷണം, ബഹിരാകാശത്ത് പോകുന്നവർക്കുള്ള ഭക്ഷണം ഒക്കെയായി മാറിയേക്കാമെന്നാണ് ഗവേഷകർ പറയുന്നത്. 2030ഓടെ ഈ അരിക്ക് വലിയ രീതിയിൽ പ്രചാരം ഉണ്ടാകുമെന്നാണ് അവരുടെ വിശ്വാസം. മാത്രമല്ല, മൃഗങ്ങളിൽ നിന്ന് പടരുന്ന രോഗങ്ങൾ തടയാനും ലാബിൽ വളർത്തുന്ന മാംസം കഴിക്കുന്നതിലൂടെ സാധിക്കും.