ഇന്റർനെറ്റിന്റെ വളർച്ച പലവിധ പുതിയ വിഭവങ്ങളുടെ പിറവിക്ക് കാരണമായത് നമ്മൾ കണ്ടു. മാംഗോ മാഗി, ചോക്ലേറ്റ് പക്കോഡ, മാസ പാനിപൂരി എന്നിങ്ങനെ വിചിത്രമായ പല രുചികൾക്കും ഇന്റർനെറ്റ് ഉപഭോക്താക്കൾ സാക്ഷിയായി. ഇവയിൽ പലതിനും സൈബർ ലോകം ഡിസ്‌ലൈക്ക് കൊടുത്തുവെങ്കിലും ഇത്തരത്തിലുള്ള വിഭവങ്ങൾ പിറവികൊള്ളുന്നത് തുടർന്നുകൊണ്ടേയിരിക്കുകയാണ്. ഇപ്പോഴിതാ ഇന്റർനെറ്റ് കീഴടക്കാൻ പുതിയൊരു വിഭവം എത്തിയിരിക്കുകയാണ്.
'സാൾട്ടഡ് എഗ്ഗ് ഐസ്‌ക്രീം' എന്നാണ് വൈറലായിക്കൊണ്ടിരിക്കുന്ന ആ വിഭവത്തിന്റെ പേര്. കണ്ടന്റ് ക്രിയേറ്ററായ കാൽവിൻ ലീ 'ഫുഡ്‌മേക്ക്‌സ്‌കാൾഹാപ്പി' എന്ന തന്റെ ഇൻസ്റ്റാഗ്രാം പേജിൽ പങ്കുവച്ച വീഡിയോയാണ് വൈറലാവുന്നത്.
'നമുക്ക് സാൾട്ടഡ് എഗ്ഗ് ഐസ്‌ക്രീം ട്രൈ ചെയ്യാം' എന്ന ക്യാപ്‌ഷനോടുകൂടിയാണ് വീഡിയോ തുടങ്ങുന്നത്. അടുത്തതായി ഒരു ബൗളിൽ മൂന്ന് സ്‌കൂപ്പ് വാനില ഐസ്‌ക്രീം എടുത്തിരിക്കുന്നത് കാണാം. ശേഷം ഇതിനുമുകളിലായി രണ്ടായി മുറിച്ച താറാവ് മുട്ട വയ്ക്കുന്നു. ഇതിൽ സാൾട്ടഡ് എഗ്ഗ് പൗഡറും വിതറുന്നു. തുടർന്ന് എല്ലാം നന്നായി യോജിപ്പിക്കുന്നു. അടുത്തതായി കാൽവിൻ ലീ ഇത് കഴിച്ചുനോക്കുന്നതാണ് വീഡിയോയിലുള്ളത്. 1000 ശതമാനവും ട്രൈ ചെയ്യേണ്ട വിഭവമാണ് ഇതെന്ന് കണ്ടന്റ് ക്രിയേറ്റർ പറയുന്നു. 'സാൾട്ടഡ് എഗ്ഗ് ഫ്ളേവറുള്ള മധുരവും ഉപ്പ് രസവുമുള്ള ഐസ് ക്രീം' എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. വീഡിയോയ്ക്ക് ഇതുവരെ അൻപതിനായിരത്തോളം വ്യൂസാണ് ലഭിച്ചത്.