arya-rajendran

തിരുവനന്തപുരം: നഗരത്തിൽ സ്‌മാർട്ട് റോഡ് നിർമ്മാണത്തിന്റെ ഭാഗമായെടുത്ത കുഴി ബി​ജെപി കൗൺസിലർമാരുടെ നേതൃത്വത്തിൽ മൂടിയതിൽ പ്രതികരിച്ച് മേയർ ആര്യ രാജേന്ദ്രൻ. ബിജെപി നടത്തുന്നത് സമരാഭാസമാണെന്നെന്നും അത് അക്ഷരംപ്രതി ശരിവയ്ക്കുന്നതാണ് കുഴിമൂടിയ സംഭവമെന്നും മേയർ വിമർശിച്ചു.

ജോലി പൂർത്തിയാകാത്തതിനാൽ കുഴികളിലെ മണ്ണ് വീണ്ടും നീക്കേണ്ടി വരും. അതിനുശേഷം ഗ്രാനുലാർ മെറ്റൽ കൊണ്ടാണ് കുഴി മൂടേണ്ടത്. കുഴി വീണ്ടും എടുക്കേണ്ടതിനാൽ ജോലികൾ തീരാൻ വീണ്ടും കാലതാമസമുണ്ടാകുമെന്നും മേയർ ചൂണ്ടിക്കാട്ടി. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയായിരുന്നു വിമർശനം.

ഫേസ‌്‌ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ബിജെപി നടത്തുന്നത് സമരാഭാസമാണെന്ന് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അത് അക്ഷരംപ്രതി ശരിവെക്കുന്ന വാർത്തയാണ് ഈ ചിത്രത്തിൽ കാണുന്നത്. സ്മാർട്ട് റോഡ് നിർമ്മാണം നടക്കുന്ന വഴുതക്കാട് ജങ്ഷനിലെ ജലവിതരണപൈപ്പ് സ്ഥാപിക്കാനുള്ള കുഴികൾ മണ്ണിട്ട് മൂടിയിരിക്കുകയാണ് കൗൺസിലർമാരായ ബിജെപി നേതാക്കൾ.

ഏറെ നാളിനുശേഷം തിങ്കളാഴ്ച മഴ ശമിച്ചതോടെ തൊഴിലാളികളുടെ നേതൃത്വത്തിൽ അതിവേ​ഗം നിർമാണം നടക്കുകയായിരുന്നു. ഇതിനിടെയാണ് ബിജെപി കൗൺസിലർമാർ കൂട്ടത്തോടെ എത്തി കുഴി മണ്ണിട്ട് മൂടിയത്. പൊതുമുതലാണ് ഇവർ നശിപ്പിച്ചിരിക്കുന്നത്. ബിജെപി കൗൺസിലർമാർ നിർമാണം തടസ്സപ്പെടുത്തിയതിനെതിരെ പൊലീസിൽ പരാതി നൽകിയിട്ടുണ്ടെന്ന് കെആർഎഫ്ബി അധികൃതർ അറിയിച്ചു. ജോലി പൂർത്തിയാകാത്തതിനാൽ കുഴികളിലെ മണ്ണ് വീണ്ടും നീക്കേണ്ടി വരും. അതിനുശേഷം ഗ്രാനുലാർ മെറ്റൽ കൊണ്ടാണ് കുഴി മൂടേണ്ടത്. കുഴി വീണ്ടും എടുക്കേണ്ടതിനാൽ ജോലികൾ തീരാൻ വീണ്ടും കാലതാമസമുണ്ടാകും.

ആരാണ് നഗരത്തെ ദുരിതത്തിലാക്കുന്നത് ?

ആരാണ് നാടിന്റെ വികസനം മുടക്കുന്നത് ?

ഇന്നലെ രാവിലെ 11.30ന് ആയിരുന്നു ബിജെപി കൗൺസിലർമാരുടെ നേതൃത്വത്തിൽ പ്രതിഷേധം നടന്നത്. റോഡ് നിർമ്മാണം വൈകുന്നതിൽ പ്രതിഷേധിച്ചായിരുന്നു വഴുതക്കാട് ജംഗ്ഷനിൽ നിന്ന് കോട്ടൺഹിൽ സ്‌കൂളിലേക്ക് പോകുന്ന പ്രധാന റോഡിലെ കുഴികൾ കൗൺസിലർമാർ നികത്തിയത്. കുഴികൾ നികത്തിയ ശേഷം അതുവഴി വാഹനങ്ങൾ ഓടിക്കുകയും ചെയ്തു.

ബിജെപി ജില്ലാ പ്രസിഡന്റ് വി.വി.രാജേഷ്,​ കൗൺസിലർമാരായ എം.ആർ.ഗോപൻ,​തിരുമല അനിൽ,​ കരമന ഹരി,​ അജിത്ത്,​ പി.അശോക് കുമാർ,​ സുമി ബാലൻ,​ ദീപിക,​ പി.വി.മഞ്ജു,​ജി.എസ്.മഞ്ജു,​ ജയലക്ഷ്‌മി,​അർച്ചന മണികണ്ഠൻ,​ സൗമ്യ,​ ശ്രീദേവി,​ വി.സത്യവതി തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.

മൺവെട്ടിയും മണ്ണ് കൊണ്ടുപോകുന്നതിനുള്ള കൈവണ്ടി,​കുട്ട തുടങ്ങിയ സാമഗ്രികളുമായായിരുന്നു പ്രതിഷേധക്കാരെത്തിയത്. കുഴിയുടെ സമീപത്തുണ്ടായിരുന്ന മണ്ണും എംസാൻഡും കൈവണ്ടിയിൽ നിറച്ച ശേഷം കുഴിയിലിട്ട് മൂടുകയായിരുന്നു.സിമി ജ്യോതിഷ് അടക്കമുള്ളവർ കുട്ടയിൽ മണ്ണ് ചുമക്കുന്നതും കാണാമായിരുന്നു. നഗരസഭയ്ക്കെതിരെ ഇവർ മുദ്രാവാക്യവും മുഴക്കി. പ്രതിഷേധക്കാരെ കന്റോൺമെന്റ് പൊലീസ് കസ്റ്റഡിയിലെടുത്ത ശേഷം പിന്നീട് വിട്ടയച്ചിരുന്നു.