തൃശൂർ : ജില്ലാ ജനറൽ ആശുപത്രിയിൽ മോഷ്ടാവിന്റെ വിളയാട്ടം. ഐ.സി.യുവിൽ കിടക്കുന്ന അമ്മയ്ക്ക് കാവലിരുന്ന മകന്റെ 16,500 രൂപ വിലയുള്ള മൊബൈൽ അടിച്ചുമാറ്റി. മോഷ്ടാവിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു. പൊലീസ് പ്രതിയെ തിരിച്ചറിഞ്ഞു.
കുട്ടനെല്ലൂർ സ്വദേശിയായ ചെമ്പിൽ സന്തോഷിന്റെ ഫോണാണ് നഷ്ടപ്പെട്ടത്. സോഡിയം കുറഞ്ഞതിനെ തുടർന്നാണ് അമ്മ ദേവകിയെ ഐ.സി.യുവിൽ പ്രവേശിപ്പിച്ചത്. തിങ്കളാഴ്ച പുലർച്ചെ നാലോടെയായിരുന്നു മോഷണം. അഞ്ചിന് ഉണർന്നപ്പോഴാണ് മൊബൈൽ നഷ്ടപ്പെട്ടത് അറിയുന്നത്. ഐ.സി.യുവിന് മുമ്പിൽ ഉറങ്ങിക്കിടക്കുകയായിരുന്നു സന്തോഷ്. സന്തോഷിന്റെ സഹോദരിയും സഹോദരി പുത്രനും ഇവിടെ ഉണ്ടായിരുന്നെങ്കിലും ഉറക്കത്തിൽപെട്ടു. ഈ പ്രതി മുമ്പും ഇവിടെ മോഷണത്തിന് പിടിയിലായിട്ടുണ്ട്.