manik

ആലുവ: എടയപ്പുറത്ത് വാടകയ്ക്ക് താമസിക്കുന്ന മുർഷിദാബാദ് സ്വദേശികളുടെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കാണാതായ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. വെസ്റ്റ് ബംഗാൾ മൂർഷിദാബാദ് സ്വദേശി മാണിക്കി​ (18) നെ ആലുവ പൊലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടിയെ വിവാഹം കഴിക്കണമെന്ന ഉദ്ദേശത്തോടെ ഇയാൾ കൊണ്ടുപോകുകയായിരുന്നു. ഫോണിലൂടെയും നേരിട്ടും പെൺകുട്ടിയെ പിന്തുടർന്ന് സൗഹൃദം സ്ഥാപിച്ച ശേഷം 26ന് വൈകി​ട്ടാണ് വീടിനടുത്തുള്ള കടയിൽ പോകുമ്പോൾ നിർബന്ധപൂർവം കൊണ്ടുപോയത്. തുടർന്ന് പെൺകുട്ടിയെ കാണാനില്ലെന്ന് പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ തിരച്ചിലിൽ അങ്കമാലിയിലെ അന്യസംസ്ഥാനക്കാർ താമസിക്കുന്ന ഭാഗത്ത് നിന്നാണ് കണ്ടെത്തിയത്. മാതൃസഹോദരിയുടെ ഫോണിലേക്ക് പെൺകുട്ടി വിളിച്ച ഫോണിൻ്റെ ടവർ ലൊക്കേഷൻ പരിശോധിച്ചാണ് പെൺകുട്ടിയെ കണ്ടെത്തിയത്. ജില്ലാ പൊലീസ് മേധാവി വൈഭവ് സക്സേനയുടെ മേൽനോട്ടത്തിൽ ഒന്നര മണിക്കൂറിനകം പെൺകുട്ടിയെ കണ്ടെത്താനായത് ആശ്വാസമായി.