പാലാ: കേന്ദ്ര സർക്കാർ സ്ഥാപനമായ വലവൂർ ട്രിപ്പിൾ ഐ.ടി.യിലേക്ക് ജോലിക്ക് പോകുന്ന വഴി ജീവനക്കാരിയെ മർദ്ദിച്ച് അക്രമി അവരുടെ കയ്യിൽ അണിഞ്ഞിരുന്ന വളയുമായി കടന്നു. ട്രിപ്പിൾ ഐ.ടി.യിലെ ശുചീകരണ തൊഴിലാളി വലവൂർ പുത്തൻവീട്ടിൽ സുമ സന്തോഷ് (43) ആണ് ആക്രമണത്തിന് ഇരയായത്.തിങ്കളാഴ്ച രാവിലെ 6.30ന് വലവൂർ എസ്.എച്ച് മൗണ്ടിന് സമീപമാണ് സംഭവം. വിവരം സ്ഥാപനത്തിന്റെ അധികാരിയെ അറിയിച്ചതോടെ ഇത് സംബന്ധിച്ച് സ്ഥാപനം പാലാ പൊലീസിന് പരാതി നൽകി.വലവൂരിലെ വീട്ടിൽനിന്ന് രാവിലെ ജോലിസ്ഥലത്തേക്ക് പോകുന്ന വഴി പിന്നിൽനിന്നെത്തിയ അക്രമി ജീവനക്കാരിയെ ചവിട്ടി വീഴ്ത്തി കഴുത്തിൽ കുത്തിപ്പിടിച്ച് കയ്യിൽ കിടന്നിരുന്ന വള ഊരിയെടുക്കുകയും സംഭവ സമയത്ത് അതുവഴി സ്‌കൂട്ടറിൽ ഒരാൾ വരുന്നത് കണ്ട് അക്രമി ഓടി രക്ഷപ്പെടുകയും ചെയ്തുവെന്നാണ് പരാതി. ഊർജ്ജിത അന്വേഷണം നടന്നു വരുന്നതായി പൊലീസ് അറിയിച്ചു. സംഭവത്തിൽ ബി.എം.എസ് മേഖലാ കമ്മറ്റി പ്രതിഷേധിച്ചു. പ്രസിഡന്റ് കെ.എസ്.ശിവദാസ്, സെക്രട്ടറി ആർ. ശങ്കരൻകുട്ടി നിലപ്പന, ജോ.സെക്രട്ടറി എ.എൻ.ബാബു, ജില്ലാ ജോ.സെക്രട്ടറി കെ.ആർ.രതീഷ്, വൈസ് പ്രസിഡന്റ് വി.കുട്ടികൃഷ്ണൻ, എംപ്ലോയീസ് സംഘ് സംസ്ഥാന സെക്രട്ടറി എം.എസ്.ഹരികുമാർ എന്നിവർ പ്രസംഗിച്ചു.