വിഴിഞ്ഞം: മുക്കോലയിൽ ബാറിൽ മദ്യപിക്കാനെത്തിയ നാലംഗ സംഘം എക്‌സിക്യുട്ടീവ് ഷെഫിനെ ആക്രമിച്ചു. സംഘത്തിലെ ഒരാളെ ബാർ ജീവനക്കാർ തടഞ്ഞുവച്ച് വിഴിഞ്ഞം പൊലീസിന് കൈമാറി. മറ്റുള്ളവർ ഓടി രക്ഷപ്പെട്ടു. ഇന്നലെ രാത്രി 10.30നായിരുന്നു സംഭവം. വിഴിഞ്ഞ മുക്കോല മുള്ളുമുക്ക് മണലി സ്വദേശി ജി.എസ്.ഷിബുവിനാണ് (45) കുത്തേറ്റത്. ഇയാളുടെ കഴുത്തിൽ ഇടിച്ചശേഷം കൈയിൽ കരുതിയിരുന്ന കത്തിയെടുത്ത് കുത്തുകയായിരുന്നു. തടയാൻ ശ്രമിക്കുന്നതിനിടെ ഷിബുവിന്റെ മുഖത്തും ഇടത് കൈയിലെ തള്ളവിരലിലും പരിക്കേറ്റു. ഷിബുവിന്റെ ബന്ധുവായ യുവാവ് ബാറിലുണ്ടായിരുന്നു. ഇയാളോട് ബാറിൽ നിന്ന് മടങ്ങാൻ ഷിബു ആവശ്യപ്പെടുകയും ഇതുകേട്ട സമീപത്തുണ്ടായിരുന്ന യുവാക്കളിൽ ഒരാൾ ഷിബുവിനോട് കയർക്കുകയും തുടർന്ന് കുത്തി പരിക്കേൽപ്പിക്കുയുമായിരുന്നു എന്നാണ് വിവരം.