അമൃത്സർ: ലോക്‌സഭാ തിരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് ആം ആദ്മി പാർട്ടിയെ പ്രതിരോധത്തിലാക്കി പഞ്ചാബ് മന്ത്രിക്കെതിരെ ലൈംഗികാരോപണം ഉയർന്നത്. സംഭവത്തെ ശക്തമായി അപലപിച്ച ദേശീയ വനിതാ കമ്മിഷൻ വീഡിയോ ശ്രദ്ധയിൽപ്പെട്ടെന്നും ആരോപണ വിധേയനായ മന്ത്രി ബാൽകർ സിംഗിനെതിരെ കർശന നടപടി എടുക്കണമെന്നും ആവശ്യപ്പെട്ടു. വിഷയത്തിൽ വേഗത്തിലുള്ളതും നിഷ്പക്ഷവുമായ അന്വേഷണം ഉറപ്പാക്കാൻ പഞ്ചാബ് ഡി.ജി.പിയോട് ആവശ്യപ്പെട്ടതായി കമ്മിഷൻ അദ്ധ്യക്ഷ രേഖ ശർമ്മ അറിയിച്ചു. ഇതുസംബന്ധിച്ച് മൂന്ന് ദിവസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കണം.
വിവാദം കത്തിപ്പടർന്നതോടെ മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമായി. ബി.ജെ.പിയും കോൺഗ്രസും ശിരോമണി അകാലി ദളും രംഗത്തുവന്നു. 24 മണിക്കൂറിനകം മന്ത്രിയെ പുറത്താക്കാൻ പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിംഗ് മാൻ തയാറാകണമെന്ന് ബി.ജെ.പി ആവശ്യപ്പെട്ടു. രാജ്യസഭാംഗം സ്വാതി മലിവാളിനെ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ പി.എ ആക്രമിച്ചെന്ന ആരോപണം നിലനിൽക്കെയാണ് പഞ്ചാബിൽ പാർട്ടിക്ക് പുതിയ കുരുക്ക്. ശനിയാഴ്ചയാണ് പഞ്ചാബിലെ 13 സീറ്റിലേക്ക് തിരഞ്ഞെടുപ്പ് നടക്കുന്നത്. ജോലി തേടിയെത്തിയ 21കാരിയോട് മന്ത്രി മോശമായി പെരുമാറിയെന്നും വീഡിയോ കാൾ വഴി നഗ്നതാ പ്രദർശനം നടത്തിയെന്നുമാണ് പരാതി. ബി.ജെ.പി നേതാവ് തജീന്ദർ പാൽ സിംഗ് ബഗ്ഗയാണ് മന്ത്രിക്കെതിരായ വീഡിയോ പുറത്തുവിട്ടത്.
യുവതിയുടെ മൊബൈൽ നമ്പർ മന്ത്രി വാങ്ങി. പിന്നീട് ഫോൺ ചെയ്ത് വീഡിയോ കാളിൽ വരാൻ ആവശ്യപ്പെട്ടു. യുവതിയോട് വസ്ത്രം മാറ്റാൻ മന്ത്രി നിർബന്ധിച്ചെന്നും തൊഴിൽ ലഭിക്കണമെങ്കിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെടണമെന്ന് പറഞ്ഞെന്നുമാണ് ആരോപണം. മന്ത്രി സ്വന്തം വസ്ത്രം മാറ്റുകയും അശ്ലീല ചേഷ്ട കാണിക്കുകയും ചെയ്യുന്ന വീഡിയോയാണ് പുറത്തുവിട്ടത്. അശ്ലീലമായതിനാലാണ് മുഴുവൻ വീഡിയോ താൻ പുറത്തുവിടാത്തതെന്നും മന്ത്രി സ്ഥാനത്ത് നിന്ന് ബൽക്കർ സിംഗിനെ പുറത്താക്കി അന്വേഷണം ആരംഭിക്കണമെന്നും തജീന്ദർ പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ഉയർന്ന ആരോപണം ആം ആദ്മി പാർട്ടിയെ പ്രതിരോധത്തിലാക്കി. സംഭവത്തിൽ പാർട്ടിയോ മന്ത്രിയോ ഇതുവരെ പ്രതികരിച്ചിട്ടില്ല.