s

ഇൻഡോർ: സംസ്‌കാരം നടത്താൻ പണമില്ലാത്തിനാൽ പങ്കാളിയുടെ മൃതദേഹം മൂന്ന് ദിവസം വീട്ടിൽ സൂക്ഷിച്ചതിന് ശേഷം റോഡിൽ ഉപേക്ഷിച്ച് ഇൻഡോർ സ്വദേശി. ഞായറാഴ്‌ചയാണ് 57കാരിയുടെ മൃതദേഹം ചന്ദൻനഗർ ഭാഗത്ത് നിന്ന് കണ്ടെത്തിയത്. ഫോറൻസിക് പരിശോധനയിൽ മൃതദേഹത്തിൽ പരിക്കുകളൊന്നും കണ്ടെത്താനായില്ല.

കരൾ സംബന്ധമായ അസുഖവും മറ്റ് രോഗങ്ങളും സ്ത്രീക്കുണ്ടായിരുന്നെന്നും സ്വാഭാവിക മരണമാണെന്നുമാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്.

തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് സ്ത്രീയുടെ ഭർത്താവിനെ കണ്ടെത്തിയത്. ബർവാനി സ്വദേശി മദൻ നർഗാവെയോട് ചോദിച്ചപ്പോൾ

തന്റെ പങ്കാളി ആശയാണ് അതെന്ന് സമ്മതിച്ചു.
ഇയാൾ മാനസികമായി തളർന്ന അവസ്ഥയിലായിരുന്നു. സംസ്കരിക്കാൻ പണമില്ലാത്തതിനാൽ മൃതദേഹം റോഡിൽ തള്ളുകയായിരുന്നു.

മൃതദേഹം മൂന്ന് ദിവസം വീട്ടിൽ സൂക്ഷിച്ചു. ദുർഗന്ധം വമിച്ചതോടെ അയൽക്കാർ പരാതിപ്പെട്ടു. ഇതോടെ മൃതദേഹം ഉപേക്ഷിക്കാൻ തീരുമാനിക്കുകയായിരുന്നു.

തുടർന്ന് ശനിയാഴ്ച രാത്രി മൃതദേഹം ചാക്കിൽ കെട്ടി റോഡിൽ ഉപേക്ഷിച്ച് മടങ്ങി.

വർഷങ്ങളായി ഇരുവരും ഒന്നിച്ചായിരുന്നു താമസം. ഇരുവരും വീട്ടുകാരുമായ ബന്ധം പുലർത്തിയിരുന്നില്ല. ആശ അസുഖത്തെത്തുടർന്ന് കിടപ്പിലായിരുന്നു. പണമില്ലാത്തതിനാൽ നന്നായി ചികിത്സിക്കാൻ കഴിഞ്ഞില്ല. രണ്ട് ദിവസം മുമ്പ് മരിച്ചെങ്കിലും ആരെയാണ് ബന്ധപ്പെടേണ്ടതെന്ന് മദന് അറിയില്ലായിരുന്നെന്നും
തുടർന്നാണ് മൃതദേഹം ഉപേക്ഷിച്ചതെന്നും പൊലീസ് പറഞ്ഞു.

മൃതദേഹം പിന്നീട് പൊലീസ് സംസ്‌കരിച്ചു.