omar-lulu

കൊച്ചി: സംവിധായകന്‍ ഒമര്‍ ലുലു ബലാത്സംഗം ചെയ്തുവെന്ന് പരാതി. മലയാളത്തിലെ യുവ നടിയാണ് സംവിധായകനെതിരെ പരാതി നല്‍കിയിരിക്കുന്നത്. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് നിരവധി തവണ പീഡിപ്പിച്ചുവെന്നാണ് നടിയുടെ പരാതിയില്‍ പറയുന്നത്. നെടുമ്പാശേരി പൊലീസ് നടിയുടെ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്.

അതേസമയം, കേസിന് പിന്നില്‍ വ്യക്തിവിരോധം ആണെന്നാണ് ഒമര്‍ ലുലു പ്രതികരിച്ചത്. നടിയുമായി അടുത്ത സൗഹൃദം ഉണ്ടായിരുന്നുവെന്നും സൗഹൃദം ഉപേക്ഷിച്ചതിലുള്ള വിരോധമാണ് പരാതിക്ക് പിറകിലെന്നും ഒമര്‍ ലുലു പറഞ്ഞു. പണം തട്ടിയെടുക്കാനുള്ള ബ്ലാക്‌മെയിലിംഗിന്റെ ഭാഗം കൂടിയാണ് പരാതിയെന്നും ഒമര്‍ ലുലു ആരോപിച്ചു.

ഹാപ്പി വെഡ്ഡിംഗ്, ചങ്ക്‌സ്, ഒരു അഡാര്‍ ലൗ, ധമാക്ക തുടങ്ങിയവയാണ് ഒമര്‍ ലുലുവിന്റെ ശ്രദ്ധേയമായ ചിത്രങ്ങള്‍. ഏഷ്യനെറ്റിലെ റിയാലിറ്റി ഷോ ആയ ബിഗ് ബോസ് സീസണ്‍ അഞ്ചിലെ വൈല്‍ഡ് കാര്‍ഡ് എന്‍ട്രി കൂടിയായിരുന്നു ഒമര്‍ ലുലു.

മുമ്പ് നല്ല സമയം എന്ന ഒമര്‍ ലുലു ചിത്രത്തിന്റെ ട്രെയ്‌ലറില്‍ എംഡിഎംഎ ഉപയോഗിക്കുന്ന ദൃശ്യങ്ങള്‍ ഉള്‍പ്പെടുത്തിയതിനെ തുടര്‍ന്ന് കോഴിക്കോട് എക്‌സൈസ് റേഞ്ച് പരാതി നല്‍കിയിരുന്നു.

ലഹരി ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്നുവെന്നും സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുന്നുവെന്നും ചൂണ്ടിക്കാണിച്ചായിരുന്നു എക്‌സൈസിന്റെ പരാതി.എന്നാല്‍ ഈ കേസ് ഹൈക്കോടതിയില്‍ എത്തിയപ്പോള്‍ കോടതി തള്ളിയിരുന്നു.