sports-council

തിരുവനന്തപുരം : സ്കൂൾ തുറക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കേ മക്കൾക്ക് ബുക്കുകളും ബാഗും പുസ്തകവുമൊക്കെ വാങ്ങാൻ കയ്യിൽ പണമില്ലാതെ വിഷമിക്കുകയാണ് സംസ്ഥാന സ്പോർട്സ് കൗൺസിലിന് കീഴിലെ ഒരുകൂട്ടം ദിവസ വേതന തൊഴിലാളികൾ. കുറച്ചുനാളായി ഇവർക്ക് ഉദ്യോഗപ്പേരിൽ മാത്രമാണ് 'വേതനം". കൃത്യ സമയത്ത് വേതനം നൽകുന്ന പരിപാടി നിലച്ചിട്ട് ആറുമാസത്തിലധികമായി. മാർച്ച്,ഏപ്രിൽ മാസങ്ങളിലെ ശമ്പളം ഇതുവരെ കിട്ടിയിട്ടില്ല. മേയ് അവസാന വാരത്തേക്ക് അടുക്കുമ്പോൾ മൂന്ന് മാസത്തെ ശമ്പളമാണ് കുടിശികയായിരിക്കുന്നത്.

പരിശീലകർ, സ്റ്റേഡിയം കെയർടേക്കർമാർ, വാച്ചർമാർ തുടങ്ങിയവർ ഉൾപ്പെടെയുള്ളവർക്കാണ് ശമ്പളം കിട്ടാക്കനിയായിരിക്കുന്നത്. കഴിഞ്ഞ ഭരണസമിതിയുടെ കാലത്ത് കൗൺസിൽ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോയിരുന്നത്. പുതിയ ഭരണസമിതിയുടെ ആദ്യ സമയത്ത് കായിക വകുപ്പ് മന്ത്രിയു‌ടെ ഇടപെടലിൽ പ്രശ്നങ്ങൾ പരിഹരിച്ചെങ്കിലും ഈ വർഷം ആരംഭത്തോടെ സ്ഥിരജീവനക്കാർ ഉൾപ്പടെയുള്ളവർക്ക് ശമ്പളം നൽകാനാവാത്ത പ്രതിസന്ധിയായി. പ്ളാൻ, നോൺ പ്ളാൻ ഫണ്ടുകളിലെ തുക കൃത്യമായി വേർതിരിച്ച് അക്കൗണ്ടുകളിലേക്ക് മാറ്റാത്തതിനാലാണ് ജനുവരി മുതൽ ശമ്പളം മുടങ്ങിയത്. കൗൺസിൽ ഉദ്യോഗസ്ഥരുടെ വീഴ്ച ചൂണ്ടിക്കാട്ടി ശമ്പളത്തുക നൽകാൻ ധനകാര്യവകുപ്പ് തയ്യാറായില്ല. ഇത് പരിഹരിച്ചപ്പോഴേക്കും ശമ്പളം നൽകാൻ അധിക ബഡ്ജറ്റ് വിഹിതം വേണ്ട സ്ഥിതിയായി. ഇതിനായി ധനവകുപ്പിന് കത്തുനൽകിയെങ്കിലും സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി തടസമായി. 15ദിവസത്തോളം വൈകിയാണ് സ്ഥിര ജീവനക്കാർക്ക് ഏപ്രിലിലെ ശമ്പളം ലഭിച്ചത്. അപ്പോഴും ദിവസ വേതനക്കാരുടെ കാര്യത്തിൽ വേണ്ട നടപടികൾ സ്വീകരിച്ചില്ല.

ഒരുപന്തിയിൽ

രണ്ട് വിളമ്പ്

സ്ഥിരം ജീവനക്കാർക്ക് കൗൺസിലിന്റെ നോൺ പ്ളാൻ ഫണ്ടിൽ നിന്നും ദിവസവേതനക്കാർക്ക് നോൺ പ്ളാൻഫണ്ടിൽ നിന്നുമാണ് ശമ്പളം നൽകുന്നത്. എന്നാൽ അടുത്തിടെ ഓഫീസുകളിൽ ദിവസവേതനക്കാരായി ജോലി നോക്കുന്ന ചിലരുടെ ശമ്പളം പ്ളാൻ ഫണ്ടിലേക്ക് മാറ്റി. ഇതോടെ അവർക്ക് സ്ഥിരം ജീവനക്കാർക്കൊപ്പം ശമ്പളം ലഭിക്കാൻ തുടങ്ങി. സീനിയോറിറ്റിയോ മറ്റ് മാനദണ്ഡങ്ങളോ നോക്കാതെ ഭരണസമിതി അംഗങ്ങളുടെ ഇഷ്ടക്കാർക്കാണ് ഇത്തരത്തിൽ സഹായം നൽകിയതെന്ന് മറ്റുള്ളവർ ആരോപിക്കുന്നു. ഒരു പന്തിയിലെ രണ്ട് തരം വിളമ്പിൽ അസംതൃപ്തി പുകയുകയാണ് കൗൺസിലിൽ.