cricket
cricket

ട്വന്റി-20 ലോകകപ്പ് ക്രിക്കറ്റ് ടൂർണമെന്റിന് ജൂൺ രണ്ടിന് തുടക്കമാകുന്നു

ഇന്ത്യയുടെ ആദ്യ മത്സരം ജൂൺ അഞ്ചിന് അയർലാൻഡിന് എതിരെ

ഇന്ത്യ-പാകിസ്ഥാൻ മത്സരം ജൂൺ ഒമ്പതിന്

4 ദിവസം കൂടി

ന്യൂയോർക്ക് / പ്രൊവിഡൻസ് : ഐ.പി.എല്ലിന്റെ ആരവങ്ങൾ അടങ്ങുമ്പോൾ ക്രിക്കറ്റ് ലോകം ലോകകപ്പിന്റെ ആവേശത്തിലേക്ക് കൊട്ടിക്കയറുന്നു. വെസ്റ്റ് ഇൻഡീസിലും അമേരിക്കയിലുമായി നടക്കുന്ന ഐ.സി.സി ട്വന്റി-20 ലോകകപ്പിന് ജൂൺ രണ്ടിനാണ് കൊടിയേറുന്നത്. ആദ്യ എഡിഷനിൽ ഇന്ത്യ ജേതാക്കളായ ടൂർണമെന്റിന്റെ ഒൻപതാം എഡിഷനാണിത്. അമേരിക്കൻ മണ്ണിൽ ന‌ടക്കുന്ന ആദ്യ ക്രിക്കറ്റ് ലോകകപ്പാണിത്. ഇന്ത്യയുടെ പ്രാഥമിക റൗണ്ട് മത്സരങ്ങൾ അമേരിക്കയിലാണ് നിശ്ചയിച്ചിരിക്കുന്നത്.

ജൂൺ രണ്ടിന് ആതിഥേയരായ അമേരിക്കയും കാനഡയും തമ്മിലുള്ള മത്സരത്തോടെയാണ് ലോകകപ്പിന് തുടക്കമാകുന്നത്. 20 ടീമുകളാണ് ഇത്തവണത്തെ ലോകകപ്പിൽ കളിക്കുന്നത്. ചിരവൈരികളായ ഇന്ത്യയും പാകിസ്ഥാനും ഒരേ ഗ്രൂപ്പിലാണ്. ആതിഥേയരായ അമേരിക്കയും ഇതേ എ ഗ്രൂപ്പിലുണ്ട്. നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ളണ്ടും ഓസ്ട്രേലിയയുമാണ് ബി ഗ്രൂപ്പിലെ കൊമ്പന്മാർ. അഫ്ഗാനിസ്ഥാൻ, ന്യൂസിലാൻഡ്,വെസ്റ്റ് ഇൻഡീസ് എന്നിവരടങ്ങിയ സി ഗ്രൂപ്പിൽ കടുത്ത പോരാട്ടം പ്രതീക്ഷിക്കാം. ആദ്യ ലോകകപ്പിനെത്തുന്ന ഉഗാണ്ടയും പാപ്പുവ ന്യൂഗിനിയയുമാണ് ഈ ഗ്രൂപ്പിലെ മറ്റ് ടീമുകൾ. ദക്ഷിണാഫ്രിക്ക,ശ്രീലങ്ക,ബംഗ്ളാദേശ് എന്നീ കരുത്തരാണ് ഡി ഗ്രൂപ്പിലുള്ളത്.

പ്രാഥമിക റൗണ്ടിൽ ഓരോ ടീമും പരസ്പരം ഓരോ തവണ ഏറ്റുമുട്ടുകയും ഓരോ ഗ്രൂപ്പിൽ നിന്ന് കൂടുതൽ പോയിന്റ് കിട്ടുന്ന രണ്ട് ടീമുകൾ വീതം സൂപ്പർ എട്ടിലേക്ക് എത്തുകയും ചെയ്യും. സൂപ്പർ എട്ടിൽ നാലുടീമുകളുള്ള രണ്ട് ഗ്രൂപ്പുകളായി തിരിഞ്ഞ് പോരാടും. ഓരോ ഗ്രൂപ്പിലും പോയിന്റ് പട്ടികയിൽ മുന്നിലുള്ള രണ്ട് ടീമുകൾ വീതം സെമിയിലേക്ക് കടക്കും.

40 മത്സരങ്ങളാണ് പ്രാഥമിക റൗണ്ടിലുള്ളത്.

ജൂൺ 18 മുതൽ 25 വരെയാണ് സൂപ്പർ എട്ട് മത്സരങ്ങൾ. 12 കളികളാണ് സൂപ്പർ എട്ട് റൗണ്ടിലുള്ളത്.

ജൂൺ 27നാണ് സെമിഫൈനലുകൾ

ഫൈനൽ ജൂൺ 29ന്.

ഗ്രൂപ്പ് എ

ഇന്ത്യ

പാകിസ്ഥാൻ

കാനഡ

അയർലാൻഡ്

അമേരിക്ക

ഗ്രൂപ്പ് ബി

ഇംഗ്ളണ്ട്

ഓസ്ട്രേലിയ

നമീബിയ

ഒമാൻ

സ്കോട്ട്‌ലാൻഡ്

ഗ്രൂപ്പ് സി

അഫ്ഗാനിസ്ഥാൻ

ന്യൂസിലാൻഡ്

പാപ്പുവ ന്യൂഗിനിയ

വെസ്റ്റ് ഇൻഡീസ്

ഉഗാണ്ട

ഗ്രൂപ്പ് ഡി

ദക്ഷിണാഫ്രിക്ക

ശ്രീലങ്ക

ബംഗ്ളാദേശ്

നേപ്പാൾ

നെതർലാൻഡ്സ്

സഞ്ജുവിനെക്കൂട്ടി

ഇന്ത്യൻ ടീം

മലയാളി വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസണിനെ ഉൾപ്പെടുത്തിയാണ് ഇന്ത്യ ട്വന്റി-20 ലോകകപ്പ് ക്രിക്കറ്റ് ടൂർണമെന്റിനുള്ള 15 അംഗ ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചത്. രോഹിത് ശർമ്മയാണ് നായകൻ. ഹാർദിക് പാണ്ഡ്യ വൈസ് ക്യാപ്ടൻ. വിരാട് കൊഹ്‌ലി,റിഷഭ് പന്ത്, ജസ്പ്രീത് ബുംറ,രവീന്ദ്ര ജഡേജ തുടങ്ങിയ പരിചയസമ്പന്നർ ടീമിലെത്തിയപ്പോൾ വിക്കറ്റ് കീപ്പർ ബാറ്ററായ കെ.എൽ രാഹുലിനെ ഉൾപ്പെടുത്തിയില്ല. ശുഭ്മാൻ ഗിൽ,റിങ്കു സിംഗ് എന്നിവർക്ക് റിസർവ് ബഞ്ചിലാണ് അവസരം ലഭിച്ചത്. രോഹിത് ശർമ്മയുടെ നേതൃത്വത്തിലുള്ള ആദ്യ സംഘം അമേരിക്കയിലെത്തിക്കഴിഞ്ഞു. ഐ.പി.എൽ പ്ളേഓഫിൽ കളിച്ച ടീമുകളിലെ താരങ്ങളടങ്ങുന്ന രണ്ടാം സംഘം കഴിഞ്ഞ ദിവസം പുറപ്പെട്ടു. ബ്രിട്ടനിലുള്ള ഹാർദിക് പാണ്ഡ്യ അവിടെ നിന്ന് ടീമിനൊപ്പം ചേരും.

8

രോഹിതും വിരാടും അടക്കം 2022 ലോകകപ്പിൽ കളിച്ച ഇന്ത്യൻ ടീമിലെ എട്ടുകളിക്കാരാണ് ഇപ്പോഴത്തെ ടീമിലുള്ളത്. ചഹൽ,പാണ്ഡ്യ, പന്ത്,സൂര്യ, അർഷ്ദീപ്,അക്ഷർ, സിറാജ് എന്നിവരാണ് കഴിഞ്ഞ ലോകകപ്പിനുണ്ടായിരുന്നവർ. സഞ്ജു സാംസൺ,യശ്വസി ജയ്സ്വാൾ,ശിവം ദുബെ എന്നിവരുടെ ആദ്യ ലോകകപ്പാണിത്.

ഇന്ത്യൻ ടീം :
രോഹിത് ശർമ്മ ( ക്യാപ്ടൻ) ,യശ്വസി ജയ്സ്വാൾ, വിരാട് കൊഹ്‌ലി, സൂര്യകുമാർ യാദവ്, റിഷഭ് പന്ത്, സഞ്ജു സാംസൺ, ഹാർദിക് പാണ്ഡ്യ (വൈസ് ക്യാപ്ടൻ ) , ശിവം ദുബെ, രവീന്ദ്ര ജഡേജ,അക്ഷർ പട്ടേൽ,കുൽദീപ് യാദവ്,യുസ്‌വേന്ദ്ര ചഹൽ, അർഷ്ദീപ് സിംഗ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്.

റിസർവ് താരങ്ങൾ : ശുഭ്മാൻ ഗിൽ,റിങ്കു സിംഗ്,ഖലീൽ അഹമ്മദ്,ആവേശ് ഖാൻ.

സന്നാഹം ജൂൺ ഒന്നിന്

ലോകകപ്പിന് മുന്നോടിയായുള്ള ഇന്ത്യൻ ടീമിന്റെ സന്നാഹ മത്സരം ജൂൺ ഒന്നിന് ബംഗ്ളാദേശിന് എതിരെയാണ്. മറ്റ് ടീമുകളുടെ സന്നാഹ മത്സരങ്ങൾ കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു. ഇന്നലെ ഡള്ളാസിൽ ബംഗ്ളാദേശും അമേരിക്കയും തമ്മിൽ നടക്കേണ്ടിയിരുന്ന സന്നാഹ മത്സരം മോശം കാലാവസ്ഥ കാരണം ഉപേക്ഷിച്ചിരുന്നു. ലോകകപ്പിന് മുമ്പ് അമേരിക്കയുമായി ട്വന്റി-20 പരമ്പരയിൽ ബംഗ്ളാദേശ് തോറ്റിരുന്നു.

ലോകകപ്പ് ചാമ്പ്യന്മാർ

ഇതുവരെ

2007 - ഇന്ത്യ

2009 - പാകിസ്ഥാൻ

2010 - ഇംഗ്ളണ്ട്

2012 - വെസ്റ്റ് ഇൻഡീസ്

2014 -ശ്രീലങ്ക

2016 -വെസ്റ്റ് ഇൻഡീസ്

2021 - ഓസ്ട്രേലിയ

2022 - ഇംഗ്ളണ്ട്