earth-rotation

കോടാനുകോടി ചരാചരങ്ങളും മറ്റുമടങ്ങിയ അപൂർവസുന്ദരമായ ഗ്രഹമാണ് ഭൂമി. നമ്മുടെ വാസസ്ഥലം. സൗരയൂഥത്തിലെ എട്ട് ഗ്രഹങ്ങളിൽ ജീവൻ നിലനിൽക്കുന്ന ഒരേയൊരു ഗ്രഹം. സൂര്യനുചുറ്റും മറ്റ് ഗ്രഹങ്ങൾക്കൊപ്പം ഭ്രമണം ചെയ്യുകയും ഒപ്പം സ്വയം കറങ്ങുകയും ചെയ്യുകയാണ് ഭൂമി.ഈ കറക്കം ഒന്ന് നിന്നാൽ ഭൂമിക്കുള്ളിലുള്ളവയ്‌ക്ക് എന്തുപറ്റും?

ഏതാണ്ട് മണിക്കൂറിൽ ആയിരം മൈൽ(1600 കിലോമീറ്റർ) വേഗത്തിലാണ് ഭൂമിയുടെ കറക്കം. ഈ വേഗം നിന്നാലും ഭൂമിയിലുള്ളവ അതേ വേഗത്തിൽ ചലിക്കുന്നത് തുടരും. ഓഹയോയിലെ ബൗളിംഗ് ഗ്രീൻ സ്റ്റേ‌റ്റ് സർവകലാശാലയിലെ ഭൗതികശാസ്‌ത്ര-ജ്യോതിശാസ്‌ത്ര പ്രൊഫസറായ ആൻഡ്രു ലെയ്‌ഡൻ പറയുന്നതനുസരിച്ച് 'ഭൂമിയിലെ കെട്ടിടങ്ങൾ, വെള്ളം, വായു തുടങ്ങി ഭ്രമണം ചെയ്യുന്നവയെല്ലാം വീണ്ടും മുന്നോട്ട് പോകാൻ ഇടവരും. ഇതിനിടെ ഭൂമിയുടെ ഉപരിതലത്തിൽ നിന്നും ഇവ വേർപെട്ട് ഏറ്റവും താഴെയുള്ള ഭ്രമണപഥത്തിൽ എത്തി കറങ്ങും.'

ഇത് വളരെ അപകടകരമായൊരു സാഹചര്യമുണ്ടാക്കും. ധ്രുവപ്രദേശങ്ങളിൽ ഒരൽപം ആപത്ത് കുറയുമെങ്കിലും ശക്തമായ ഭൂകമ്പവും സുനാമികളുമുണ്ടാകും. ഇനി പതുക്കെയാണ് ഭൂമിയുടെ ഭ്രമണം നിൽക്കുന്നതെങ്കിൽ പോലും കുഴപ്പമുണ്ടാകുമെന്നാണ് ശാസ്‌ത്രജ്ഞരുടെ കണ്ടെത്തൽ. കാരണം ഭൂമിയിൽ പകലും രാത്രിയും ആറ് മാസംവീതമായി മാറും. ഒപ്പം വായുവിന്റെയും സമുദ്രജലത്തിന്റെയും ഒഴുക്ക് ഭൂമിയുടെ ഭ്രമണവുമായി നേരിട്ട് ബന്ധപ്പെട്ടിരിക്കുന്നതിനാൽ കാലാവസ്ഥയാകെ മാറും. ഭൂമിയുടെ കാന്തികവലയം ബഹിരാകാശത്ത് നിന്നും വരുന്ന ഹാനികരമായ വികിരണങ്ങളെ തടയുന്നതിൽ പങ്കുവഹിക്കുന്നുണ്ട്. ഇത്തരത്തിലുള്ള വികിരണങ്ങൾ ഭൂമിയിൽ പതിച്ചാൽ ജീവന് ആപത്തുണ്ടാകും.

എന്നാൽ ഭൂമിയുടെ ഭ്രമണം നിന്നുപോകേണ്ട ആവശ്യമില്ലെന്നും ഗവേഷകർ പറയുന്നു. കാരണം നക്ഷത്രങ്ങൾ പോലും ചെറിയ വേഗത്തിൽ ഭ്രമണം ചെയ്യുന്നുണ്ട്. ചെറിയ വസ്‌തുക്കൾ തട്ടിയാൽ പോലും ഗ്രഹങ്ങൾ ഭ്രമണം ചെയ്യും. ഇത്തരത്തിൽ ഭൂമിയിൽ ധാരാളം ബാഹ്യവസ്‌തുക്കൾ നിരന്തരം തട്ടുകയോ സമ്പർ‌ക്കം വരുകയോ ചെയ്യുന്നതിനാൽ ഭൂമിയുടെ കറക്കം ഉടനെയൊന്നും നിൽക്കില്ല. ഇത്തരത്തിൽ വസ്‌തുക്കൾ വന്ന് പതിച്ചത് മൂലം മറ്റൊരു ഗ്രഹത്തിൽ ഇടിച്ചതിനാലാണ് ഇപ്പോൾ ഭൂമിയ്‌ക്ക് ഉപഗ്രഹമായി ചന്ദ്രനെ ലഭിച്ചത്. പണ്ട് ഉണ്ടായിരുന്ന തെയ എന്ന ഗ്രഹവുമായാണ് അന്ന് ഭൂമി കൂട്ടിയിടിച്ചതെന്നാണ് പഠനങ്ങൾ പറയുന്നത്.