my-home

വീട് പണിയുമ്പോള്‍ അതുമായി ബന്ധപ്പെട്ട് നിരവധി കാര്യങ്ങള്‍ ശ്രദ്ധിക്കാറുണ്ട്. ഭൂമി വാങ്ങുന്നത് മുതല്‍ വീട് നിര്‍മിക്കുന്നത് വരെയുള്ള കാര്യങ്ങളില്‍ വാസ്തുശാസ്ത്രത്തിന് വലിയ പ്രാധാന്യം നമ്മള്‍ നല്‍കാറുമുണ്ട്. ക്ഷേത്രത്തിന് സമീപത്താണ് വീട് നിര്‍മിക്കുന്നതെങ്കില്‍ വാസ്തുശാസ്ത്ര പ്രകാരം അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുമുണ്ട്. ക്ഷേത്രത്തിന് സമീപം വീട് പണിയുമ്പോള്‍ അത് നല്ലതോ അതോ ദോഷമോ എന്ന ചിന്ത പലരിലും ഉണ്ടാകാറുണ്ട്.

വാസ്തുശാസ്ത്ര പ്രകാരം വീട് നിര്‍മ്മിക്കുമ്പോള്‍ മുന്നില്‍ ക്ഷേത്രം സ്ഥിതി ചെയ്യുന്നത് അത്ര ശുഭകരമല്ലെന്ന് പറയാറുണ്ട്. ക്ഷേത്രത്തിന്റെ നിഴല്‍ വീടിന് മുകളില്‍ വീഴരുതെന്നാണ് പറയപ്പെടുന്നത്. അതോടൊപ്പം തന്നെ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ കഷ്ടതകള്‍ ഉറപ്പാണെന്നാണ് ശാസ്ത്രം പറയുന്നത്. ക്ഷേത്രത്തിന്റേയും വീടിന്റെയും കവാടം തമ്മിലുള്ള ദൂരം വളരെ പ്രധാനപ്പെട്ട ഒന്നാണ്. വീടിന്റെ പ്രവേശന കവാടം ക്ഷേത്ര കവാടത്തില്‍ നിന്ന് 25 മുതല്‍ 80 അടി വരെ ദൂരത്തിലായിരിക്കണം.

സാമ്പത്തിക പ്രശ്‌നങ്ങളെക്കുറിച്ചുള്ളതാണ് മറ്റൊരു പ്രധാനപ്പെട്ട കാര്യം. ക്ഷേത്രത്തിന് സമീപം വീട് നിര്‍മ്മിച്ചാല്‍ സാമ്പത്തികമായി കഷ്ടതകളുണ്ടാകില്ലെങ്കിലും രോഗങ്ങള്‍ ബാധിക്കാന്‍ സാദ്ധ്യതയുണ്ട്. അതോടൊപ്പം തന്നെ വീട് നിര്‍മ്മിക്കുമ്പോള്‍ ക്ഷേത്ര സമുച്ചയത്തില്‍ നിന്നുള്ള കല്ലുകളോ നിര്‍മാണ സാമഗ്രികളോ ഉപയോഗിക്കാതിരിക്കുന്നതാണ് നല്ലതെന്നും വാസ്തു ശാസ്ത്രത്തില്‍ പറയുന്നു. സ്വാതിക ദേവതയുടെ അടുത്താണ് വീട് നിര്‍മ്മിക്കുന്നതെങ്കില്‍ വീട് സ്ഥിതി ചെയ്യുന്നത് മുന്‍വശത്ത് അല്ലെങ്കില്‍ വലതുവശത്ത് ആയിരിക്കണം.

രൗദ്ര ദേവതയാണെങ്കില്‍ പിന്‍വശത്തോ അല്ലെങ്കില്‍ ഇടത് വശത്തോ ആയിരിക്കണം വീട്. അതോടൊപ്പം തന്നെ ഏറ്റവും പ്രധാനപ്പെട്ട കാര്യമാണ് വീടിന്റെ ഉയരം. ക്ഷേത്രത്തെക്കാള്‍ ഉയരത്തില്‍ വീട് നിര്‍മിക്കരുത്. സൂര്യന്റെ ഊര്‍ജ്ജം ക്ഷേത്രത്തിലേക്ക് എത്തുന്നതിന് തടസ്സമാകുന്നത് ഒഴിവാക്കാനാണ് ഇത്തരമൊരു കാര്യത്തില്‍ ശ്രദ്ധ വേണമെന്ന് പറയുന്നത്. ക്ഷേത്രം വീടിന്റെ വടക്കോ കിഴക്കോ അഭിമുഖമായാല്‍ അത് വീടിന്റെ പോസിറ്റീവ് എനര്‍ജികള്‍ക്ക് തടസ്സമായി പ്രവര്‍ത്തിച്ചേക്കാമെന്നും ശാസ്ത്രത്തില്‍ വ്യക്തമാക്കുന്നുണ്ട്.