തിരുവനന്തപുരം/ കൊച്ചി: ദേവസ്വം ബോർഡുകളിലെ സ്കൂളുകളിലെയും കോളേജുകളിലെയും അദ്ധ്യാപക, അനദ്ധ്യാപക തസ്തികകളിലേക്കുള്ള നിയമനങ്ങളിൽ സംവരണം പാലിക്കണമെന്ന സർക്കാർ ഉത്തരവിനെതിരെ ഹൈക്കോടതിയിൽ സത്യവാങ്മൂലം നൽകിയതിന് പിന്നിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിലെ സംവരണ വിരുദ്ധ ലോബി. തിങ്കളാഴ്ച രാവിലെ 11ന് കേസ് പരിഗണിച്ചപ്പോൾ ,സർക്കാർ ഉത്തരവ് പാലിക്കാൻ സ്വയംഭരണ സ്ഥാപനമായ ദേവസ്വം ബോർഡിന് ബാദ്ധ്യതയില്ലെന്നാണ് ബോർഡ്
അഭിഭാഷകൻ പറഞ്ഞത്.
സ്കൂളുകളിലെ നിയമനങ്ങൾ കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന് വിടാത്തതിനാൽ സർക്കാരിന്റെ സംവരണ നയം ബാധകമല്ലെന്നും ബോർഡിന്റെ നാല് കോളേജുകളിലും 2018ലെ യു.ജി.സി ചട്ടം മാത്രമാണ് ബാധകമെന്നും ബോർഡ് അഭിഭാഷകൻ കോടതിയെ അറിയിക്കുകയും ചെയ്തു.
ദേവസ്വം മന്ത്രിയും ബോർഡ് ഭാരവാഹികളും പങ്കെടുത്ത യോഗത്തിലെ തീരുമാനമാണിതെന്ന് ചൂണ്ടിക്കാട്ടിയ ജസ്റ്റിസ് എ.എ.സിയാദ് റഹ്മാൻ, ബോർഡിന്റെ നിലപാട് സത്യവാങ്മൂലമായി സമർപ്പിക്കാൻ രണ്ടാഴ്ചത്തെ സമയം അനുവദിച്ചു. എന്നാൽ മേയ് 31ന് വിരമിക്കാനിരിക്കുന്ന ബോർഡ് സെക്രട്ടറി ജി.ബൈജു, അസാധാരണ വേഗതയിൽ വൈകിട്ട് നാലിന് സംവരണ വിരുദ്ധ സത്യവാങ്മൂലം സമർപ്പിക്കുകയായിരുന്നു. ജൂൺ പത്തിന് കേസ് വീണ്ടും പരിഗണിക്കും.
തിരുവിതാംകൂർ ദേവസ്വം ബോർഡിന് മാത്രമായി ഇതിൽ നിന്ന് ഒഴിയാനാവില്ലെന്ന് ദേവസ്വം മന്ത്രി കെ. രാധാകൃഷ്ണൻ ഇന്നലെ പ്രതികരിച്ചു. സർക്കാരിന്റെ പൂർണ്ണ ധനസഹായത്തോടെ പ്രവർത്തിക്കുന്നതിനാലാണ് ദേവസ്വം ബോർഡുകളുടെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിയമനങ്ങളിൽ എല്ലാ വിഭാഗക്കാർക്കും സംവരണം ഏർപ്പെടുത്താൻ ഇടതു സർക്കാർ തീരുമാനമെടുത്തത്. അതേസമയം, കൊച്ചിൻ ദേവസ്വം ബോർഡ് സംവരണ ഉത്തരവ് നടപ്പാക്കുന്ന കാര്യം മേയ് 22ന് ചേർന്ന ബോർഡ് യോഗത്തിൽ അംഗീകരിച്ചതായി പ്രസിഡന്റ്
ഡോ.എം.കെ.സുദർശനൻ അറിയിച്ചു.