gautam-gambhir

മുംബയ്: ടി20 ലോകകപ്പിന് ശേഷം രാഹുല്‍ ദ്രാവിഡ് സ്ഥാനമൊഴിയുന്ന സാഹചര്യത്തില്‍ ഗൗതം ഗംഭീര്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം പരിശീലകനായേക്കുമെന്ന് റിപ്പോര്‍ട്ട്. ഐപിഎല്‍ ഫൈനലില്‍ ഗംഭീര്‍ മുഖ്യ ഉപദേശകനായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് കിരീടം നേടിയിരുന്നു. ഫൈനല്‍ മത്സരം കാണാന്‍ എത്തിയ ബിസിസിഐ സെക്രട്ടറി ജയ് ഷായുമായി പരിശീലക സ്ഥാനം ഏറ്റെടുക്കുന്നത് സംബന്ധിച്ച് ഗംഭീര്‍ ഒരു മണിക്കൂര്‍ ചര്‍ച്ച നടത്തിയെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍.

രാഹുല്‍ ദ്രാവിഡിന് ശേഷം ഒരു വിദേശ പരിശീലകന്‍ എന്ന ആശയത്തിലേക്ക് ബിസിസിഐ പോകുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ പുറത്ത് വന്നിരുന്നു. മുന്‍ ഓസ്‌ട്രേലിയന്‍ താരങ്ങളായ ജസ്റ്റിന്‍ ലാംഗര്‍, റിക്കി പോണ്ടിംഗ്, കിവീസ് മുന്‍ നായകനും ചെന്നൈ സൂപ്പര്‍ കിംഗ്‌സ് പരിശീലകനായ സ്റ്റീഫന്‍ ഫ്‌ളെമിംഗ് എന്നിവരുടെ പേരുകള്‍ ഉയര്‍ന്ന് കേട്ടിരുന്നു. എന്നാല്‍ പരിശീലകന്‍ ഇന്ത്യക്കാരനായിരിക്കുമെന്നും ഇന്ത്യന്‍ ആഭ്യന്തര ക്രിക്കറ്റിനെ കുറിച്ച് ഉള്‍പ്പെടെ നന്നായി അറിയുന്ന ആളായിരിക്കുമെന്നും ഈ റിപ്പോര്‍ട്ടുകള്‍ തള്ളിക്കൊണ്ട് ജയ് ഷാ പറഞ്ഞിരുന്നു.

ഇന്ത്യന്‍ ടീമിന്റെ പരിശീലക സ്ഥാനം ഏറ്റെടുക്കാന്‍ ഗംഭീറിനും താല്‍പര്യമുണ്ട്. എന്നാല്‍ ഗംഭീര്‍ കൊല്‍ക്കത്തയുടെ മെന്റര്‍ സ്ഥാനം ഒഴിയരുതെന്ന് ടീം ഉടമ ഷാറൂഖ് ഖാന്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്. പത്തു വര്‍ഷത്തേക്കു ടീമില്‍ തുടരാമെന്ന ഓഫര്‍ നല്‍കിയ ഷാറുഖ്, അദ്ദേഹത്തിന് ബ്ലാങ്ക് ചെക്ക് ഒപ്പിട്ടുനല്‍കിയതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. 2027 ഏകദിന ലോകകപ്പ് വരെയാകും പുതിയ പരിശീലക സംഘത്തിന്റെ ചുമതല. കോഹ്ലി, രോഹിത് ശര്‍മ്മ എന്നിവരുടെ വിരമിക്കലിന് ശേഷം പുതിയ ടീമിനെ വാര്‍ത്തെടുക്കുകയെന്നതാണ് പുതിയ പരിശാലകന് മുന്നിലുള്ള വെല്ലുവിളി.

ഇന്ത്യന്‍ ടീമിനെ പരിശീലിപ്പിക്കാനില്ലെന്ന് ദേശീയ ക്രിക്കറ്റ് അക്കാദമി തലവന്‍ വി.വി.എസ്. ലക്ഷ്മണ്‍ നേരത്തേ അറിയിച്ചിരുന്നു. ഇതോടെയാണ് പരിശീലക സ്ഥാനത്തേക്കുള്ള ചര്‍ച്ചകള്‍ ഗൗതം ഗംഭീറില്‍ കേന്ദ്രീകരിച്ചത്. നിലവില്‍ ഡല്‍ഹിയില്‍ നിന്നുള്ള ലോക്‌സഭാ അംഗമാണെങ്കിലും ഇത്തവണ ഗംഭീര്‍ തിരഞ്ഞെടുപ്പില്‍ മത്സരിച്ചില്ല. ക്രിക്കറ്റുമായി ബന്ധപ്പെട്ട ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കേണ്ടതുണ്ടെന്നായിരുന്നു രാഷ്ട്രീയത്തില്‍ നിന്ന് പിന്‍മാറുമ്പോള്‍ ഗംഭീര്‍ ബിജെപി നേതൃത്വത്തോട് പറഞ്ഞത്.

പരിശീലക സ്ഥാനം ഉറപ്പ് നല്‍കിയാല്‍ മാത്രമേ ഗംഭീര്‍ സ്ഥാനത്തേക്ക് അപേക്ഷിക്കാന്‍ തയ്യാറാവുകയുള്ളൂവെന്നാണ് നേരത്തെ പുറത്ത് വന്ന റിപ്പോര്‍ട്ട്. മുന്‍ ഇന്ത്യന്‍ ഓപ്പണിംഗ് ബാറ്റര്‍ ഈ പോസ്റ്റിലേക്ക് ഒരു അപേക്ഷകനാകാന്‍ താല്‍പ്പര്യപ്പെടുന്നില്ല. ദ്രാവിഡിന്റെ പകരക്കാരനായി തിരഞ്ഞെടുക്കപ്പെടുമെന്ന് ഉറപ്പായാല്‍ മാത്രമേ പദവിക്കായി അപേക്ഷ സമര്‍പ്പിക്കൂവെന്ന് ഗംഭീര്‍ പറഞ്ഞിരുന്നുവെന്നാണ് സൂചന. പരിശീലകസ്ഥാനത്തേക്ക് അപേക്ഷ സമര്‍പ്പിക്കേണ്ട സമയം തിങ്കളാഴ്ച അവസാനിച്ചിരുന്നു. എന്നാല്‍ ആരൊക്കെയാണ് അപേക്ഷിച്ചതെന്ന വിവരം ബിസിസിഐ പുറത്ത് വിട്ടിട്ടില്ല.