election

കൊൽക്കത്ത: പശ്ചിമബംഗാളിലെ തൃണമൂൽ കോൺഗ്രസ് സർക്കാറും സദ്ഭരണവും തമ്മിൽ യാതൊരു ബന്ധവുമില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒ.ബി.സി വിഭാഗത്തിന്റെ അവകാശങ്ങൾ കവരുകയാണെന്നും പ്രീണനയങ്ങളും വോട്ട് ജിഹാദുമാണ് അവർ നടപ്പാക്കുന്നതെന്നും മോദി കുറ്റപ്പെടുത്തി. കൊൽക്കത്തിയിലെ തിരഞ്ഞെടുപ്പ് റാലിയിലാണ് തൃണമൂൽ കോൺഗ്രസിനെയും മമത ബാനർജിയെയും പ്രധാനമന്ത്രി രൂക്ഷമായി വിമർശിച്ചത്.

സംസ്ഥാനത്തെ ഒ.ബി.സി യുവാക്കളെ തൃണമൂൽ കോൺഗ്രസ് വഞ്ചിച്ചു. വോട്ടിനുവേണ്ടി അവർ പിന്നോക്ക വിഭാഗങ്ങളുടെ അവകാശങ്ങൾ മറ്റുചിലർക്ക് കവർന്നു നൽകി.

തൃണമൂലിന്റെ ചതിയും കാപട്യവും തുറന്നുകാട്ടുന്നവരെ അവർക്ക് ഇഷ്ടമല്ലെന്നത് സുവ്യക്തമാണ്. അവർ നിയമവ്യവസ്ഥയെയും ചോദ്യ ചെയ്യുന്നു. തൃണമൂലിനെ നയിക്കുന്നവർക്ക് നിയമവ്യവസ്ഥയിലും ഭരണഘടനയിലും വിശ്വാസമില്ലേയെന്ന് മോദി ചോദിച്ചു. ജഡ്ജിമാരെ ആക്രമിക്കാൻ തൃണമൂൽ ഗുണ്ടകളെ ഇറക്കിവിടുമോ. തൃണമൂൽ കോൺഗ്രസ് ജുഡീഷ്യറിയെ അടിച്ചമർത്തുന്നത് രാജ്യം മുഴുവൻ കണ്ടുകൊണ്ടിരിക്കുകയാണ്.

ഞാൻ കൈക്കൂലി വാങ്ങുകയോ മറ്റുള്ളവരെ കൈക്കൂലി വാങ്ങാൻ അനുവദിക്കുകയോ ചെയ്യില്ല.അങ്ങനെ ചെയ്യുന്നവരെ തിരുത്തും.

സത്യത്തെ അംഗീകരിക്കാൻ തൃണമൂലിന് കഴിയില്ല. അവരുടെ കുറ്റകൃത്യങ്ങളെ തുറന്നുകാട്ടുന്നവരെയെല്ലാം തൃണമൂൽ ലക്ഷ്യമിടും. ഹിന്ദുക്കളെ ഭാഗീരഥി നദിയിൽ മുക്കുമെന്ന് തൃണമൂൽ എം.എൽ.എയുടെ വാക്കുകൾ നിങ്ങൾ കേട്ടതാണ്. അതു തിരുത്താൻ സന്യാസിമാർ ആവശ്യപ്പെട്ടു. എന്നാൽ തൃണമൂൽ സന്യാസിമാരെയും അപമാനിക്കാൻ തുടങ്ങി. പ്രീണനരാഷ്ട്രീയത്തെ സംരിക്ഷാക്കാനാണിത്. ബംഗാളിനെ കൊള്ളയടിച്ചവർ ജനങ്ങൾക്ക് പണം തിരിച്ചുനൽകണം.

പ്രീണനയം കാരണമാണ് തൃണമൂൽ പൗരത്വ നിയമ ഭേദഗതിയെ എതിർക്കുന്നത്. എന്നാൽ നൂറുകണക്കിന് അഭയാർത്ഥികൾക്ക് പൗരത്വം കിട്ടുന്നത് രാജ്യം മുഴുവനും കണ്ടു. ആരിൽ നിന്നും ഒന്നും കവർന്നെടുക്കാൻ കഴിയില്ല. അവരും ഇന്ത്യയുടെ മക്കളാണെന്നും മോദി പറഞ്ഞു.