russia-india

ന്യൂഡല്‍ഹി/ മോസ്‌കോ: 2022ലെ യുക്രെയ്ന്‍ അധിനിവേശത്തിന്റെ പശ്ചാത്തലത്തില്‍ പടിഞ്ഞാറന്‍ രാജ്യങ്ങള്‍ എണ്ണ വാങ്ങുന്നത് അവസാനിപ്പിച്ച റഷ്യയില്‍ നിന്ന് എണ്ണ ഇറക്കുമതിക്ക് അംബാനി. റഷ്യയില്‍ നിന്ന് പ്രതിമാസം 30 ലക്ഷം ബാരല്‍ എണ്ണ ഇറക്കുമതി ചെയ്യാനുള്ള കരാറില്‍ റിലയന്‍സ് ഒപ്പിട്ടതായി അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്യുന്നു. നാല് കേന്ദ്രങ്ങളില്‍ നിന്നുള്ള വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട്.

റഷ്യയുടെ എണ്ണക്കമ്പനിയായ റോസ്നെഫ്റ്റുമായാണ് റിലയന്‍സ് ഒരുവര്‍ഷത്തേക്കുള്ള കരാറില്‍ ഒപ്പുവച്ചത്. റഷ്യന്‍ കറന്‍സിയായ റൂബിളിലാണ് ഇടപാട് നടത്തുകയെന്നും റോയിട്ടേഴ്സ് റിപ്പോര്‍ട്ടില്‍ പറയുന്നു. നിലവില്‍ അമേരിക്കയുടേയും യൂറോപ്യന്‍ യൂണിയന്റേയും ഉപരോധം നേരിടുന്ന പശ്ചാത്തലത്തിലാണ് റഷ്യന്‍ കറന്‍സി ഉപയോഗിച്ചുള്ള ഇടപാട്. 2024-25 സാമ്പത്തിക വര്‍ഷത്തിന്റെ തുടക്കം മുതല്‍ കരാര്‍ പ്രാബല്യത്തില്‍ വന്നു.

കരാര്‍ പ്രകാരം പത്ത് ലക്ഷം ബാരല്‍ വീതമുള്ള രണ്ട് കാര്‍ഗോകളാണ് റിലയന്‍സ് ഇറക്കുമതി ചെയ്യുക. ഇതിനൊപ്പം ഓരോ മാസവും നാല് കാര്‍ഗോ കൂടി അധികമായി വാങ്ങാനും കരാര്‍ അനുസരിച്ച് അവസരമുണ്ട്. പശ്ചിമേഷ്യന്‍ എണ്ണയേക്കാള്‍ ബാരലിന് മൂന്ന് ഡോളര്‍ കുറവ് വിലയ്ക്കാണ് റിലയന്‍സിന് റോസ്നെഫ്റ്റ് എണ്ണ നല്‍കുക. ഇതിന് പുറമെ സള്‍ഫര്‍ ഘടകം കുറഞ്ഞ എണ്ണ പ്രതിമാസം രണ്ട് കാര്‍ഗോ വീതവും റഷ്യയില്‍ നിന്ന് റിലയന്‍സ് വാങ്ങും.

എണ്ണ ഉത്പാദകരായ ഒപെക് രാജ്യങ്ങള്‍ ജൂണിന് ശേഷം എണ്ണവിതരണം വെട്ടിക്കുറയ്ക്കുമെന്ന അഭ്യൂഹത്തിന്റെ പശ്ചാത്തലത്തില്‍ കുറഞ്ഞ വിലയ്ക്ക് റഷ്യന്‍ എണ്ണ ദീര്‍ഘകാല കരാറിലൂടെ വാങ്ങുന്നത് റിലയന്‍സിന് സഹായകമാകും. ജൂണ്‍ രണ്ടിന് നടക്കുന്ന ഒപെക് രാജ്യങ്ങളുടേയും സഖ്യരാജ്യങ്ങളുടേയും യോഗത്തിന് ശേഷമാകും എണ്ണ ഉത്പാദനം നിയന്ത്രിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമുണ്ടാകുക. അതേസമയം, റിലയന്‍സുമായുള്ള ഇടപാട് സംബന്ധിച്ച് അവര്‍ ഒരു പ്രതികരണവും നടത്തിയില്ല. റിലയന്‍സും വാര്‍ത്തയോട് ഇതുവരെ പ്രതികരിച്ചിട്ടില്ല.