തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളിലും കനത്ത മഴയെന്ന് കാലാവസ്ഥാ കേന്ദ്രത്തിന്റെ പ്രവചനം. കോട്ടയം എറണാകുളം ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടുണ്ട്. വയനാട്, കണ്ണൂര്‍, കാസര്‍കോട് ഒഴികെയുള്ള ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
സംസ്ഥാനത്ത് കനത്ത മഴയില്‍ ഇതുവരെ അഞ്ച് മരണങ്ങളും വ്യാപക നാശനഷ്ടങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കോട്ടയം വൈക്കത്ത് വേമ്പനാട്ട് കായലില്‍ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. ഇന്ന് വൈകുന്നേരം അഞ്ച് മണിക്കുണ്ടായ അപകടത്തില്‍ ചെമ്പ് സ്വദേശി സദാനന്ദന്‍ (58) ആണ് മരിച്ചത്. ശക്തമായ കാറ്റില്‍ വള്ളം മറിഞ്ഞാണ് അപകടം.മൃതദേഹം വൈക്കം താലുക്ക് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.
ശക്തമായ മഴയിലും കാറ്റിലും വീട്ട് മുറ്റത്ത് നിന്ന തെങ്ങ് വീണ് യുവാവ് മരിച്ചു. ആലപ്പുഴ ചിറയില്‍ കുളങ്ങര ധര്‍മ്മപാലന്റെ മകന്‍ അരവിന്ദ് ആണ് മരിച്ചത്. തിരുവനന്തപുരം മുതലപ്പൊഴിയില്‍ വള്ളം മറിഞ്ഞ് ഒരാള്‍ മരിച്ചു. അഞ്ചുതെങ്ങ് സ്വദേശി എബ്രഹാം ആണ് മരിച്ചത്. എറണാകുളം വേങ്ങൂരില്‍ കുളിക്കാന്‍ ഇറങ്ങിയ പത്താം ക്ലാസ് വിദ്യാര്‍ത്ഥി തോട്ടില്‍ മുങ്ങി മരിച്ചു. ഐക്കരക്കുടി ഷൈബിന്റെ മകന്‍ എല്‍ദോസ് ആണ് മരിച്ചത്. കാഞ്ഞങ്ങാട് കൂട്ടുകാര്‍ക്കൊപ്പം പുഴയില്‍ കുളിക്കാനിറങ്ങിയ 16 കാരന്‍ മുങ്ങിമരിച്ചു. അരയി വട്ടത്തോടിലെ അബ്ദുള്ള കുഞ്ഞിയുടെ മകന്‍ സിനാന്‍ ആണ് മരിച്ചത്.
ശക്തമായ മഴയെത്തുടര്‍ന്ന് റെഡ് അലര്‍ട്ട് നിലനില്‍ക്കുന്ന കോട്ടയത്ത് വിനോദ സഞ്ചാരത്തിന് വിലക്കേര്‍പ്പെടുത്തി. കോട്ടയത്തിന്റെ മലയോര മേഖലയിലുള്ള പ്രദേശത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങളിലാണ് പ്രവേശന വിലക്കേര്‍പ്പെടുത്തിയത്. ഈരാറ്റുപേട്ട- വാഗമണ്‍ റോഡിലെ രാത്രികാല യാത്രയും നിരോധിച്ചു. കോട്ടയത്തിനുപുറമെ ഇടുക്കിയിലെ മലയോര മേഖലകളിലും രാത്രി യാത്രയ്ക്ക് നിരോധനം ഏര്‍പ്പെടുത്തിയിരിക്കുകയാണ്. രാത്രി ഏഴ് മണിമുതല്‍ രാവിലെ ആറുമണിവരെയാണ് യാത്രാ നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇടുക്കിയില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് മഴ കനത്തതോടെ വിവിധയിടങ്ങളിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയിലായി. ആലപ്പുഴ ജില്ലയിലെ ചേര്‍ത്തലയില്‍ തോരാതെ പെയ്ത മഴയില്‍ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തില്‍ മുങ്ങുകയായിരുന്നു. തീരദേശ പ്രദേശങ്ങളിലാണ് കൂടുതല്‍ ദുരിതം നേരിട്ടത്. വീടുകളില്‍ വെള്ളം കയറിയതോടെ പലയിടത്തും ദുരിതാശ്വാസ ക്യാമ്പ് പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.
കോട്ടയം ഇടമറുകില്‍ ഉരുള്‍പൊട്ടി ഏഴ് വീടുകള്‍ തകര്‍ന്നു. കൊച്ചിയില്‍ മേഘ വിസ്‌ഫോടനമെന്ന് സംശയമുയര്‍ന്നിട്ടുണ്ട്. കളമശ്ശേരിയില്‍ നിരവധി വീടുകളില്‍ വെള്ളം കയറി. നഗരപ്രദേശങ്ങളും ഇന്‍ഫോപാര്‍ക്കും മുങ്ങി. വീടുകളില്‍ വെള്ളം കയറിയതിനെതുടര്‍ന്ന് വ്യാപക നാശനഷ്ടമുണ്ടായത്. വെള്ളം കയറി ദേശീയ പാതയിലടക്കം ഗതാഗത തടസ്സമുണ്ടായി. കൊച്ചിയില്‍ ഒന്നരമണിക്കൂറില്‍ 98 മി.മീ മഴയാണ് പെയ്തത്. മേഘ വിസ്‌ഫോടനമാകാമെന്നാണ് കുസാറ്റിലെ ശാസ്ത്രജ്ഞരുടെയ വിലയിരുത്തല്‍.