twilight

ഓരോ ദിവസവും രണ്ട് തരം സന്ധ്യാ സമയങ്ങളാണ് ഉള്ളത്. വൈകുന്നേരങ്ങളിലെ പ്രദോഷ സന്ധ്യയും പ്രഭാതത്തിലെത് പ്രഭാത സന്ധ്യ എന്നും പറയപ്പെടുന്നു. സൂര്യൻ ചക്രവാളത്തിന് താഴേക്ക് പോകുകയോ വരികയോ ചെയ്യുന്ന സമയം സൂര്യനില്ലെങ്കിലും പ്രകാശം മനോഹരമായി കാണപ്പെടുന്ന സമയമാണിത്. പൊതുവിൽ ഈ അന്തരീക്ഷം നമുക്ക് സന്തോഷം തരാറുണ്ട്. വൈകുന്നേരങ്ങളിൽ മിക്ക വീടുകളിലും ഈ സമയം പ്രാ‌ർത്ഥനയ്‌ക്കായി നീക്കിവയ്‌ക്കുന്നു. വീടിന്റെ ഉമ്മറത്തോ പൂജാ മുറിയിലോ വിളക്കുകത്തിച്ച് പ്രാ‌ർത്ഥിക്കുകയാണ് പതിവ്.

സന്ധ്യാ സമയം വിശ്വാസപ്രകാരം ലക്ഷ്‌മീ ദേവിയുടെ വരവിന്റെ സമയമാണ്. ഈ സമയം ചില കാര്യങ്ങൾ ചെയ്യണം എന്ന് പറയാറുള്ളതുപോലെ ചിലവ ചെയ്യരുതെന്നും പറയപ്പെടുന്നു.ആദ്യമായി ഈ സമയം പഠിക്കാനായി തിരഞ്ഞെടുക്കരുത് എന്ന് പറയാറുണ്ട്. ദേവിയുടെ പ്രസാദം നഷ്‌ടമാകാൻ ഇടവരുത്തരുത് എന്നതിനാലാണിത്.

ത്രിസന്ധ്യ നേരത്ത് പടിയിലിരിക്കരുത് എന്നും പറയാറുണ്ട്. മുൻപ് പറഞ്ഞപോലെ ലക്ഷ്‌മീ ദേവിയുടെ വരവിന്റെ നേരമാകയാൽ പടിയിലിരുന്ന് ദേവിയുടെ വരവിനെ തടസപ്പെടുത്തരുത്. പാലും തൈരുമടക്കം സാധനങ്ങൾ ഈ സമയം ദാനം ചെയ്യുന്നതും ദോഷമാണെന്നാണ് ആചാര്യമതം.

എത്ര ചപ്പുചവർ ഉണ്ടെങ്കിലും സന്ധ്യാ സമയം തൂക്കരുത്. സന്ധ്യയ്‌ക്ക് മാത്രമല്ല രാത്രിയിലും തൂക്കരുത്. സന്ധ്യയ്‌ക്ക് മുൻപ് വീട് തൂത്ത് വൃത്തിയാക്കിയിരിക്കണം. ശ്രീദേവി വരുന്ന സമയത്ത് തൂക്കുന്നത് വിശ്വാസമനുസരിച്ച് ശരിയല്ല.

സന്ധ്യാ സമയത്ത് ഉറക്കവും വിശ്വാസപ്രകാരം തെറ്റാണ്. ഇങ്ങനെ ഉറങ്ങുന്നത് രോഗം വരുത്തിവയ്‌ക്കുമെന്ന് പറയാറുണ്ട്. ശുദ്ധമായ മനസും ശരീരവുമായി ഈ സമയം ഈശ്വരഭജനം ചെയ്യണമെന്നാണ് ആചാര്യന്മാർ നിഷ്‌കർഷിക്കുന്നത്. അത്തരത്തിൽ ചെയ്യുന്നത് നമ്മുടെ ആത്മചൈതന്യത്തെ വർദ്ധിപ്പിക്കും.