elephant

മറയൂർ: കാലിൽ കയറ് കുരുങ്ങി പരിക്കേറ്റ പിടിയാനയ്ക്ക് ചികൽസ നൽകി. കാന്തല്ലൂർ വെട്ടുക്കാട്ടിലെ സ്വകാര്യഭൂമിയിൽ ദിവസങ്ങളോളം കണ്ടിരുന്ന കാട്ടാനക്കൂട്ടത്തിൽ ഇരുപത് വയസുള്ള പിടിയാന കാലിൽ കയറ് കുരുങ്ങിയ നിലയിൽ ഗുരുതര പരിക്കോടെ കഴിഞ്ഞിരുന്നത്. കഴിഞ്ഞ ദിവസം ശ്രദ്ധയിൽപ്പെട്ടതോടെയാണ് ചികിത്സ നൽകാൻ വനം വകുപ്പ് ഉദ്യോഗസ്ഥർ നിരീക്ഷിക്കുകയും ഇന്നലെ രാവിലെ പെരടി പള്ളം സ്വകാര്യഭൂമിയിൽ വച്ച് മയക്ക് വെടിവെച്ച് ചികിത്സ നൽകിയത്.

തമിഴ്നാട്ടിൽ നിന്നും ചിന്നാർ വന്യജീവി സങ്കേതരത്തിൽ നിന്നും കൂട്ടംകൂട്ടമായി ഇരുപതിലധികം കാട്ടാനകളാണ് മറയൂർ കാന്തല്ലൂർ മേഖലയിൽ എത്തിയിരിക്കുന്നത് കഴിഞ്ഞ ഒരു മാസമായി കൃഷിയിടങ്ങളിലും മരങ്ങൾക്കിടയിലും വിവിധ ഗ്രൂപ്പുകളായി തിരിഞ്ഞ് തമ്പടിച്ചിരിക്കുന്നത്. ഗ്രാമങ്ങളിലും കയറിയിറങ്ങുന്നു. കഴിഞ്ഞ ദിവസങ്ങളിൽ കാന്തല്ലൂർ മേഖലയിൽ കാട്ടാനയുടെ ആക്രമണത്തിൽ നിന്നും രണ്ടുപേരാണ് തലനാരിഴക്ക് രക്ഷപ്പെട്ടത്. ഇതിനിടയിൽ വെട്ടുകാട് ഭാഗത്ത് തമ്പടിച്ചിരുന്ന 4 കാട്ടാന കൂട്ടത്തിലെ ഒരു ആനയ്ക്ക് മുൻ കാലിന് പരിക്ക് കണ്ടെത്തിയത്.

കാലിൽ കയർകുരുങ്ങി ഗുരുതരമായ പരിക്കുകളോടെ കണ്ടതിനെ തുടർന്ന് കോട്ടയം സർക്കിൾ സി.സി.എഫ് അരുണിന്റെ നേതൃത്വത്തിൽ തേക്കടി വൈൽഡ് ലൈഫ് വെറ്റിനറി ഡോ. അനുരാജ്, വയനാട്ടിലെ വൈൽഡ് ലൈഫ് സർജൻ അജേഷ് മോഹൻദാസ് എന്നിവർ ഉൾപ്പെടുന്ന മെഡിക്കൽ സംഘവും ദൗത്യം ഏറ്റെടുത്ത് മയക്ക് വെടിവെച്ച് മണിക്കൂർക്കുള്ളിൽ ചികിത്സ നൽകി.


മറയൂർ കാന്തലൂർ മൂന്നാർ മേഖലയിലെ റേഞ്ച് ഓഫീസർമാർ ഉൾപ്പെടെയുള്ള വനപാലകസംഘം ,താൽക്കാലിക ജീവനക്കാർ എന്നിങ്ങനെ 50ലധികം പേരും കൂടാതെ സുരക്ഷയ്ക്കായി പൊലീസ് സംഘം, ആംബുലൻസ് സർവീസ് എന്നിവയും ഏർപ്പെടുത്തിയിരുന്നു രാവിലെ ആറുമണിക്ക് തുടങ്ങിയ ദൗത്യം 11 മണിയോടെ പൂർത്തീകരിച്ചു.ഉച്ചയ്ക്ക് രണ്ടു മണിയോടെ ഉഷാറായി വനത്തിനുള്ളിൽ നടക്കാൻ തുടങ്ങി.